‘അവന്‍ അരങ്ങേറിയാല്‍ എല്ലാ മൈതാനവും അവന്റേതാകും’; പതിറ്റാണ്ടിനിപ്പുറം ഗാലറിയില്‍ ബാബര്‍ അസമിന്റെ പിതാവിന്റെ ആനന്ദക്കണ്ണീര്‍

ലോകകപ്പ് വേദിയില്‍ ആദ്യമായി ഇന്ത്യയോട് ജയിച്ചതിന്റെ സന്തോഷത്തിലാണ് പാക് ക്രിക്കറ്റ് ടീമും ആരാധകരും. ക്യാപ്റ്റന്‍ ബാബര്‍ അസമും മൊഹമ്മദ് റിസ്വാനും പുറത്താകാതെ പാകിസ്താനെ അനായാസ ജയത്തിലേക്കെത്തിച്ചു. റിസ്വാന്‍ 55 പന്തുകളില്‍ നിന്ന് 79 റണ്‍സും ബാബര്‍ 52 പന്തില്‍ നിന്ന് 68 റണ്‍സും അടിച്ചെടുത്തു. ഇന്ത്യയുടെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി 151 റണ്‍സിലൊതുക്കിയ ശേഷമായിരുന്നു ബാബറിന്റേയും സംഘത്തിന്റേയും മറുപടി ബാറ്റിങ്ങ്. പത്ത് വിക്കറ്റ് ജയം ചരിത്രമായതോടെ 27കാരനായ ബാബറിന്റെ ക്യാപ്റ്റന്‍സിയും ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്. ഇതിനിടെ തന്റെ മകന്റെ പ്രകടനവും ടീമിന്റെ വിജയവും കണ്ട് ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഗാലറിയിരുന്ന് കരയുന്ന ബാബര്‍ അസമിന്റെ പിതാവ് അസം സിദ്ദിഖിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലെത്തി.

പാകിസ്താനി മാധ്യമപ്രവര്‍ത്തകന്‍ മഷര്‍ അസദാണ് സന്തോഷം കൊണ്ട് കരച്ചിലൊതുക്കാന്‍ പാടുപെടുന്ന അസം സിദ്ദിഖിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്. ഗാലറിയിലെ പാക് ആരാധകര്‍ അസമിനെ ആലിംഗനം ചെയ്യുന്നതും ഉമ്മ കൊടുക്കുന്നതും ഒപ്പം നിന്ന് സെല്‍ഫിയെടുക്കുന്നതുമാണ് ദൃശ്യങ്ങളില്‍. എല്ലാം ദൈവത്തിന്റെ കാരുണ്യമെന്ന് അര്‍ത്ഥമാക്കി അസം മുകളിലേക്ക് വിരല്‍ ചൂണ്ടുന്നുമുണ്ട്. ചരിത്ര നിമിഷത്തില്‍ വികാരമടക്കാന്‍ പാടുപെടുന്ന അസമിന്റെ വീഡിയോക്ക് ഒപ്പം ഒമ്പത് വര്‍ഷം മുന്‍പ് മകന്റെ പ്രതിഭയേക്കുറിച്ച് അദ്ദേഹം പ്രകടിപ്പിച്ച ആത്മവിശ്വാസത്തേക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ഓര്‍ത്തെടുത്തു.

അദ്‌നാന്‍ അക്മലിന്റെ വിവാഹ സല്‍ക്കാരത്തിനിടെയാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത്, ബാബര്‍ അസം പാക് ടീമില്‍ അരങ്ങേറുന്നതിന് മൂന്ന് വര്‍ഷം മുന്‍പ്. ബാബര്‍ അസമിന്റെ പിതാവ് അന്ന് പറഞ്ഞത് ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നുണ്ട്. ‘അരങ്ങേറ്റം കഴിഞ്ഞാല്‍, എല്ലാ മൈതാനവും അവന്റേതാകും.’

മാഷര്‍ അര്‍ഷദ്

ബാബര്‍ അച്ചടക്കത്തോടെ നടത്തിയ ബോളിങ് ചെയ്ഞ്ചുകള്‍ കളിയുടെ ഗതി നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമായി. പേസര്‍ ഷഹീന്‍ അഫ്രീദി ഇന്ത്യയുടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയേയും കെ. എല്‍ രാഹുലിനേയും പവലിയനിലേക്ക് അയച്ചതോടെ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 31 എന്ന അവസ്ഥയിലായി. തുടര്‍ന്ന് കോഹ്ലിയുടെ അര്‍ധസെഞ്ചുറിയുടെ ബലത്തിലാണ് ടീം ഇന്ത്യ 151ലെത്തിയത്.

ബാബര്‍ അസം, അസം സിദ്ദിഖ്

ഇന്ത്യക്കെതിരായ വിജയത്തില്‍ അമിതാവേശം വേണ്ടെന്ന് കളിക്ക് ശേഷം ബാബര്‍ അസം ടീമംഗങ്ങളോട് പറഞ്ഞു. നമുക്ക് ആശ്വസിക്കാന്‍ സമയമില്ല. ബോളിങ്ങിലാകട്ടെ, ബാറ്റിങ്ങിലാകട്ടെ, ഫീല്‍ഡിങ്ങിലാകട്ടെ നമ്മുടെ നൂറ് ശതമാനം പുറത്തെടുക്കേണ്ടതുണ്ട്. ഒരു ടീമെന്ന നിലയില്‍ നമ്മള്‍ ജയിച്ചു. നമ്മുടെ കുടുംബത്തോടൊപ്പം ഈ വിജയം നമ്മള്‍ ആഘോഷിക്കും. പക്ഷെ, നമ്മള്‍ അമിതമായ ആവേശത്തില്‍ പെടരുത്. എല്ലാവരോടുമുള്ള എന്റെ അഭ്യര്‍ത്ഥനയാണ്. ശ്രദ്ധ നഷ്ടമാകുന്നത് താങ്ങാനാകില്ലെന്നും ബാബര്‍ കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച്ച കെയ്ന്‍ വില്ല്യംസണ്‍ നയിക്കുന്ന ന്യൂസിലന്‍ഡിനെതിരെയാണ് പാകിസ്താന്റെ അടുത്ത മത്സരം.