പൃഥ്വിരാജ് സംഘികളാല്‍ വേട്ടയാടപ്പെടുന്നുണ്ടെങ്കില്‍ ഒരു കാര്യം ഉറപ്പിക്കുക, അയാള്‍ ശരിയുടെ പക്ഷത്താണ്; ബഷീര്‍ വള്ളിക്കുന്ന്

ലക്ഷദ്വീപിനെയും അവിടത്തെ മനുഷ്യരെയും സംരക്ഷിക്കേണ്ടതുണ്ടെന്ന് അഭിപ്രായം പറഞ്ഞ നടന്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന അധിക്ഷേപ പരാമശങ്ങളില്‍ പ്രതികരിച്ച് സാമൂഹ്യ നിരീക്ഷകന്‍ ബഷൂീര്‍ വള്ളിക്കുന്ന്. പൃഥ്വിരാജ് സംഘികളാല്‍ വേട്ടയാടപ്പെടുന്നുണ്ടെങ്കില്‍ ഒരു കാര്യം ഉറപ്പിക്കുക, അയാള്‍ ശരിയുടെ പക്ഷത്താണെന്ന് ഫേസ്ബുക്കില്‍ ബഷീര്‍ വള്ളിക്കുന്ന് കുറിച്ചു.

ബഷീര്‍ വള്ളിക്കുന്ന് പറഞ്ഞതിങ്ങനെ

‘ഓര്‍ക്കുന്നുണ്ടോ ഒരു കാലം
സൈബര്‍ ലോകത്ത് പൃഥ്വിരാജ് കൂട്ട ആക്രമണം നേരിട്ടിരുന്ന കാലം. സകലരും ട്രോളിക്കൊണ്ടിരുന്ന ഒരു കാലം. ‘ദക്ഷിണേന്ത്യയിലെ ഇംഗ്ലീഷ് സംസാരിക്കുന്ന ഏക നടന്‍’ എന്ന ടാഗ് ലൈനില്‍ അയാളെ കേരളം മുഴുവന്‍ പരിഹസിച്ചു കൊണ്ടിരുന്ന ഒരു കാലം.
ആ കാലത്ത് അയാള്‍ കുലുങ്ങിയിട്ടില്ല. പരിഹാസങ്ങളെ അതിന്റെ പാട്ടിന് വിട്ട് അയാള്‍ അയാളുടെ ജോലി തുടര്‍ന്നു. പറയേണ്ട അവസരങ്ങളില്‍ വായ തുറന്ന് സംസാരിച്ചു. ഒരു ഇക്കയുടെ മുന്നിലും ഒരു ഏട്ടന്റെ മുന്നിലും അയാള്‍ ഓച്ഛാനിച്ചു നിന്നില്ല. അയാള്‍ അയാളുടെ സാമ്രാജ്യം അയാളായിക്കൊണ്ട് തന്നെ കെട്ടിപ്പടുത്തതാണ്.

എന്നിട്ടല്ലേ ഇപ്പോള്‍ കുറേ ഊള സംഘികളുടേയും അവരുടെ പീറ ചാനലിന്റേയും അസഭ്യങ്ങള്‍ക്ക് മുന്നില്‍ അയാള്‍ കുലുങ്ങുന്നത്.. ഇത്തിരി നട്ടെല്ലും സ്വന്തമായ അഭിപ്രായങ്ങള്‍ തുറന്ന് പറയാനുള്ള ചങ്കൂറ്റവും പുറത്ത് കാണിക്കുന്നവര്‍ അതെപ്പോഴും കാണിക്കും. ‘മൂത്രത്തില്‍ പിതൃത്വം’ കാണുന്ന കുറെ മരപ്പട്ടികളുടെ മോങ്ങലില്‍ അയാള്‍ ഒലിച്ചു പോകില്ല.
പൃഥ്വിരാജ് ലക്ഷദ്വീപ് നിവാസികളുടെ പ്രശ്‌നങ്ങളോടൊപ്പം നിന്നപ്പോള്‍ ആ വിഷയം കൂടുതല്‍ ജനശ്രദ്ധ നേടി. കൂടുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചു. നമുക്കോരോരുത്തര്‍ക്കും അത്തരം ശ്രമങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കും. പൃഥിരാജിന് ലഭിച്ചത് പോലെ ലക്ഷക്കണക്കിന് ലൈക്കും കമന്റും ലഭിച്ചില്ലെന്ന് വരും. നമ്മുടെ പോസ്റ്റുകളില്‍ ഒന്നോ രണ്ടോ ലൈക്കുകളേ ഉണ്ടായുള്ളൂ എന്നും വരാം. പക്ഷേ നാം ഒരു സന്ദേശം ആ ഒന്നോ രണ്ടോ ആളുകളിലേക്ക് എത്തിച്ചു കഴിഞ്ഞു എന്നതാണ് അതിന്റെ പോസിറ്റീവ് വശം. നാം മനുഷ്യര്‍ക്ക് വേണ്ടി ശരിയുടെ പക്ഷത്ത് നിന്നു എന്നതാണ് അതിലേറെ പ്രധാനം.

പൃഥ്വിരാജ് സംഘികളാല്‍ വേട്ടയാടപ്പെടുന്നുണ്ടെങ്കില്‍ ഒരു കാര്യം ഉറപ്പിക്കുക, അയാള്‍ ശരിയുടെ പക്ഷത്താണ്. പൃഥ്വിരാജ് മാത്രമല്ല, സംഘികളാല്‍ ആരൊക്കെ വേട്ടയാടപ്പെട്ടാലും, അവരുടെ അസഭ്യങ്ങള്‍ക്ക് ആരൊക്കെ വിധേയമായാലും, ഒട്ടും സംശയിക്കാതെ ഉറപ്പിക്കാന്‍ പറ്റുന്ന കാര്യം അവര്‍ ശരിയുടെ പക്ഷത്താണ് എന്നാണ്. മനുഷ്യ പക്ഷത്താണ് എന്നാണ്’

ലക്ഷദ്വീപിലെ കേന്ദ്ര നടപടികള്‍ക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ ജനം ടിവി പൃഥ്വിരാജിനെതിരെ നടത്തിയ അധിക്ഷേപത്തില്‍ പ്രതികരണവുമായി താരങ്ങള്‍ രംഗതെത്തിയിട്ടുണ്ട്. പൃഥ്വിരാജിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ജനം ചാനലിനെ രൂക്ഷമായി വിമര്‍ശിച്ചും സെലിബ്രിറ്റികള്‍ രംഗത്തെത്തിയത്. നടന്‍മാരായ അജുവര്‍ഗീസ്, ആന്റണി വര്‍ഗീസ്, ഷിയാസ് കരീം എന്നിവരും സംവിധായകരായ മിഥുന്‍ മാനുവല്‍ തോമസും ജൂഡ് ആന്റണി ജോസഫും പൃഥ്വിരാജിനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. പൃഥ്വിരാജിനെതിരെയുള്ള വേട്ട അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം പറഞ്ഞു. ഭരണവര്‍ഗ്ഗ മാധ്യമങ്ങളെ ഉപയോഗിച്ച് സാംസ്‌ക്കാരിക പ്രവര്‍ത്തകരെ നിശ്ശബ്ദരാക്കുന്നത് നമുക്ക് അനുവദിക്കാനാകില്ലെന്നും ബല്‍റാം ചൂണ്ടിക്കാട്ടി. ലവ്, ലൈക്ക് ഇമോജികള്‍ക്കൊപ്പം പൃഥ്വിരാജ് മീശിപിരിച്ച് ചിരിച്ചുനില്‍ക്കുന്ന ചിത്രമാണ് നടന്‍ ആന്റണി വര്‍ഗീസ് പോസ്റ്റ് ചെയ്തത്.