സിഡ്നി: ഇന്ത്യയില്‍നിന്നെത്തുന്ന സ്വന്തം പൗരന്മാക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഓസ്ട്രേലിയ. ഇന്ത്യയില്‍ കൊവിഡ് അതി രൂക്ഷമായി വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. നിയമം ലംഘിച്ച് രാജ്യത്തേക്ക് വരാന്‍ ശ്രമിക്കുന്നവര്‍ക്ക് അഞ്ചുവര്‍ഷം തടവും പിഴയും നേരിടേണ്ടി വരും. തിങ്കളാഴ്ച മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും.
ആദ്യമായാണ് സ്വന്തം പൗരന്മാര് രാജ്യത്തേക്ക് മടങ്ങിവരുന്നത് ക്രിമിനല്‍ കുറ്റമാക്കിയുള്ള നിയമ നടപടികളിലേക്ക് ഓസ്ട്രേലിയ കടക്കുന്നത്. മെയ് മൂന്നിന് മുമ്പ് 14 ദിവസം ഇന്ത്യയില്‍ താമസിച്ചവര്‍ക്കാണ് വിലക്ക്. 51000 ഡോളര്‍ വരെയാണ് പിഴ.
ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വ്വീസുകള്‍ രാജ്യത്ത് കൊവിഡ് രണ്ടാംതരംഗം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഓസ്ട്രേലിയ നിര്‍ത്തലാക്കിയിരുന്നു. തുടര്‍ന്ന് പലരും മറ്റ് ഇന്ത്യയില്‍നിന്ന് മറ്റ് രാജ്യങ്ങളിലെത്തി പിന്നീട് ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യാന്‍ തുടങ്ങിയതോടെയാണ് രാജ്യം വിലക്കേര്‍പ്പെടുത്തിയത്. ക്വാറന്റീനില്‍ കഴിയുന്നത് ഒഴിവാക്കി മറ്റ് രാജ്യങ്ങള്‍ വഴി ഓസ്ട്രേലിയയിലേക്ക് വരുന്നവരെയാണ് പുതിയ നടപടി ക്രമങ്ങള്‍ ബാധിക്കുക.
‘ഓസ്ട്രേലിയക്കാരുടെ ആരോഗ്യവും സംരക്ഷണവും ഉറപ്പാക്കാനും ക്വാറന്റീന് സംവിധാനങ്ങള്‍ ഫലപ്രദമാക്കാനും വേണ്ടയാണ് ഈ തീരുമാനം. ഈ തീരുമാനത്തില്‍ വളരെ എളുപ്പത്തില്‍ എത്തിച്ചേര്‍ന്നതല്ല. അക്കാര്യം ജനം മനസിലാക്കണം’, ഓസ്ട്രേലിയന്‍ ആരോഗ്യമന്ത്രി ഗെഗ് ഹണ്ട് പറയുന്നതിങ്ങനെ.
കൊവിഡ് വ്യാപനം മറികടക്കാനാണ് തീരുമാനമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ തീരുമാനത്തിനെതിരെ ഓസ്ട്രേലിയയില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
ഓസ്ട്രേലിയയുടേത് പരിതികള് ലംഘിക്കുന്ന തീരുമാനമാണെന്നാണ് നടപടിയെ വിമര്‍ശിച്ചെത്തിയ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് വിലയിരുത്തുന്നത്. ‘പൗരന്റെ മൗലികാവകാശങ്ങളില്‍ നിക്ഷിപ്തമാണ് സ്വന്തം രാജ്യത്ത് മടങ്ങിയെത്തുക എന്നത്. കൊവിഡിനെ നേരിടാനാണ് തീരുമാനമെങ്കില്‍ നിലവിലുള്ള ക്വാറന്റീന് സംവിധാനം ശക്തിപ്പെടുത്തുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്’, ഹ്യൂമന്‍ റൈറ്റ്സ് വാച്ച് കുറ്റപ്പെടുത്തി. ഭരണകൂടത്തിന്റെ തീരുമാനത്തില്‍ വംശീയത നിറഞ്ഞുനില്ക്കുകയാണെന്ന് ആരോപിച്ച് ഇന്ത്യാ-ഓസ്ട്രേലിയാ വംശജരും രംഗത്തെത്തിയിട്ടുണ്ട്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏകദേശം 9000 ഓളം ഓസ്ട്രേലിയക്കാന് ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ കുറച്ചുപേര്‍ സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ് നിലവില്‍ കഴിയുന്നതെന്നാണ് വിവരം.