‘കീഴൂട്ട് വീട്ടിലെ 12 സെന്റും ആനയും കൊടൈക്കനാലിലെ ഫ്‌ളാറ്റും ഗണേഷിന്’; ബാലകൃഷ്ണപിള്ളയുടെ വില്‍പത്രത്തിലെ വിവരങ്ങള്‍ പുറത്ത്; ഗണേഷിനെ പിന്തുണച്ച് ഇളയ സഹോദരി

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ബി നേതാവുമായിരുന്ന ആര്‍ ബാലകൃഷ്ണപിളളയുടെ വില്‍പത്രത്തിലെ വിവരങ്ങള്‍ പുറത്ത്. മക്കളായ ഗണേഷ് കുമാര്‍, ഉഷ മോഹന്‍ദാസ്, ബിന്ദു ബാലകൃഷ്ണന്‍ എന്നിവര്‍ക്കും രണ്ട് ചെറുമക്കള്‍ക്കും ബാലകൃഷ്ണപിള്ള ചാരിറ്റബിള്‍ ട്രസ്റ്റിനും സ്വത്ത് വീതിച്ച് നല്‍കിയാണ് വില്‍പത്രം തയ്യാറാക്കിയിരിക്കുന്നത്. 2020 ഓഗസ്റ്റ് ഒമ്പതിന് പിള്ള സ്വന്തം ഇഷ്ടപ്രകാരമാണ് വില്‍പത്രം തയ്യാറാക്കിയതെന്നും ബാഹ്യഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും വില്‍പത്രം തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കിയ കെ പ്രഭാകരന്‍ നായര്‍ പ്രതികരിച്ചു. കേരള കോണ്‍ഗ്രസ് ബി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റാണ് കെ പ്രഭാകരന്‍ നായര്‍.

ഇടമുളയ്ക്കല്‍ മാര്‍ത്താണ്ടംകര സ്‌കൂളും കൊട്ടാരക്കര കീഴൂട്ട് വീട്ടിലെ 12 സെന്റും ആനയും കൊടൈക്കനാലിലെ ഫ്‌ളാറ്റും ഗണേഷ് കുമാറിനാണെന്ന് വില്‍പത്രത്തിലുണ്ട്. ബാലകൃഷ്ണപിള്ളയുടെ മരണശേഷം ഗണേഷാണ് സ്‌കൂള്‍ മാനേജര്‍. വാളകത്തെ വീടും സ്‌കൂളുകളും ഉള്‍പ്പെടുന്ന അഞ്ച് ഏക്കറും ഗണേഷിനാണ്. വാളകം ബിഎഡ് സെന്റര്‍, കൊട്ടാരക്കരയിലേയും തിരുവനന്തപുരത്തേയും പാര്‍ട്ടി ഓഫീസുകള്‍ എന്നിവ ട്രസ്റ്റിന്റെ പേരിലാണ്. പാര്‍ട്ടിയുടെ ചെയര്‍മാന്‍ തന്നെയാണ് ട്രസ്റ്റിന്റേയും ചെയര്‍മാന്‍.

എംസി റോഡില്‍ ആയൂരിന് സമീപം 15 ഏക്കര്‍ റബ്ബര്‍ത്തോട്ടം മൂത്തമകള്‍ ഉഷ മോഹന്‍ദാസിനാണ് എഴുതിവെച്ചിരിക്കുന്നത്. വാളകം പാനൂര്‍കോണത്ത് അഞ്ച് ഏക്കര്‍ സ്ഥലം ഉഷയുടെ മക്കളായ ദേവിക്കും കാര്‍ത്തികയ്ക്കും അവകാശപ്പെട്ടതാണ്. കൊട്ടാരക്കര കീഴൂട്ട് വീട് ഉള്‍പ്പെട്ട 15 സെന്റും പൊലിക്കോട്ടെ രണ്ടര ഏക്കറും രണ്ടാമത്തെ മകള്‍ ബിന്ദുവിനാണ് എഴുതിവെച്ചിരിക്കുന്നത്.

2017ല്‍ തയ്യാറാക്കിയ വില്‍പത്രം റദ്ദാക്കിയാണ് ബാലകൃഷ്ണപിള്ള പുതിയത് തയ്യാറാക്കിയത്. ആദ്യ വില്‍പത്രം രണ്ട് വര്‍ഷം രജിസ്ട്രാര്‍ ഓഫീസിലാണ് സൂക്ഷിച്ചിരുന്നത്. ആദ്യവില്‍പത്രത്തില്‍ ഗണേഷിന് കാര്യമായ പരിഗണന കിട്ടിയില്ലെന്നാണ് പ്രഭാകരന്‍ നായര്‍ പറയുന്നത്. ഗണേഷ് സ്ഥലത്തില്ലാത്ത ദിവസം ബാലകൃഷ്ണപിള്ള നിര്‍ദ്ദേശിച്ച പ്രകാരം വില്‍പത്രം മാറ്റിയെഴുതുകയാണുണ്ടായത്. മക്കള്‍ക്കാര്‍ക്കും പുതിയ വില്‍പത്രം തയ്യാറാക്കുന്നതിനേക്കുറിച്ച് അറിയില്ലായിരുന്നു. ആധാരം എഴുതിയ മധുസൂദന്‍ പിള്ളയും താനും സാക്ഷികളാണെന്നും പ്രഭാകരന്‍ നായര്‍ പറഞ്ഞു.

ബാലകൃഷ്ണപിള്ളയുടെ മരണശേഷം ഗണേഷ്‌കുമാറും സഹോദരി ഉഷയുമായുണ്ടായ തര്‍ക്കം മന്ത്രിസഭ രൂപീകരണ ചര്‍ച്ചയില്‍ ഗണേഷിന് തിരിച്ചടിയായിരുന്നു. മരണത്തിന് മുമ്പ് ബാലകൃഷ്ണപിള്ളയെഴുതിയ വില്‍പത്രത്തില്‍ ക്രമക്കേട് നടന്നെന്നാണ് ഉഷയുടെ ആരോപണം. ഗണേഷിന്റെ മൂത്ത സഹോദരി ഉഷയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് മോഹന്‍ദാസും പരാതിയുമായി മുഖ്യമന്ത്രി പിണറായി വിജയനേയും കോടിയേരി ബാലകൃഷ്ണനേയും കണ്ടിരുന്നു. ക്രമക്കേട് ചൂണ്ടിക്കാണിച്ചുള്ള ചില തെളിവുകള്‍ ഇവര്‍ മുഖ്യമന്ത്രിയേയും കോടിയേരിയേയും കാണിച്ചതായി സൂചനയുണ്ട്. ഗണേഷിനെ മന്ത്രിയാക്കുന്നത് മന്ത്രിസഭയുടെ പ്രതിഛായക്ക് കളങ്കമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആദ്യടേമില്‍ മന്ത്രിസ്ഥാനം നല്‍കേണ്ടെന്ന് സിപിഐഎം തീരുമാനിക്കുകയായിരുന്നു.

വില്‍പത്ര വിവാദത്തില്‍ ഗണേഷ് കുമാറിന് പിന്തുണയുമായി ഇളയ സഹോദരി ബിന്ദു ബാലകൃഷ്ണന്‍ രംഗത്തെത്തിയിട്ടുണ്ട്. ആര്‍ ബാലകൃഷ്ണപിള്ള സ്വന്തം ഇഷ്ടപ്രകാരമാണ് വില്‍പത്രം എഴുതിയത്. ഗണേഷ് വില്‍പത്രത്തില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണങ്ങളില്‍ കഴമ്പില്ല. മരണശേഷവും അച്ഛനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതില്‍ ദു:ഖമുണ്ടെന്നും ബിന്ദു ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.