ബിഡിജെഎസ് ഇടത്തേക്ക്; നീക്കങ്ങള്‍ സജീവം, തീരുമാനം ഇന്നറിയാം

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ എന്‍ഡിഎ വിടാനൊരുങ്ങി ബിഡിജെഎസ്. ഇതിന്റെ ആദ്യ പടിയായ എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനം തുഷാര്‍ വെള്ളാപ്പള്ളി ഒഴിഞ്ഞേക്കും. ഇക്കാര്യം മുതിര്‍ന്ന ബിജെപി നേതാക്കളെ തുഷാര്‍ അറിയിച്ചെന്നാണ് ബിഡിജെഎസ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

ഇടതുമുന്നണിയില്‍ പ്രവേശനം തേടാനുള്ള സാധ്യതകളാണ് തുഷാര്‍ വെള്ളാപ്പള്ളിയും നേതാക്കളും അന്വേഷിക്കുന്നതെന്നറിയുന്നു. ഇക്കാര്യത്തില്‍ ഇന്ന് കൊല്ലത്ത് നടക്കുന്ന ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമുണ്ടാവും.

ബിജെപി നേതൃത്വത്തിന്റെ ഭാഗത്തു നിന്നുള്ള നിരന്തര അവഗണനയാണ് അകല്‍ച്ചക്ക് മുഖ്യകാരണമെന്ന് ബിഡിജെഎസ് പറയുന്നു. ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ ബിജെപി അണികള്‍ വിമുഖത കാണിക്കുന്നുവെന്നും അവര്‍ ആരോപിക്കുന്നു. മണ്ഡലങ്ങളിലെ വോട്ട് കണക്ക് മുന്നോട്ട് വെച്ചാണ് ഈ ആരോപണം.

നേരത്തെ ആറ് ശതമാനം വോട്ട് മാത്രമുണ്ടായിരുന്ന ബിജെപിക്ക് വോട്ട് 15 ശതമാനത്തിലേക്ക് എത്തിക്കാന്‍ സാധിച്ചത് ബിഡിജെഎസ് മുന്നണിയുടെ ഭാഗമായി മാറിയതിന് ശേഷമാണ് തുഷാര്‍ വിഭാഗം നേതാക്കള്‍ പറയുന്നു. എന്നാല്‍ ബിജെപിയിലെ തമ്മിലടിയും കുതികാല്‍വെട്ടും വോട്ടുകച്ചടവും എന്‍ഡിഎയുടെ മുന്നോട്ടുള്ള കുതിപ്പിനെ സാരമായി ബാധിച്ചുവെന്നാണ് ബിഡിജെഎസ് വിലയിരുത്തല്‍.

എന്‍ഡിഎ സംവിധാനം സംസ്ഥാന തലത്തില്‍ മാത്രമേയുള്ളൂ. താഴെ തട്ടില്‍ അങ്ങനെയൊരു സംവിധാനമില്ല. എല്ലാം ബിജെപിയാണ് തീരുമാനിക്കുന്നത്. ബിജെപി നടത്തിയ വിജയ യാത്രയില്‍ ബിഡിജെഎസിനെ പങ്കെടുപ്പിച്ചില്ല. അത് പിണറായി വിജയന്റെ വിജയത്തിലേക്കുള്ള യാത്രയായി മാറുകയായിരുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

ഈ സാഹചര്യത്തില്‍ തങ്ങളുടെ വോട്ടുകള്‍ എല്‍ഡിഎഫിലേക്കും യുഡിഎഫിലേക്കും പോകുന്ന സാഹചര്യമുണ്ടായി. ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലേക്ക് ബിജെപിയുടെ ദേശീയ നേതാക്കളൊന്നും പ്രചരണത്തിനെത്തിയില്ല. ബിജെപി അണികളും വോട്ട മറിച്ചു. കേന്ദ്ര നേതൃത്വം വാഗ്ദാനം നല്‍കിയ ബോര്‍ഡുകളും കോര്‍പ്പറേഷനും ഇത് വരെ നല്‍കിയിട്ടില്ലെന്നും ഈഴവ സമുദായത്തോട് അവഗണന കാട്ടുന്നതായും പാര്‍ട്ടിക്ക് പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപി ബന്ധം അവസാനിപ്പിച്ച് ഇടതുപക്ഷത്തേക്ക് നീങ്ങാനുള്ള ബിഡിജെഎസ് ആലോചന.