‘ലോക്ക്ഡൗണില്‍ നശിച്ചു പോയത് 10 കോടി രൂപയുടെ ബിയറുകള്‍’; വാര്‍ഷിക ലൈസന്‍സ് ഫീസ് കുറക്കണമെന്ന് ബാറുടമകള്‍

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലാവധിയില്‍ പത്ത് കോടിയിലേറെ രൂപയുടെ ബിയറുകള്‍ നശിച്ചെന്ന് ബാറുടമകളുടെ അസോസിയേഷന്‍. ഇതടക്കമുള്ള നഷ്ടം നികത്താന്‍ വാര്‍ഷിക ലൈസന്‍സ് ഫീസ് കുറക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

40 ദിവസത്തോളം ലോക്ഡൗണ്‍ കാരണം ബാറുകള്‍ അടഞ്ഞു കിടന്നതോടെയാണ് ബിയറുകള്‍ ഉപയോഗ ശൂന്യമായത്. പരമാവധി ആറ് മാസം മാത്രം കാലാവധിയുള്ള ബിയറുകള്‍ പിന്നീട് ഉപയോഗിക്കാനും കഴിയില്ല. ഇതോടെ സംസ്ഥാനത്തെ ബാറുകള്‍ക്ക് ഭീമമായ സാമ്പത്തിക നഷ്ടമാണുണ്ടായതെന്നും ബാറുടമകള്‍ പറഞ്ഞു.

നിലവിലെ നഷ്ടം നികത്താന്‍ സര്‍ഡക്കാര്‍ ഭാഗത്ത് നിന്നും സഹായം വേണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ എക്‌സൈസ് മന്ത്രിയെ സമീപിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല പ്രതികരണമുണ്ടായിട്ടില്ലെങ്കില്‍ വലിയ സാമ്പത്തിക ബാധ്യത ബാറുടമകള്‍ക്കുണ്ടാകുമെന്നും അസോസിയേഷന്‍ പറഞ്ഞു.

അതേ സമയം സംസ്ഥാനത്തെ ബിവറേജ് സ്‌റ്റോറുകളും ബാറുകളും വ്യാഴാഴ്ച തുറന്നു. ആദ്യമണിക്കൂറുകളില്‍ ബിവറേജസ് ഔട്ട്ലെറ്റുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞ സ്ഥലങ്ങളില്‍ മാത്രമാണ് ഔട്ട്ലെറ്റുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്.

തിരക്ക് നിയന്ത്രിക്കാനും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഔട്ട്ലെറ്റുകളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആളുകള്‍ തിക്കിതിരക്കാതെ സാമൂഹിക ആകലം കൃത്യമായി പാലിച്ചാണ് ക്യൂനിന്ന് മദ്യം വാങ്ങുന്നത്.

ബെവ്കോ ഔട്ട്ലെറ്റുകളില്‍നിന്ന് നേരിട്ടും ബാറുകളില്‍നിന്ന് പാര്‍സലായും മദ്യം വാങ്ങാം.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ മാത്രമാണ് നിലവില്‍ മദ്യവില്‍പന പുനരാരംഭിച്ചിരിക്കുന്നത്. 20 ശതമാനത്തിന് മുകളില്‍ ടിപിആര്‍ ഉള്ള സ്ഥലങ്ങളില്‍ മദ്യശാലകള്‍ അടഞ്ഞുതന്നെ കിടക്കും.