ഇതുവരെ ഇറങ്ങിയതില്‍ ഏറ്റവും ഡാര്‍കസ്റ്റ്?; അത്ര ആത്മനിയന്ത്രണമില്ലാത്ത ബാറ്റ്മാനായി പാറ്റിന്‍സണ്‍; ട്രെയ്‌ലറിന് സ്‌നൈഡറുടെ പ്രശംസ

ഇതുവരെ പുറത്തിറങ്ങിയ ലൈവ് ആക്ഷന്‍ ബാറ്റ്മാന്‍ ചിത്രങ്ങളില്‍ ഏറ്റവും ഡാര്‍ക് എന്ന സൂചനയുമായി റോബര്‍ട്ട് പാറ്റിന്‍സണിന്റെ ബാറ്റ്മാന്‍ ട്രെയിലര്‍. മാറ്റ് റീവ്‌സ് സംവിധാനം ചെയ്യുന്ന ബാറ്റ്മാന്‍ തീഷ്ണമായ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമായിരിക്കുമെന്ന പ്രതീക്ഷയും ട്രെയ്‌ലര്‍ നല്‍കുന്നുണ്ട്. ഡി സി കോമിക്‌സിന്റെ വിര്‍ച്ച്വല്‍ ഇവന്റ് പ്ലാറ്റ്‌ഫോമായ ഡി സി ഫാന്‍ഡമിനിടെയാണ് രണ്ട് മിനുട്ട് 38 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെ കണ്ട ബാറ്റ്മാനോ ബ്രൂസ് വെയ്‌നോ അല്ല ചിത്രത്തിലുള്ളതെന്നും പുതിയ ബാറ്റ്മാന്‍ തന്റെ വ്യക്തിത്വത്തിനുമേല്‍ വലിയ നിയന്ത്രണമില്ലാത്തയാളാണെന്നും റോബര്‍ട്ട് പാറ്റിന്‍സണ്‍ പറഞ്ഞു.

മുന്‍പുള്ള ചിത്രങ്ങളില്‍ അയാള്‍ ബാറ്റ്മാനായിരിക്കുകയും ബ്രൂസ് വെയ്‌നായിരിക്കുകയും ചെയ്യുന്നതിനെ വ്യക്തമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത്തവണ അത്ര വ്യക്തതയില്ല. ചെറിയ തോതില്‍ നിയന്ത്രണം വിട്ട അവസ്ഥയെന്ന ഈ ആശയം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

റോബര്‍ട്ട് പാറ്റിന്‍സണ്‍

ബാറ്റ്മാന്‍ എന്താണെന്ന് അയാള്‍ക്ക് പൂര്‍ണമായും നിര്‍വ്വചിക്കാനായിട്ടില്ല. പക്ഷെ, അയാള്‍ അതില്‍ അകപ്പെട്ടു പോകുകയും ചെയ്യുന്നു. ബാറ്റ്മാനെ എടുത്തണിയുന്ന എല്ലാ രാത്രികളിലും അയാള്‍ ഉറങ്ങുന്നില്ല. അങ്ങനെ ഒരു തരം ‘വിചിത്ര ജീവിയായി’ കഥാപാത്രം മാറുകയാണെന്നും നടന്‍ പ്രതികരിച്ചു.

ട്രെയ്‌ലറില്‍ കോമിക്‌സ് ആരാധകര്‍ക്ക് ചിരപരിചിതരായ വില്ലന്‍മാരും ബാറ്റ്മാനെതിരെ അണി നിരക്കുന്നു. ‘ദെയര്‍ വില്‍ ബി ബ്ലഡ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പോള്‍ ഡാനോ റിഡ്‌ലറുടെ വേഷത്തിലുണ്ട്. കോളിന്‍ ഫാരലാണ് പെന്‍ഗ്വിനെ അവതരിപ്പിക്കുന്നത്. ജോണ്‍ ടര്‍ടറോയാണ് കാര്‍മൈന്‍ ഫാല്‍ക്കോണിയുടെ വേഷത്തില്‍. സോ ക്രാവിറ്റ്‌സ് ക്യാറ്റ് വുമണാകുന്നു. പീറ്റര്‍ സാര്‍സ്ഗാഡ് ഗോഥം ഡിസ്ട്രിക്ട് അറ്റോര്‍ണി ഗില്‍ കോള്‍സണിന്റെ കോട്ടണിയും. ജെഫ്രി റൈറ്റ് ഗോഥം സിറ്റി കമ്മീഷണര്‍ ഗോര്‍ഡന്റെ റോളിലുണ്ട്. നടനും സംവിധായകനുമായ ആന്‍ഡി സെര്‍ക്കിസാണ് ബ്രൂസ് വെയ്‌നിന്റെ വിശ്വസ്ത വലംകൈയായ ആല്‍ഫ്രഡ് പെന്നിവര്‍ത്ത്.

ട്രെയ്‌ലറിനെ പ്രശംസിച്ച് ജസ്റ്റിസ് ലീഗ് സംവിധായകന്‍ സാക് സ്‌നൈഡറെത്തി. ‘ഇത് വിസ്മയകരമാണ്’ എന്ന് സ്‌നൈഡര്‍ ട്വീറ്റ് ചെയ്തു. ‘വളരെ നന്ദി, സുഹൃത്തേ, എനിക്കിത് വളരെ വിലപ്പെട്ട പ്രതികരണമാണ്.’ എന്നായിരുന്നു മാറ്റ് റീവ്‌സിന്റെ മറുപടി. മാന്‍ ഓഫ് സ്റ്റീല്‍, ബാറ്റ്മാന്‍ വേഴ്‌സസ് സൂപ്പര്‍മാന്‍, ജസ്റ്റിസ് ലീഗ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സ്‌നൈഡര്‍ ഡിസി എക്‌സ്‌റ്റെന്‍ഡഡ് യൂണിവേഴ്‌സിലേക്ക് തിരികെയെത്തണമെന്ന് ആവശ്യപ്പെട്ടുള്ള ട്വീറ്റുകളും ഇക്കൂട്ടത്തിലെത്തി.

മാറ്റ് റീവ്‌സും പീറ്റര്‍ ക്രെയിഗും ചേര്‍ന്നൊരുക്കിയ ബാറ്റ്മാന്‍ തിരക്കഥയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഗ്രെഗ് ഫ്രേസറാണ്. മൈക്കിള്‍ ജിയാച്ചിനോ സംഗീതം നല്‍കുന്നു. 200 ദശലക്ഷം ഡോളര്‍ നിര്‍മ്മാണച്ചെലവ് പറയപ്പെടുന്ന ചിത്രം വാര്‍ണര്‍ ബ്രദേഴ്‌സ് വിതരണത്തിനെത്തിക്കും.

2020 ജനുവരിയിലാണ് ബാറ്റ്മാന്റെ ചിത്രീകരണം ആരംഭിച്ചത്. ‘വെഞ്ചന്‍സ്’ എന്ന വര്‍ക്കിങ്ങ് ടൈറ്റില്‍ പിന്നീട് മാറ്റി. കൊവിഡ് വ്യാപനവും പ്രൊഡക്ഷന്‍ ടീമിലെ ഡയലക്ട് കോച്ച് ആന്‍ഡ്രൂ ജാക്കിന്റെ അപ്രതീക്ഷിത മരണവും കാരണം ഷൂട്ടിങ്ങ് ഇടയ്ക്ക് തടസപ്പെട്ടു. സെപ്റ്റംബര്‍ മൂന്നിന് ഷൂട്ട് പുനരാരംഭിച്ചെങ്കിലും പാറ്റിന്‍സണ്‍ കൊവിഡ് പോസിറ്റീവായതോടെ വീണ്ടും മുടങ്ങി. സെപ്റ്റംബര്‍ 17ന് വീണ്ടും തുടങ്ങിയ ചിത്രീകരണം 2021 മാര്‍ച്ച് 13നാണ് പൂര്‍ത്തിയാക്കിയത്. 2022 മാര്‍ച്ച് നാലിന് ബാറ്റ്മാന്‍ തിയേറ്ററുകളിലെത്തും.