സംസ്ഥാനത്ത് മദ്യം ഉടനെത്തില്ല, ആപ്പില്‍ ആശയക്കുഴപ്പം, പരിഹാരം അഞ്ചുദിവസമെങ്കിലും വൈകും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി മദ്യവില്‍പന പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചെങ്കിലും വില്‍പനയില്‍ അവ്യക്തത തുടരുന്നു. നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന ബെവ് ക്യൂ ആപ്പുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ബെവ്‌കോ എംഡി ബെവ്ക്യൂ ആപ്പ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ആദ്യലോക്ഡൗണ്‍ സമയത്ത് സംസ്ഥാനത്ത് മദ്യവിതരണത്തിനായി സജ്ജമാക്കിയ ബെവ്ക്യൂ നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. ബെവ്ക്യൂവിനെത്തന്നെ ഇത്തവണയും പരിഗണിക്കാനാണ് ബെവ്‌കോ ആലോചിക്കുന്നത്. എന്നാല്‍ ആപ്പ് പ്രവര്‍ത്തനസജ്ജമാകാന്‍ അഞ്ച് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് ബെവ്ക്യൂ നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജീസ് അറിയിച്ചിരിക്കുന്നത്.

Also Read: ട്വിറ്ററിന് തിരിച്ചടി; ഇന്ത്യയില്‍ നിയമപരിരക്ഷ നഷ്ടമായി, ‘വര്‍ഗീയ വികാരങ്ങളെ പ്രകോപിപ്പിക്കുന്നു’

മദ്യത്തിന്റെ സ്‌റ്റോക്ക്, പാര്‍സല്‍ വിതരണത്തിന് തയ്യാറായിട്ടുള്ള ബാറുകളുടെ ലിസ്റ്റ്, മൊബൈല്‍ ഒടിപിയുമായി ബന്ധപ്പെട്ടുള്ള കരാര്‍ തുടങ്ങിയ കാര്യങ്ങള്‍ ആപ്പ് പ്രവര്‍ത്തിക്കാന്‍ ചെയ്യേണ്ടതുണ്ട്. ഇതിനായി സമയം വേണമെന്നാണ് ഫെയര്‍കോഡ് പറയുന്നത്. കൂടാതെ, ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ പ്രദേശങ്ങളില്‍ മദ്യവില്‍പനയ്ക്ക് അനുമതിയില്ല. ഈ പ്രദേശങ്ങളെ ലിസ്റ്റില്‍പ്പെടുത്തി ആപ്പില്‍നിന്ന് ഒഴിവാക്കുന്നതടക്കമുള്ള കാര്യങ്ങളും ചെയ്യാനുണ്ട്. ഇക്കാര്യങ്ങള്‍ ബെവ്‌കോയുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തി ചര്‍ച്ച നടത്താനാണ് ഫെയര്‍കോഡിന്റെ തീരുമാനം.