ഈ വെഞ്ചരിപ്പ് അശ്ലീലം, അപകടകരമായ മതബദ്ധത

സംസ്ഥാന മന്ത്രിസഭാംഗം റോഷി അഗസ്റ്റിന്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനം ക്രിസ്ത്യന്‍ പാതിരിയെക്കൊണ്ട് വെഞ്ചെരിപ്പിച്ചു. ടിയാന്‍ കേരള കോണ്‍ഗ്രസുകാരനും ക്രിസ്തുമതവിശ്വാസിയും ആയതിനാല്‍ അതില്‍ എതിര്‍പ്പുണ്ടാകേണ്ട കാര്യമില്ല എന്നാണ് ഒരു വാദം. കേരളീയരുടെ നികുതിപ്പണമാണ് മന്ത്രിയുടെ വണ്ടിയും ചെലവുകളും വഹിക്കുന്നത്, അല്ലാതെ പള്ളി വകയല്ല എന്ന് മന്ത്രി ഓര്‍ക്കണം.

റോഷി അഗസ്റ്റിന്‍ സ്വന്തം വണ്ടി വാങ്ങുമ്പോള്‍ വെഞ്ചെരിക്കുകയോ കൂടോത്രം നടത്തുകയോ ഏകദൈവ വിശ്വാസികളും ക്രിസ്ത്യാനികളുമായവരെ മാത്രം വണ്ടിയില്‍ കയറ്റുകയോ ഒക്കെയാകാം. പക്ഷെ കേരള സംസ്ഥാനത്തെ മന്ത്രിയായി അയാള്‍ ചുമതലയേല്‍ക്കുമ്പോള്‍ അതില്‍ ഇത്തരം പരിപാടികള്‍ നടത്തരുത്. കേരളത്തിലെ മറ്റ് വിഭാഗങ്ങളിലെ മതവിശ്വാസികളേയും വിശ്വാസമില്ലാത്തവരെയുമൊക്കെ അപമാനിക്കലാണ് ഈ പരിപാടി. എന്താണ് വെഞ്ചെരിപ്പ്? സ്ഥലങ്ങളോ വസ്തുക്കളോ ഒക്കെ ക്രിസ്തീയ വിശ്വാസമനുസരിച്ച് വിശുദ്ധീകരിക്കുന്നതിനായി സഭയുടെ അധികാരത്തോട് കൂടി സഭയുടെ പുരോഹിതന്മാര്‍ നടത്തുന്ന ഒരു കൂദാശാനുകരണമാണ് വെഞ്ചെരിപ്പ് എന്ന് സാമാന്യമായി പറയാം. അതായത് എന്റെയും നിങ്ങളുടെയും ഒക്കെ നികുതിപ്പണം കൊണ്ട് വാങ്ങിയ വണ്ടിയില്‍ നിന്നും മറ്റു ബഹുദൈവവിശ്വാസികളടക്കമുള്ളവരുടെ ദൈവങ്ങളെയും സാത്താന്മാരെയും ഒക്കെ ഒഴിവാക്കി ക്രിസ്ത്യന്‍ സഭ കേരള സര്‍ക്കാരിന്റെ വണ്ടിയെ വിശുദ്ധീകരിക്കുകയാണ്. ഇതേ ന്യായം നോക്കിയാല്‍ ഇത്തരത്തില്‍ വെഞ്ചെരിച്ച ഒരു വണ്ടി ഓടിക്കാന്‍ താന്‍ തയ്യാറാകില്ലെന്ന് ഹിന്ദു/മുസ്ലിം വിശ്വാസികളായ സര്‍ക്കാര്‍ ഡ്രൈവര്‍മാര്‍ക്ക് നിലപാടെടുക്കാം.

ഇതൊക്കെ ഒരു സ്വാഭാവികതയായി കേരളീയ സമൂഹത്തിനു തോന്നുന്ന തരത്തില്‍ ഇത് മാറിയിരിക്കുന്നു എന്നതുകൂടിയാണ് അപകടം. ഒരു ആധുനിക മതേതര ജനാധിപത്യ സമൂഹം എന്ന നിലയിലേക്കുള്ള കേരളത്തിന്റെ വളര്‍ച്ചയെ തടഞ്ഞുനിര്‍ത്തുന്ന ഏറ്റവും അപകടകരമായ സ്ഥാപനവത്കൃത ബോധമാണ് മതബദ്ധത. ഒരു മതേതര സമൂഹം എന്നത് പൗരന്മാര്‍ക്ക് തങ്ങളുടെ മതവിശ്വാസങ്ങള്‍ വ്യക്തിപരമായും സംഘമായും തുടരാന്‍ സ്വാതന്ത്ര്യം നല്‍കുന്നതോടൊപ്പം ഭരണകൂടത്തെയും പൊതുസംവിധാനങ്ങളേയും മതവിശ്വാസങ്ങളില്‍ നിന്നും മത പ്രതീകങ്ങളില്‍ നിന്നും മുക്തമാക്കി നിര്‍ത്തുക കൂടി ചെയ്യുന്നു. ഈ നിലപാടിന്റെ ലംഘനമാണ് റോഷി അഗസ്റ്റിന്‍ എന്ന മന്ത്രിയുടെ വെഞ്ചെരിപ്പശ്ലീലം.

യുഎസില്‍ സര്‍ക്കാര്‍ ഉടമസ്ഥതയുള്ള പൊതുവിടങ്ങളില്‍ മതപ്രതീകങ്ങള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച തര്‍ക്കങ്ങളില്‍ സുപ്രീം കോടതി പൊതുവില്‍ എടുക്കുന്ന നിലപാട് അത് ഒഴിവാക്കണമെന്നാണ്. യൂറോപ്പിനെപ്പോലെ Scularism സംബന്ധിച്ച് അത്ര പുരോഗമനപരമായ കാഴ്ചപ്പാട് യു എസ് സമൂഹംഎടുത്തിട്ടില്ല എന്നതുകൂടിയുണ്ട്. Lynch v. Donnelly (1983) കേസില്‍ ജസ്റ്റിസ് Sandra Day O’Connor ഇത് സംബന്ധിച്ച് രണ്ടു പരിശോധനകള്‍ പറയുന്നു; (1) State actor വ്യക്തിനിഷ്ഠമായി ഒരു മതത്തെ പ്രചരിപ്പിക്കാനോ ഉയര്‍ത്തിക്കാട്ടാനോ ശ്രമിക്കുന്നുണ്ടോ, (2) സാമാന്യമായി ഈ പ്രവര്‍ത്തി കാണുന്ന ഒരാള്‍ക്ക് ഇത് ഒരു മതവിശ്വാസത്തെ അംഗീകരിക്കുന്നതായി തോന്നുമോ. വെഞ്ചെരിപ്പിലൂടെ ക്രിസ്ത്യന്‍ മതവിശ്വാസത്തിന്റെ സാധൂകരണമല്ലാതെ മറ്റെന്താണ് നടക്കുന്നത്?

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത് സംബന്ധിച്ച് കുറേക്കൂടി പുരോഗമനപരമായ നിലപാടാണ് ഉണ്ടായിട്ടുള്ളത്. പ്രത്യേകിച്ചും ക്രിസ്ത്യന്‍ സഭയുടെ ആധിപത്യമുള്ള ഇരുണ്ട യുഗത്തില്‍ നിന്നും ജ്ഞാനോദയ കാലത്തിലേക്ക് കടന്ന യൂറോപ്പ് വളരെ കര്‍ക്കശമായിത്തന്നെ മതേതര മൂല്യങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്.

ഇന്ത്യയിലെ മറ്റിടങ്ങളില്‍ ഇതിലേറെ മോശമാണ് അവസ്ഥ. വടക്കേ ഇന്ത്യയിലെ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുവിടങ്ങളിലും ദൈവങ്ങളുടെ പൂരക്കളിയാണ്. അതിലേറെയും ഹിന്ദു ദൈവങ്ങളാണ്. കേരളം ആ വഴിയിലേക്ക് പോയിക്കൂടാ. യു ഡി എഫ് ഭരണകാലത്ത് മുസ്ലിം ലീഗ് മന്ത്രി അബ്ദുറബ്ബ് തന്റെ ഔദ്യോഗിക വസതിയുടെ പേര് ‘ഗംഗ’ എന്നത് മാറ്റി നാട്ടിലുള്ള തന്റെ വീടിന്റെ പേരായ ‘ഗ്രെയ്സ്’ എന്നാക്കി മാറ്റി. മുസ്ലിം ലീഗ് മന്ത്രിക്ക് ഗംഗയോടുള്ള ഇഷ്ടക്കുറവിന്റെ കാരണം കണ്ടെത്താന്‍ അധികം സംശയമൊന്നുമില്ല. നിള, ഭവാനി, തുടങ്ങിയ വീട്ടുപേരുകളൊക്കെ രക്ഷപ്പെട്ടത് താമസക്കാര്‍ വേറെയായതുകൊണ്ടാണ്. പുതിയ റവന്യൂ മന്ത്രി, റബ്ബിന്റെ വീട്ടുപേരില്‍ ഒരു സര്‍ക്കാര്‍ മന്ത്രി മന്ദിരം നിലനില്‍ക്കുന്നതിലെ വൃത്തികേട് മാറ്റും എന്ന് പ്രതീക്ഷിക്കുന്നു. സ്വന്തം വീടിന്റെ പേര് ഒരു ഔദ്യോഗിക മന്ത്രിമന്ദിരത്തിനു നല്‍കാന്‍ അയാള്‍ കാണിച്ച ഔദ്ധത്യം അധികാരത്തിന്റെ മുട്ടന്‍ ഹുങ്ക് കൂടിയാണ് എന്നത് വേറൊരു കാര്യം.

റോഷി അഗസ്റ്റിന്റെ ‘വെഞ്ചെരിപ്പ് മാതൃക’ അനുകരിച്ചാല്‍ ഇനി ഗണപതി ഹോമവും ചാണകം തളിച്ച് ശുദ്ധിയാക്കലുമൊക്കെ നടന്നാല്‍ അതിനും ഇതേ ന്യായീകരണം നല്‍കാനാകും. ഒരു മതേതര സമൂഹം എന്ന നിലയില്‍ ഇത്തരത്തിലുള്ള വിഷയങ്ങള്‍ നാം കണ്ടില്ലെന്നു നടിക്കരുത്. ഇത്തരത്തിലുള്ള വൃത്തികേടുകളെ കണ്ടില്ലെന്നു നടിക്കുകയും ഒത്താശ ചെയ്യുകയുമാണ് നടപ്പുരീതി. അത് മാറണം.

മന്ത്രിയുടെ വണ്ടിയില്‍ കുരിശും കൊന്തയും തൂക്കാമോ എന്നാണെങ്കില്‍ പാടില്ല എന്നുതന്നെയാണ്. കാരണം, ഇത് സര്‍ക്കാര്‍ വണ്ടിയാണ്.
വണ്ടി വെഞ്ചെരിച്ച യുക്തി വെച്ച് നാളെ നിയമസഭ വെഞ്ചെരിക്കണമെന്ന് വിശ്വാസികളായ ക്രിസ്ത്യന്‍ എംഎല്‍എമാര്‍ക്ക് ആവശ്യപ്പെടാനാകും എന്ന സ്ഥിതി വരും. തേങ്ങയുടച്ചും ചാണകം തളിച്ചും സഭാ സമ്മേളനങ്ങള്‍ തുടങ്ങും. ആര്‍ത്തവ കാന്തിക തരംഗങ്ങളോട് കേരളത്തിലെ മനുഷ്യര്‍ വലിയൊരു പോരാട്ടം നടത്തിയാണ് ഒരുവിധം രക്ഷപ്പെട്ടത്. ഇനിയിപ്പോള്‍ പാതിരിക്കൂട്ടത്തിന്റെ വെഞ്ചെരിപ്പ് കൂടി താങ്ങാന്‍ നമുക്കാവില്ല.