29 വർഷം അച്ഛൻ ഭരിച്ചു; 21 കൊല്ലം പിന്നിട്ട് മകൻ വീണ്ടും അധികാരത്തിലേക്ക്; യുദ്ധം വിഴുങ്ങിയ സിറിയയിൽ അസ്സദിന് നാലാംമൂഴം

ആഭ്യന്തര യുദ്ധം തകർത്തെറിഞ്ഞ സിറിയയിൽ നാലാം തവണയും പ്രസിഡനന്റായി ബശ്ശാർ അൽ അസദ് അധികാരമേറ്റു. വിവാദമായ തെരഞ്ഞെടുപ്പിൽ 95 ശതമാനം വോട്ടുനേടിയായിരുന്നു അസ്സദിന്റെ വിജയം. തെരഞ്ഞെടുപ്പ് ഫലം സിറിയയിലെ പ്രതിപക്ഷ പാർട്ടികളും അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി ഉൾപ്പെടെയുള്ള രാജ്യങ്ങളും തള്ളിക്കളഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നില്ല എന്നായിരുന്നു ആരോപണം.

എന്നാൽ സിറിയൻ ഭരണകൂടത്തിന് ജനങ്ങൾ നൽകിയ അംഗീകാരമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നാണ് അധികാരമേറ്റെടുത്ത് നടത്തിയ പ്രസംഗത്തിൽ അസ്സദ് അവകാശപ്പെട്ടത്. തെരഞ്ഞെടുപ്പിന്റെ സാധുതയെക്കുറിച്ചുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ വാദങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെയ് മാസം അവസാനം പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കണക്കുകൾ പ്രകാരം 78.6 ശതമാനമായിരുന്നു വോട്ടിങ് ശതമാനം. 95.1 ശതമാനം വോട്ട് അസ്സദ് നേടിയപ്പോൾ എതിരാളികളായ മഹ്മൂദ് അഹമ്മദ് മാരി 3.3 ശതമാനം വോട്ടും അബ്ദുള്ള സല്ലോം അബ്ദുല്ല 1.5 ശതമാനം വോട്ടും മാത്രമാണ് നേടിയത്. അസ്സദിന്റെ അധികാരമുറപ്പിക്കാനുള്ള വെറും പ്രഹസനം മാത്രമായിരുന്നു ഈ തെരഞ്ഞെടുപ്പെന്നാണ് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നത്. 2014ൽ നടന്ന തെരഞ്ഞെടുപ്പിൽ 89 ശതമാനമായിരുന്നു അസ്സദിന്റെ വോട്ട്.

25 വർഷങ്ങൾക്ക് മുകളിൽ സിറിയ ഭരിച്ച പിതാവ് ഹാഫിസ് അസ്സദിന്റെ പിൻഗാമിയായി 2000ലായിരുന്നു അസദ് ആദ്യമായി പ്രസിഡന്റായി ചുമതലയേറ്റത്. ഏഴു വർഷമാണ് സിറിയൻ പ്രസിഡന്റിന്റെ കാലാവധി. വീണ്ടും അധികാരമേൽക്കുന അസ്സദിന്‌ കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞാൽ 28 കൊല്ലം തികയും.

2011ൽ രാജ്യത്ത് ജനാധിപത്യം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയവരെ അസ്സദ് ഭരണകൂടം അടിച്ചമർത്താൻ ശ്രമിച്ചതോടെ പതിറ്റാണ്ട് നീണ്ട ആഭ്യന്തര യുദ്ധത്തിലേക്കായിരുന്നു സിറിയ ചെന്നെത്തിയത്. നാല് ലക്ഷത്തിന് മുകളിൽ ആളുകൾ ഇതിനോടകം സിറിയയിൽ മരിച്ചുവീണു. രാജ്യത്തെ പകുതി ജനസംഖ്യ സ്വന്തം നാടുപേക്ഷിച്ച് പലായനം ചെയ്‌തു. 60 ലക്ഷത്തോളം സിറിയൻ പൗരന്മാർ വിദേശങ്ങളിൽ അഭയാർഥികളായി കഴിയുകയാണ്.

അസ്സദ് ഗവണ്മെന്റ് നിയന്ത്രിക്കുന്ന ചില പ്രദേശങ്ങളിലും ചുരുക്കം സിറിയൻ എംബസ്സികളിലും മാത്രമായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്തിൻറെ ഭൂരിഭാഗം പ്രദേശങ്ങളും വിവിധ സായുധ ഗ്രൂപ്പുകളുടെ അധീനതയിലാണ്.