മാസ്ക് വെയ്ക്കാത്തതിന് 28കാരന്റെ കൈയിലും കാലിലും പൊലീസ് ആണി അടിച്ചുകയറ്റിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി യുപി പൊലീസ്. ബറെയ്ലി ജില്ലയിലെ ജോഗി നവാഡയില്‍ മാസ്ക് വെച്ചില്ലെന്ന പേരില്‍ രഞ്ജിത് എന്ന യുവാവിനെ ക്രൂരമായി പീഡിപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പൊലീസിന്റെ വിശദീകരണം. രഞ്ജിത് പൊലീസ് കോണ്‍സ്റ്റബിളിനെ ആക്രമിച്ചെന്നും ഈ കേസിലെ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വന്തം കൈകാലുകളില്‍ ആണി അടിച്ചുകയറ്റുകയാണുണ്ടായതെന്നും എസ്എസ്പി രോഹിത് സജ്വാന് ആരോപിച്ചു.
പൊലീസ് പറയുന്നതിങ്ങനെ
“കൂലിത്തൊഴിലാളിയായ രഞ്ജിത്ത് മദ്യത്തിന് അടിമയാണ്. മെയ് 24ന് കോണ്‍സ്റ്റബിള്‍ ഹരി ഓം മദ്യലഹരിയില്‍ ചുറ്റിത്തിരിയുന്ന രഞ്ജിത്തിനെ തടഞ്ഞുനിര്‍ത്തി. അയാള്‍ മാസ്ക് ധരിച്ചിരുന്നില്ല. കോണ്‍സ്റ്റബിള്‍ ഇത് ചൂണ്ടിക്കാട്ടി എതിര്‍ത്തപ്പോള്‍, രഞ്ജിത്ത് മോശമായി പെരുമാറാന്‍ തുടങ്ങി. പിടികൂടാന്‍ നോക്കിയപ്പോള്‍ രഞ്ജിത്ത് കോണ്‍സ്റ്റബിളിനെ മര്‍ദ്ദിച്ചു. 28കാരനെതിരെ ഡ്യൂട്ടിയിലായിരുന്ന ഉദ്യോഗസ്ഥനെ മര്ദ്ദിച്ചെന്നതുള്പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ബരാദരി പൊലീസ് അന്ന് തന്നെ കേസെടുത്തു. പിറ്റേന്ന് രഞ്ജിത്തിന്റെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും കണ്ടുപിടിക്കാനായില്ല”
മാസ്ക് ധരിക്കാത്തതിന് മകന്റെ കൈകാലുകളില്‍ ആണിയടിച്ചെന്ന് ചൂണ്ടിക്കാട്ടി യുവാവിന്റെ അമ്മ പരാതി നല്‍കിയിട്ടുണ്ട്. മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി. ആണി തറച്ച ചിത്രങ്ങള്‍ കുടുംബം പുറത്തുവിട്ടതോടെ സംഭവം ദേശീയ തലത്തില്‍ വലിയ വാര്‍ത്തയായിരിക്കുകയാണ്. കൈകാലുകളില്‍ ആണിയുമായി രഞ്ജിത്തും അമ്മയും ബരാദരി പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. തുടര്‍ന്ന് പൊലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.

യുവാവിന്റെ അമ്മ പറയുന്നത്
“മകന് വീടിനു പുറത്ത് വഴിവക്കില്‍ ഇരിക്കുകയായിരുന്നു. മാസ്ക് ധരിച്ചിരുന്നില്ല. പൊലീസുകാര്‍ രഞ്ജിത്തിനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഞാന്‍ അന്വേഷിച്ചെത്തിയപ്പോള്‍ മകനെ കണ്ടില്ല. മണിക്കൂറുകള്‍ തിരഞ്ഞു. ഒടുവില്‍ മറ്റൊരിടത്ത് നിന്നും മകനെ കണ്ടെത്തി. രഞ്ജിത്തിന്റെ കൈയ്യിലും കാലിലും ആണി തറച്ചു കയറ്റിയിരുന്നു. പൊലീസിനെതിരെ പരാതി നല്കിയാല് മകനെ അറസ്റ്റ് ചെയ്യുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി.”