തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മദ്യ വില്പന പുനരാരംഭിക്കുന്നു. ബെവ്ക്യൂ ആപ്പ് സംവിധാനം ഒഴിവാക്കിയാണ് വില്പന. നാളെ മുതല്‍ ബെവ്കോ ഔട്ട്ലെറ്റില്‍നിന്നും നേരിട്ട് മദ്യം വാങ്ങാം. സാമൂഹിക അകലം ഉറപ്പുവരുത്തി വില്പന ആരംഭിക്കാനാണ് തീരുമാനം.
നേരത്തെ മൊബൈല്‍ ആപ്പ് വഴി ബുക്ക് ചെയ്താവും മദ്യവില്പനയെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രവര്‍ത്തന സജ്ജമാകാന്‍ അഞ്ച് ദിവസമെങ്കിലും വേണ്ടിവരുമെന്ന് ബെവ്ക്യൂ ആപ്പ് നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് ടെക്നോളജീസ് സര്‍ക്കാരിനെ അറിയിച്ചതോടെയാണ് പുതിയ തീരുമാനം.
ആദ്യലോക്ഡൗണ്‍ സമയത്ത് സംസ്ഥാനത്ത് മദ്യവിതരണത്തിനായി സജ്ജമാക്കിയ ബെവ്ക്യൂ നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. മദ്യത്തിന്റെ സ്റ്റോക്ക്, പാര്‍സല്‍ വിതരണത്തിന് തയ്യാറായിട്ടുള്ള ബാറുകളുടെ ലിസ്റ്റ്, മൊബൈല്‍ ഒടിപിയുമായി ബന്ധപ്പെട്ടുള്ള കരാര്‍ തുടങ്ങിയ കാര്യങ്ങള്‍ ആപ്പ് പ്രവര്‍ത്തിക്കാന്‍ ചെയ്യേണ്ടതുണ്ട്. ഇതിനായി സമയം വേണമെന്നാണ് ഫെയര്‍കോഡ് ആവശ്യപ്പെട്ടത്. കൂടാതെ, ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ പ്രദേശങ്ങളില്‍ മദ്യവില്പനയ്ക്ക് അനുമതിയില്ല. ഈ പ്രദേശങ്ങളെ ലിസ്റ്റില്‍പ്പെടുത്തി ആപ്പില്‍നിന്ന് ഒഴിവാക്കുന്നതടക്കമുള്ള കാര്യങ്ങളും ചെയ്യാനുണ്ട്. ഇക്കാര്യങ്ങള്‍ ബെവ്കോയുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തി ഫെയര്‍കോഡ് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നു.