പാലക്കാട്: കോണ്‍ഗ്രസുമായി സമവായ നീക്കങ്ങള്‍ക്ക് തയ്യാറാണെന്ന സൂചനയുമായി തിങ്കളാഴ്ച പാര്‍ട്ടി വിട്ട എ.വി ഗോപിനാഥ്. കോണ്‍ഗ്രസിനായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നുമാണ് നിലപാട് മയപ്പെടുത്തി ഗോപിനാഥ് ഏറ്റവുമൊടുവില്‍ അറിയിച്ചിരിക്കുന്നത്. വിവിധ മാധ്യമങ്ങള്‍ക്ക് നല്കിയ പ്രതികരണങ്ങളിലായാണ് ഗോപിനാഥ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
തുടര്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ നിഷേധിക്കുന്നില്ലെന്നും കോണ്‍ഗ്രസിനെതിരായ പ്രചാരണത്തിന് താനില്ലെന്നും ഗോപിനാഥ് പറഞ്ഞതായാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നെഹ്റു കുടുംബം രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തെത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. എന്തിനാണ് പാര്‍ട്ടി വിട്ടതെന്ന് കരുണാകരന്റെ ആത്മാവ് ചോദിച്ചാല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും അദ്ദേഹം പ്രതികരിച്ചു.
സമാന പ്രതികരണമാണ് എ.വി ഗോപിനാഥ് മീഡിയാ വണ്‍ ചാനലിന് നല്കിയ അഭിമുഖത്തിലും വ്യക്തമാക്കിയിരിക്കുന്നത്. കെ സുധാകരന് താന്‍ മനസില്‍ പ്രതിഷ്ഠിച്ച നേതാവാണെന്നും അദ്ദേഹം ക്ഷണിച്ചാല്‍ എവിടെയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഗോപിനാഥ് പറയുന്നു.
ഗോപിനാഥുമായുള്ള ആത്മബന്ധം വലുതാണെന്ന് സുധാകരനും കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമാക്കിയിരുന്നു. തന്നെ അങ്ങനെ കയ്യൊഴിയാന്‍ ഗോപിനാഥിന് കഴിയില്ലെന്നും പാലക്കാട്ടെ പ്രത്യേക സാഹചര്യത്തിലാണ് രാജി പ്രഖ്യാപനത്തിലേക്ക് ഗോപിനാഥ് കടന്നതെന്നുമായിരുന്നു സുധാകരന്റെ വിശദീകരണം. ചര്‍ച്ച നടത്തുമെന്ന സൂചനയും കെ.പി.സി.സി അധ്യക്ഷന്‍ മുന്നോട്ടുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗോപിനാഥും സ്വരം മയപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.
തിങ്കളാഴ്ച രാത്രിയോടെ ഉമ്മന്‍ ചാണ്ടി പാലക്കാട് നേരിട്ടെത്തി ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ വിശദ വിവരങ്ങള്‍ ലഭ്യമല്ല.
അതേസമയം, ഗോപിനാഥിനെ ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറാണെന്ന പരസ്യ നിലപാടാണ് സിപിഐഎം സ്വീകരിച്ചിരിക്കുന്നത്. ഗോപിനാഥിന്റെ രാജി തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പാലക്കാട് സിപിഐഎം ജില്ലാ കമ്മിറ്റി തിങ്കളാഴ്ച തന്നെ പത്രക്കുറിപ്പിറക്കി അറിയിച്ചു. കോണ്‍ഗ്രസിനെ പഴിച്ചും ഗോപിനാഥിനെ പ്രകീര്‍ത്തിച്ചുമായിരുന്നു പത്രക്കുറിപ്പ്. ഗോപിനാഥിനെ വിമര്‍ശിക്കാതെ, രാജി ഒരു തുടക്കം മാത്രമാണെന്ന പ്രതികരണമാണ് മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ എ.കെ ബാലനും നടത്തിയത്.
നിയമസഭ സീറ്റ് ലഭിക്കാതിരുന്ന ഗോപിനാഥിന് ഡി.സി.സി അധ്യക്ഷ സ്ഥാനം നല്‍കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ അതിലിടം കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഗോപിനാഥിന്റെ പടിയിറക്കം.