ബിഡിജെഎസ് തല്‍ക്കാലം ഇടത്തേക്കില്ല, എന്‍ഡിഎയില്‍ തന്നെ നില്‍ക്കും; തീരുമാനം ഏപ്രില്‍ 22ന് ശേഷം

കൊല്ലം: തിടുക്കപ്പെട്ട് എന്‍ഡിഎ വിടുന്ന കാര്യം ആലോചിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ധാരണ. സംഘടന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമായി കേന്ദ്രമന്ത്രി അമിത്ഷാ, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് എന്നിവര്‍ ഫോണില്‍ ചര്‍ച്ച നടത്തിയെന്നും തുടര്‍ന്ന് നിലപാട് മയപ്പെട്ടുവെന്നാണ് അറിയാന്‍ കഴിയുന്നത്.

വൈകാതെ തന്നെ ഡല്‍ഹിയിലെത്തി തുഷാര്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തും. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ തുഷാറിനെ കൗണ്‍സില്‍ ചുമതലപ്പെടുത്തി. 15ന് വീണ്ടും കൗണ്‍സില്‍ യോഗമുണ്ട്. ഈ യോഗത്തില്‍ തുടര്‍ചര്‍ച്ചകളുണ്ടാവും. 22ന് നടക്കുന്ന എസ്എന്‍ഡിപി യോഗം വാര്‍ഷിക പൊതുയോഗത്തിലുയരുന്ന പൊതുവികാരവും ഭാവിതീരുമാനങ്ങളെ സ്വാധീനിക്കും.

അതേ സമയം എന്‍ഡിഎ വിട്ട് എല്‍ഡിഎഫിനൊപ്പം നില്‍ക്കണമെന്ന അഭിപ്രായം ഒരു വിഭാഗം ശക്തമായി ഉയര്‍ത്തുന്നു. പിന്നോക്ക സമുദായങ്ങളുടെ മുന്നണി ഉണ്ടാക്കണമെന്ന് അഭിപ്രായമുള്ളവരുമുണ്ട്.

ബിജെപിയിലെ കുതികാല്‍വെട്ടും വോട്ട് കച്ചവടവും എന്‍ഡിഎയുടെ കുതിപ്പിനെ ബാധിച്ചു. മുന്നണിയെ ഒറ്റക്കെട്ടായി നിര്‍ത്തി സമരങ്ങളോ പ്രചരണമോ സംഘടിപ്പിക്കാന്‍ ബിജെപി നേതൃത്വത്തിന് കഴിയുന്നില്ല. പ്രകടന പത്രിക തയ്യാറാക്കുന്നതില്‍ നിന്ന് ബിഡിജെഎസിനെ പൂര്‍ണ്ണമായി അവഗണിച്ചുവെന്നും കൗണ്‍സില്‍ വിലയിരുത്തി.

ബിജെപി സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി എം ഗണേശനെതിരെയും ആരോപണങ്ങള്‍ ഉണ്ടായി. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കുണ്ടായ പരാജയത്തെ കുറിച്ചും ബിജെപി വോട്ട് മറിച്ചതായ ആരോപണത്തെ കുറിച്ചും അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. 15നകം ഈ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇത് ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചു നടപടി ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.