ട്വന്റി ട്വന്റി ലോകകപ്പ് മത്സരത്തില്‍ പാക് ടീമിനോട് ഇന്ത്യന്‍ സ്ക്വാഡ് തോറ്റതിന്റെ പേരില്‍ ഇന്ത്യന്‍ ബോളര്‍ മുഹമ്മദ് ഷമിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നതിനിടെ നിലപാട് വ്യക്തമാക്കി ബിസിസിഐ. ഷമിയും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും മൈതാനത്ത് കൈകോര്‍ക്കുന്നതിന്റെ ചിത്രം ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവെച്ചു. ‘അഭിമാനമുള്ള ഇന്ത്യ, ശക്തമായി ഉയര്‍ന്ന് മുന്നോട്ടുപോകും’ എന്ന ക്യാപ്ഷനോടെയാണ് പ്രതികരണം.
മൊഹമ്മദ് ഷമിക്കെതിരെ നടക്കുന്ന ഓണ്‍ലൈന്‍ ആക്രമണത്തെ അപലപിച്ചും ഇന്ത്യന്‍ ബോളറോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ടീമംഗങ്ങളും മുന്‍ താരങ്ങളും രംഗത്തെത്തിയിരുന്നു. നമ്മള് ടീം ഇന്ത്യക്ക് പിന്തുണ നല്കുമ്പോള് ടീമിനെ പ്രതിനിധീകരിക്കുന്ന എല്ലാവരേയുമാണ് പിന്തുണയ്ക്കുന്നതെന്ന് സച്ചിന് ടെന്‍ഡുല്‍ക്കര്‍ ട്വീറ്റ് ചെയ്തു. അര്‍പ്പണബോധമുള്ള, ലോകോത്തര ബോളറാണ് ഷമി. മറ്റ് കായിക താരങ്ങള്ക്കുണ്ടാകുന്നതുപോലെ ഒരു മോശം ദിവസം ഷമിക്കുമുണ്ടായി. താന്‍ ഷമിക്കും ടീം ഇന്ത്യക്കും ഒപ്പമാണെന്നും സച്ചിന് വ്യക്തമാക്കി.
ഷമിക്കെതിരെ നടക്കുന്ന അധിക്ഷേപം ഞെട്ടിക്കുന്നതാണെന്ന് മുന്‍ ഇന്ത്യന്‍ ബാറ്റര്‍ വിരേന്ദര്‍ സെവാഗ് പറഞ്ഞു. ഞങ്ങള്‍ ഷമിക്കൊപ്പമാണ് നില്‍ക്കുന്നത്. അദ്ദേഹം ഒരു ചാംപ്യനാണ്. ഓണ്‍ലൈന്‍ ആള്‍ക്കൂട്ടത്തേക്കാള്‍ ഇന്ത്യന്‍ ജേഴ്സിയണിയുന്ന ഏതൊരാളും ഇന്ത്യയെ നെഞ്ചിലേറ്റുന്നുണ്ടെന്നും സെവാഗ് ട്വീറ്റ് ചെയ്തു.
വിദ്വേഷപ്രചാരകര്‍ക്കെതിരെ രൂക്ഷപ്രതികരണമാണ് മുന്‍ ബോളര്‍ ഇര്ഫാന് പഠാന് നടത്തിയത്. ‘ഇന്ത്യ പാകിസ്താന് പോരാട്ടങ്ങളില്‍ നമ്മള് തോറ്റപ്പോഴൊക്കെ ഞാനും ടീമിലുണ്ടായിരുന്നിട്ടുണ്ട്. പാകിസ്താനിലേക്ക് പോകാന്‍ എന്നോടൊരിക്കലും പറഞ്ഞിട്ടില്ല. കുറച്ചുവര്‍ഷം മുന്‍പത്തെ ഇന്ത്യയേക്കുറിച്ചാണ് ഞാന്‍ പറയുന്നത്. ഈ വൃത്തികേട് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു,’ ഇര്ഫാന് ചൂണ്ടിക്കാട്ടി.
മൊഹമ്മദ് ഷമിയെ ഓര്‍ത്ത് ഏറെ അഭിമാനിക്കുന്നെന്ന് ഇന്ത്യന്‍ ടീമംഗം യൂസ്വേന്ദ്ര ചാഹല്‍ ട്വീറ്റ് ചെയ്തു. അനാരോഗ്യകരമായ വിമര്‍ശനങ്ങളെ അപലപിച്ച് മുന്‍ ഇന്ത്യന്‍ താരം യൂസഫ് പഠാനും ട്വിറ്ററിലൂടെ പ്രതികരിച്ചു.
പാകിസ്താനോട് പത്ത് വിക്കറ്റിന് തോറ്റതിന് ശേഷം ഒരു വിഭാഗമാളുകള്‍ മൊഹമ്മദ് ഷമിയെ ലക്ഷ്യമിടുകയായിരുന്നു. ടീമിന്റെ മൊത്തം പ്രകടനത്തെ ആരോഗ്യപരമായി വിമര്‍ശിക്കുന്നതിനേക്കാള്‍ ഷമിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനാണ് ഇക്കൂട്ടര്‍ താല്പര്യം കാണിച്ചത്. ഷമിയുടെ മതം ചൂണ്ടിയുള്ള അധിക്ഷേപങ്ങളായിരുന്നു കൂടുതലും. ഷമി പാകിസ്താന്റെ പണം വാങ്ങിയാണ് കളിക്കുന്നതെന്നും പാകിസ്താനിലേക്ക് പോകണമെന്നും ബോളറുടെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ക്ക് കീഴെ ആക്രോശങ്ങളുയരുകയുണ്ടായി.