ഏഴാമത് ബാലൻഡിയോറിന് തൊട്ടരികിൽ മെസ്സി; കാന്റേയും ലെവൻഡോവ്‌സ്‌കിയുമായി മത്സരം; ക്രിസ്റ്റിയാനോയും നെയ്മറും പിന്നിൽ

ഏഴാമത് ബാലൻഡിയോർ നേട്ടത്തിനരികിലാണ് ലയണൽ മെസ്സി. കോപ്പ അമേരിക്കയിലെ ഉജ്വല പ്രകടനത്തോടെ ബാലൻഡിയോർ സാധ്യതാപ്പട്ടികയിൽ അർജന്റീനിയൻ ക്യാപ്റ്റൻ ഒന്നാമതെത്തി. ഇക്വഡോറുമായുള്ള ക്വാർട്ടർ ഫൈനലിൽ രണ്ട് അസിസ്റ്റും ഒരു ഫ്രീ കിക്ക് ഗോളും നേടിയതോടെയാണ് മെസ്സിയുടെ സാധ്യത ഇരട്ടിച്ചത്. കോപ്പ അമേരിക്ക-യൂറോ കപ്പ് ടൂർണമെന്റുകൾ അവസാനഘട്ടത്തിലെത്തുന്നതിനനുസരിച്ച് ഓരോ കളി കഴിയുന്തോറും റാങ്കുകൾ മാറി മറിയുന്നു. ഫുട്‌ബോൾ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത പുരസ്‌കാരമായി കണക്കാക്കപ്പെടുന്ന ബാൽഡിയോറിന്റെ സാധ്യതാപ്പട്ടികയിലെ 20 പേർ ഇവരാണ്.

20, നിക്കോളോ ബാറെല്ല- ഇറ്റലി/ഇന്റർമിലാൻ

നിക്കോളോ ബാറെല്ല

തൊട്ടുമുൻപ്: സാധ്യതാപട്ടികയിൽ ആദ്യം
2021ൽ: നാല് ഗോളുകൾ, 10 അസിസ്റ്റുകൾ, സീരി എ നേടി

സീരി എ ക്യാംപെയ്‌നിലെ പ്രകടനം അർഹിച്ച ശ്രദ്ധ നേടിയില്ലെങ്കിലും ഇന്റർമിലാൻ മിഡ്ഫീൽഡർ ഇറ്റലിക്ക് വേണ്ടി യൂറോയിൽ ഫോം തുടരുന്നു. ബെൽജിയത്തിനെതിരെ നേടിയ ഗോൾ ഫൈനൽ തേഡിലെ ബാറെല്ലയുടെ മികവ് തെളിയിക്കുന്നതാണ്.

19, പെഡ്രി – സ്‌പെയ്ൻ/ബാഴ്‌സലോണ

പെഡ്രി

തൊട്ടുമുൻപ്: സാധ്യതാപട്ടികയിൽ ആദ്യം
2021ൽ: മൂന്ന് ഗോളുകൾ, ആറ് അസിസ്റ്റുകൾ, കോപ്പ ഡെൽറേ നേടി

ലാലിഗ സീസണിൽ ബാഴ്‌സലോണയുടെ കളി കണ്ടവർക്ക് പെഡ്രിയെന്ന സെന്റർ മിഡ്ഫീൽഡർ ടാലന്റിനെ ഇതിനോടകം വ്യക്തമായിക്കാണും. യൂറോയിൽ സ്‌പെയിന് വേണ്ടി ഏറ്റവും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്നത് ഈ 18കാരനാണ്.

18, ഇൽകായ് ഗുണ്ടോഗൻ – ജർമനി/മാഞ്ചസ്റ്റർ സിറ്റി

കഴിഞ്ഞ ആഴ്ച്ച: 14-ാം സ്ഥാനം

2021ൽ: 16 ഗോളുകൾ, ആറ് അസിസ്റ്റുകൾ, പ്രീമിയർ ലീഗും കർബാവോ കപ്പും നേടി

ജർമനി യൂറോയിൽ നിന്ന് പുറത്തുപോയതിനാൽ 2020-21 സീസണിലെ അവസാനം ഗുണ്ടോഗൻ കാഴ്ച്ചവെച്ച മികച്ച പ്രകടനം ബാലൻഡിയോർ വോട്ടർമാർ ഇനി കാര്യമായെടുത്തേക്കില്ല.

17, ഫെഡറിക്കോ ചിയേസ – ഇറ്റലി/യുവന്റസ്

ഫെഡറിക്കോ ചിയേസ

തൊട്ടുമുൻപ്: 18-ാമത്
2021ൽ: 13 ഗോളുകൾ, അഞ്ച് അസിസ്റ്റുകൾ, കോപ്പ ഇറ്റാലിയയും സൂപ്പർ കോപ്പ ഇറ്റാലിയാനയും നേടി

ബാലൻഡിയോർ പട്ടികയിൽ കറുത്ത കുതിരകൾക്കിടയിലാണ് ചിയേസയുടെ സ്ഥാനം. പ്രതിഭാ സമ്പന്നമായ ഇറ്റാലിയൻ നിരയുടെ യൂറോ ക്യാംപെയ്‌നിലെ ഫസ്റ്റ് ഇലവനിൽ ചിയേസ ഇടം പിടിച്ചത് പണിയെടുത്ത് തന്നെയാണ്. എപ്പോൾ വേണമെങ്കിലും ഗോളിടാൻ സാധ്യതയുള്ള വിങ്ങർ. ഇറ്റലി യൂറോ നേടിയാൽ ചിയേസയുടെ സാധ്യതകൾ വർധിക്കും.

16, ഫിൽ ഫോഡൻ – ഇംഗ്ലണ്ട്/മാഞ്ചസ്റ്റർ സിറ്റി

ഫിൽ ഫോഡൻ

തൊട്ടുമുൻപ്: 12-ാമത്
2021ൽ: 11 ഗോളുകൾ, ഏഴ് അസിസ്റ്റുകൾ, പ്രീമിയർ ലീഗും കർബാവോ കപ്പും നേടി

മികച്ച ക്ലബ്ബ് ക്യാംപെയ്ൻ ആയിരുന്നിട്ടും യൂറോ ഗ്രൂപ്പ് മത്സരങ്ങളിൽ വേണ്ടത്ര അവസരം കിട്ടാതിരുന്നത് ഫോഡന്റെ സാധ്യതകൾക്ക് മങ്ങലേൽപിച്ചു. ഗരെത് സൗത്ത് ഗേറ്റ് ഹരിച്ചും ഗുണിച്ചും തയ്യാറാക്കുന്ന, സമ്പന്നമായ ത്രീ ലയൺസ് സ്‌ക്വാഡിൽ ഇടം കിട്ടൽ തന്നെ മറ്റൊരു മത്സരമാണ്. സെമിയിൽ ഡെന്മാർക്കിനെതിരായ ആദ്യ ഇലവനിൽ ഇറങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് പെപ്പിന്റെ മിഡ്ഫീൽഡ് ഫേവറിറ്റ്.

15, ജോർഗീഞ്ഞോ – ഇറ്റലി/ചെൽസി

ജോർഗീഞ്ഞോ

തൊട്ടുമുൻപ്: പട്ടകയിൽ ആദ്യം
2021ൽ: അഞ്ച് ഗോളുകൾ, രണ്ട് അസിസ്റ്റുകൾ, ചാംപ്യൻസ് ലീഗ് നേട്ടം

ലോകകപ്പിനൊപ്പം റയൽ മാഡ്രിഡിനെ ചാംപ്യൻസ് ലീഗ് നേട്ടത്തിലെത്തിച്ച പ്രകടനം കൂടി കണക്കിലെടുത്താണ് ലൂക്കാ മോഡ്രിച്ചിന് 2018ലെ ബാലൻഡിയോർ നൽകിയത്. ചെൽസി-ഇറ്റാലിയൻ മധ്യനിരയിൽ സ്ഥിരതയാർന്ന കളിയാണ് ജോർഗീഞ്ഞോ പുറത്തെടുത്തത്. യൂറോ സെമിയും ഫൈനലും ജയിച്ച് ഇറ്റലി കപ്പെടുക്കുകയും ജോർഗീഞ്ഞോ മികച്ച പ്രകടനം തുടരുകയും ചെയ്താൽ സാധ്യത വർധിക്കും.

14, മേസൻ മൗണ്ട് – ഇംഗ്ലണ്ട്/ചെൽസി

മേസൻ മൗണ്ട്

തൊട്ടുമുൻപ്: 16-ാമത്
2021ൽ: ഒമ്പത് ഗോളുകൾ, നാല് അസിസ്റ്റ്, ചാംപ്യൻസ് ലീഗ് നേട്ടം

ചെൽസിയുടെ ചാംപ്യൻസ് ലീഗ് നേട്ടത്തിൽ തന്റേതായ പങ്ക് വഹിച്ചിട്ടുണ്ട് മൗണ്ട്. ഉക്രെയ്‌നെതിരായ ക്വാർട്ടർ മത്സരത്തിൽ ആദ്യ ഇലവനിൽ മൗണ്ടിന് സൗത്ത് ഗേറ്റ് ഇടം നൽകിയിരുന്നു. ഡെന്മാർക്കുമായുള്ള മത്സരവും ഫൈനൽ ബെർത്ത് കിട്ടിയാലുള്ള കലാശ പ്രകടനവും നിർണായകം.

13, റൂബൻ ഡയസ് – പോർച്ചുഗൽ/മാഞ്ചസ്റ്റർ സിറ്റി

റൂബൻ ഡയസ്

തൊട്ടുമുൻപ്: പത്താമത്
2021ൽ: ഒരു ഗോൾ, 19 ക്ലീൻ ഷീറ്റ്, പ്രീമിയർ ലീഗും കർബാവോ കപ്പും നേടി

പോർച്ചുഗൽ യൂറോയിൽ നിന്ന് പുറത്തുപോയെങ്കിലും സീസണിലെ ഏറ്റവും മികച്ച സെന്റർ ബാക്കുകൾക്കിടയിലാണ് റൂബൻ ഡയസിന്റെ സ്ഥാനം.

12, ഹാരി കെയ്ൻ – ഇംഗ്ലണ്ട്/ടോട്ടനം

ഹാരി കെയ്ൻ

തൊട്ടുമുൻപ്: 17-ാമത്
2021ൽ: 22 ഗോളുകൾ, അഞ്ച് അസിസ്റ്റ്

ഗ്രൂപ്പ് മത്സരങ്ങളിൽ തിളങ്ങാനായില്ലെങ്കിലും ഇംഗ്ലീഷ് ക്യാപ്റ്റൻ ഫോം വീണ്ടെടുത്തുകഴിഞ്ഞു. 55 വർഷത്തിന് ശേഷം ഒരു മേജർ ട്രോഫി തേടിയിറങ്ങുന്ന ഇംഗ്ലണ്ടിനെ മുന്നിൽ നിന്ന് നയിക്കുന്നത് കെയ്ൻ ആണ്. എലൈറ്റ് നമ്പർ നയനുകളിലൊന്നായ ഹാരി സെമിയിലും ഫൈനലിലും തിളങ്ങിയാൽ ബാലൻഡിയോർ അത്ര വിദൂരമല്ല.

11, കരീം ബെൻസേമ – ഫ്രാൻസ്/റയൽ മാഡ്രിഡ്

കരീം ബെൻസേമ

തൊട്ടുമുൻപ്: എട്ടാമത്
2021ൽ: 22 ഗോളുകൾ, അഞ്ച് അസിസ്റ്റ്

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബെൻസേമയ്ക്ക് ഫ്രഞ്ച് ജേഴ്‌സിയണിയാൻ അവസരം ലഭിച്ചത്. യൂറോയിൽ പതിഞ്ഞ താളത്തിലാണ് തുടങ്ങിയതെങ്കിലും കരീമിക്ക രണ്ടാം വരവ് മോശമാക്കിയില്ല. ഫ്രാൻസ് പുറത്തായതോടെ ഒരു ട്രോഫിയില്ലാ സീസണാണ് ബെൻസേമ കളിച്ചത്. പക്ഷെ, ഇനിയും കുറച്ചുകാലം ഇവിടെയൊക്കെ തന്നെ കാണുമെന്ന് റയൽ അറ്റാക്കറുടെ ഗോൾ അക്കൗണ്ട് വ്യക്തമാക്കുന്നു.

10, നെയ്മർ – ബ്രസീൽ/പിഎസ്ജി

നെയ്മർ

തൊട്ടുമുൻപ്: 11-ാമത്
2021ൽ: 12 ഗോളുകൾ, 11 അസിസ്റ്റ്, കൂപ്പെ ഡെ ഫ്രാൻസ്, ട്രോഫീ ഡെ ചാംപ്യൻസ് കിരീടങ്ങൾ നേടി

ബ്രസീൽ-പെറു സെമി ഫൈനലിന് മുൻപ് പ്രസിദ്ധീകരിച്ച സാധ്യതാലിസ്റ്റിൽ നെയ്മർ പത്താമതാണ്. പെറുവിനെതിരെയുള്ള മത്സരത്തിൽ മികച്ച കളി പുറത്തെടുത്ത നെയ്മർ ബ്രസീലിന്റെ കോപ്പ ഫൈനൽ പ്രവേശത്തിൽ നിർണായക പങ്കുവഹിച്ചു. ഗോളിന് വഴിയൊരുക്കിയ നെയ്മർ തന്നെയാണ് മാൻ ഓഫ് ദ മാച്ച്. സാധ്യതാ ലിസ്റ്റിൽ പത്താം സ്ഥാനത്ത് നിന്ന് നെയ്മർ മുകളിലേക്ക് കയറിയേക്കും. കോപ്പ അമേരിക്ക നേടിയാൽ പോലും സാധ്യത കുറച്ച് വർധിക്കുമെന്നല്ലാത ബാലൻഡിയോർ അകലെയായി തന്നെ തുടരും. പരുക്കാണ് നെയ്മറിന് വില്ലനായത്.

9, എർലിങ്ങ് ഹാലൻഡ് – നോർവ്വേ/ ബൊറൂസ്സിയ ഡോർട്മുണ്ട്

എർലിങ്ങ് ഹാലാൻഡ്

തൊട്ടുമുൻപ്: ഒമ്പതാമത്
2021ൽ: 25 ഗോളുകൾ, 9 അസിസ്റ്റ്, ഡിഎഫ്ബി പൊകൽ കിരീടം നേടി

ഉഗ്രൻ സീസണാണ് ഹാലാൻഡ് പൂർത്തിയാക്കിയത്. ഫിഫ റാങ്കിങ്ങിൽ 42-ാം സ്ഥാനത്തുള്ള നോർവ്വേയുടെ ജേഴ്‌സിയിൽ ഹാലാൻഡിന്റെ ഒരു ടൂർണമെന്റ് പ്രകടനം വൈകാതെയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഉറ്റ പങ്കാളി ജേഡൻ സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോയെങ്കിലും ഹാലൻഡ് എതിർഗോൾമുഖങ്ങളിൽ ഭയം വിതക്കുന്നത് തുടരും. ബാലൻഡിയോർ റേസിൽ ഇത്തവണ ടോപ് ഫൈവിലെങ്കിലും ഹാലൻഡിനെ പ്രതീക്ഷിച്ചവർ ഏറെയുണ്ട്.

8, റഹീം സ്റ്റെർലിങ്ങ് – ഇംഗ്ലണ്ട്/മാഞ്ചസ്റ്റർ സിറ്റി

റഹീം സ്റ്റെർലിങ്ങ്

തൊട്ടുമുൻപ്: 20-ാമത്
2021ൽ: 11 ഗോളുകൾ, 6 അസിസ്റ്റ്, പ്രീമിയർ ലീഗും കർബാവോ കപ്പും

രണ്ടാഴ്ച്ച മുൻപ് ബാലൻഡിയോർ പവർ റാങ്കിങ്ങിൽ ആദ്യ 20ൽ പോലും ഇല്ലാതിരുന്ന പ്ലെയറാണ് സ്റ്റെർലിങ്ങ്. യൂറോയിൽ ഇംഗ്ലണ്ടിന് വേണ്ടി കളിച്ച നാല് മത്സങ്ങളിലെ പ്രകടനമാണ് സ്റ്റെർലിങ്ങിനെ ഒറ്റയടിക്ക് ടോപ് ടെന്നിലെത്തിച്ചത്. ജർമനിക്കെതിരെയുൾപ്പെടെ മൂന്ന് ഗോളുകളും ഒരു അസിസ്റ്റും. ബോക്‌സിന് മുന്നിലേക്ക് ചുവടുവെച്ചും വെട്ടിയൊഴിഞ്ഞും കുതിക്കുന്ന സ്‌റ്റെർലിങ്ങ് ഈ യൂറോയിലെ ഒരു പതിവ് കാഴ്ച്ചയായി. വരുന്ന മത്സരങ്ങളിൽ കൂടി മികച്ച പ്രകടനം തുടർന്നാൽ യൂറോയിലെ പ്ലെയർ ഓഫ് ദ ടൂർണമെന്റ് മറ്റാരുമായിരിക്കില്ല.

7, ക്രിസ്റ്റ്യാനോ റൊണാൾഡോ – പോർച്ചുഗൽ/യുവന്റസ്

ക്രിസ്റ്റ്യാനോ റൊണാൾഡോ

തൊട്ടുമുൻപ്: ഏഴാമത്
2021ൽ: 27 ഗോളുകൾ, നാല് അസിസ്റ്റുകൾ, കോപ്പ ഇറ്റാലിയയും സൂപ്പർ കോപ്പ ഇറ്റാലിയാനയും നേടി

യൂറോയിൽ നിന്ന് പുറത്തായെങ്കിലും ഗോൾഡൻ ബൂട്ട് റേസിൽ ക്രിസ്റ്റിയാനോ മുന്നിൽ തന്നെയുണ്ട്. ചെക് സ്‌ട്രൈക്കർ പാട്രിക് ഷിക്കും അഞ്ച് ഗോൾ നേടിയെങ്കിലും ഒരു അസിസ്റ്റിന്റെ മുൻതൂക്കം സിആർ7നുണ്ട്. നോക്കൗട്ട് റൗണ്ടിലെ പുറത്താകലോടെ ക്രിസ്റ്റ്യാനോ തന്നെ ഈ സീസണിലെ ബാലൻഡിയോർ പ്രതീക്ഷ ഉപേക്ഷിച്ചിട്ടുണ്ടാകും.

Also Read: ക്രിസ്റ്റിയാനോയോ മെസ്സിയോ?; അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം ആരുടേത്?

6, കെവിൻ ഡിബ്രൂയ്‌നെ – ബെൽജിയം/മാഞ്ചസ്റ്റർ സിറ്റി

തൊട്ടുമുൻപ്: ആറാമത്
2021ൽ: പത്ത് ഗോളുകൾ, 10 അസിസ്റ്റുകൾ, പ്രീമിയർ ലീഗും കർബാവോ കപ്പും നേടി

ബാലൻഡിയോർ റേസ് ടോപ് 20യിൽ ഇടംപിടിച്ച അഞ്ച് സിറ്റി താരങ്ങളിൽ ഒന്നാമനാണ് ഡിബ്രൂയ്‌നെ. ലോകത്തെ ഏറ്റവും മികച്ച ക്രിയേറ്റീവ് മിഡ്ഫീൽഡർക്ക് ഒരു കോണ്ടിനെന്റൽ ട്രോഫി ഇനിയുമകലെയാണ്. പരുക്കോടെ തുടങ്ങി പരുക്കിൽ തന്നെയാണ് ഡിബ്രൂയ്‌നെയുടെ യൂറോ ക്യാംപെയ്ൻ അവസാനിച്ചത്. ഡെന്മാർക്കിനെതിരെയുള്ള മത്സരത്തിലെ പ്രകടനമായിരുന്നു ഏറ്റവും മികച്ചത്. ബാലൻഡിയോർ വോട്ടർമാരിൽ ഒരു വിഭാഗം പേർ ഡിബ്രൂയ്‌നെക്ക് വോട്ടു ചെയ്യുമെങ്കിലും ഒന്നാമതെത്താൻ സാധ്യത കുറവാണ്.

5, കിലിയൻ എംബപ്പെ – ഫ്രാൻസ്/പിഎസ്ജി

കിലിയൻ എംബപ്പെ

തൊട്ടുമുൻപ്: രണ്ടാമത്
2021ൽ: 29 ഗോളുകൾ, ഏഴ് അസിസ്റ്റുകൾ, കൂപ്പെ ഡെ ഫ്രാൻസ്, ട്രോഫി ഡെ ചാംപ്യൻസ് എന്നീ കിരീടങ്ങൾ നേടി

യൂറോ 2020 അത്ര നല്ല ഓർമ്മകൾ അല്ല എംബപ്പെയ്ക്ക് സമ്മാനിച്ചത്. നാല് കളികളിൽ നിന്ന് പൂജ്യം ഗോളുകൾ. എംബപ്പെ ഷൂട്ടൗട്ടിൽ പാഴാക്കിയ പന്തോടെയാണ് ഫ്രാൻസ് റിട്ടേൺ ടിക്കറ്റെടുത്തത്. ഇത്തവണ ബാലൻഡിയോറിന് വേണ്ടി കടുത്ത മത്സരം കാഴ്ച്ച വെയ്ക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതിനൊത്തുയർന്നില്ല. ചാംപ്യൻസ് ലീഗിൽ ക്യാംപ്‌നൗവിലും അലയൻസ് അരീനയിലും പുറത്തെടുത്ത പ്രകടനം വോട്ടുകൾ വീഴ്ത്തിയേക്കും.

4, റൊമേലു ലുക്കാക്കു – ബെൽജിയം/ഇന്റർമിലാൻ

തൊട്ടുമുൻപ്: മൂന്നാമത്
2021ൽ: 22 ഗോളുകൾ, ഏഴ് അസിസ്റ്റുകൾ, സീരി എ നേട്ടം

യൂറോയിലും മോശമല്ലാത്ത പ്രകടനം കാഴ്ച്ചവെച്ചാണ് ലുക്കാക്കു മടങ്ങിയത്. ഫിനിഷിങ്ങിനൊപ്പം അവസരങ്ങളുണ്ടാക്കുന്ന എണ്ണം പറഞ്ഞ സ്‌ട്രൈക്കർമാരിലൊരാൾ. ബെൽജിയത്തിനൊപ്പം യൂറോയിൽ മുന്നേറാനായിരുന്നെങ്കിൽ ലുക്കാക്കുവിന് ബാലൻഡിയോർ സാധ്യതയുണ്ടായിരുന്നു.

3, എൻഗോളോ കാന്റെ – ഫ്രാൻസ്/ചെൽസി

എൻഗോളോ കാന്റെ

തൊട്ടുമുൻപ്: ഒന്നാമത്
2021ൽ: ഒരു അസിസ്റ്റ്, ചാംപ്യൻസ് ലീഗ് കിരീടനേട്ടം

ചാംപ്യൻസ് ലീഗ് സെമി ഫൈനലിലെ ഇരുപാദങ്ങളിലും ഫൈനലിലും മാൻ ഓഫ് ദ മാച്ചായിരുന്നു കാന്റെ. യൂറോയിൽ നിന്ന് പുറത്തുപോയെങ്കിലും ബാലൻഡിയോർ റേസിൽ ശക്തമായ മത്സരം കാഴ്ച്ചവെയ്ക്കുന്നു. ഫ്രെഞ്ച് സെൻട്രൽ മിഡ്ഫീൽഡർക്ക് നല്ലൊരു ശതമാനം വോട്ട് ഇത്തവണ വീഴുമെന്നാണ് കണക്കുകൂട്ടലുകൾ.

2, റോബർട്ട് ലെവൻഡോവ്‌സ്‌കി – പോളണ്ട്/ബയേൺ മ്യൂണിക്

റോബർട്ട് ലെവൻഡോവ്‌സ്‌കി

തൊട്ടുമുൻപ്: നാലാമത്
2021ൽ: 34 ഗോളുകൾ, നാല് അസിസ്റ്റുകൾ, ബുണ്ടസ് ലീഗയും ക്ലബ്ബ് ലോകകപ്പും നേടി

ക്ലബ്ബ് ഫുട്‌ബോളിൽ പുതിയ റെക്കോഡിട്ട ഉജ്വല സീസണാണ് ലെവൻഡോവ്‌സ്‌കി പൂർത്തിയാക്കിയത്. കൊവിഡ് വ്യാപനം മൂലം ഫ്രാൻസ് ഫുട്‌ബോൾ 2020ലെ ബാലൻഡിയോർ പുരസ്‌കാരം നൽകുന്നില്ലെന്ന് തീരുമാനിച്ചത് തന്റെ കളി ജീവിതത്തിലെ ഏറ്റവും വലിയ ചതിയായാണ് ലെവൻഡോവ്‌സ്‌കി കണ്ടത്. അതിന്റെ വാശി ഇത്തവണത്തെ ഗോൾ അക്കൗണ്ട് ചെക്ക് ചെയ്താൽ കാണാം. യൂറോയിലെ ആദ്യ റൗണ്ടിൽ പ്രവചിക്കപ്പെട്ടതുപോലെ പോളണ്ട് പുറത്തുപോയി. അതോടെ തന്നെ ബയേൺ ഗോളടിയന്ത്രത്തിന്റെ സാധ്യത മങ്ങിയിരുന്നു. ബാലൻഡിയോർ റേസിൽ മുന്നിലുണ്ടായിരുന്നവരുടെ ടീമുകളും വീട് പിടിച്ചതോടെയാണ് ലെവൻഡോവ്‌സ്‌കിയുടെ പ്രോഗ്രസ് കാർഡ് വീണ്ടും അവകാശവാദം ഉന്നയിച്ചുതുടണ്ടിയത്.

1, ലയണൽ മെസ്സി – അർജന്റീന/ഫ്രീ ഏജന്റ്

ലയണൽ മെസ്സി

കഴിഞ്ഞ തവണ: അഞ്ചാമത്
2021ൽ: 33 ഗോൾ, 13 അസിസ്റ്റുകൾ, കോപ്പ ഡെൽ റേ നേട്ടം

ബാഴ്‌സലോണയ്ക്ക് വേണ്ടി ഒരു പതിറ്റാണ്ടിലധികമായി തുടരുന്ന സ്ഥിരം പ്രകടനത്തോടൊപ്പം കോപ്പയിലെ പെർഫോമൻസാണ് മെസ്സിയെ ഒന്നാമതെത്തിച്ചിരിക്കുന്നത്. നാല് ഗോളുകളും നാല് അസിസ്റ്റുകളുമാണ് മെസ്സിയുടെ കോപ്പ ക്യാംപെയ്‌നിൽ ഇതുവരെയുണ്ടായത്. കൊളംബിയയുമായുള്ള സെമി മത്സരവും ഇത്തവണയും കൈയകലത്തെത്തിയ കോപ്പ അമേരിക്ക ട്രോഫിയും ജയിച്ചാൽ മെസ്സി ബാലൻഡിയോർ നിലനിർത്തും. സ്‌റ്റെർലിങ്ങും നെയ്മറും മാത്രമാണ് ബാലൻഡിയോർ ടോപ് ടെന്നിൽ മെസ്സിക്കെതിരെ കളത്തിലുള്ള കളിക്കാർ.

Also Read: ‘വ്യക്തിഗത നേട്ടങ്ങള്‍ രണ്ടാമത്, ഞങ്ങള്‍ വന്നത് വേറൊരു കാര്യത്തിനാണ്’; സെമി പ്രവേശത്തിന് ശേഷം മെസ്സി