‘മിമിക്രി ട്രൂപ്പില്‍ നിന്ന് കിട്ടുക 300 രൂപ’; സിനിമയില്‍ വരുന്നതിന് മുന്നേയുള്ള ജീവിതം പറഞ്ഞ് ഹരീഷ് കണാരന്‍

സിനിമയിലെത്തും മുന്നേ ഒരു ദിവസം പരമാവധി സമ്പാദിച്ചിരുന്നത് 600 രൂപയാണെന്ന് നടന്‍ ഹരീഷ് കണാരന്‍. മിമിക്രി ചെയ്യുന്ന കാലത്ത് കിട്ടിയിരുന്നത് 300 രൂപയായിരുന്നെന്ന് ഹരീഷ് പറഞ്ഞു. ഒരു ട്രൂപ്പില്‍ ഞങ്ങള്‍ പത്ത്-പന്ത്രണ്ട് പേരാണുണ്ടാകുക. ഒരു പരിപാടിക്ക് പോയാല്‍ ആകെ കിട്ടുന്നത് 12,000 മുതല്‍ 13,000 രൂപ വരെയാണ്. മിമിക്രി, ഡാന്‍സ്, കരോക്കെ ഗാനമേള എല്ലാം കൂടിയുള്ള പരിപാടിയാണ് നടത്തിയിരുന്നത്. വണ്ടിക്കൂലിയും ലൈറ്റ് ആന്റ് സൗണ്ടുമെല്ലാം കഴിഞ്ഞ് ശേഷിക്കുന്നത് വീതിച്ചെടുക്കുമ്പോള്‍ ഒരാള്‍ക്ക് കിട്ടിയിരുന്നത് 300 രൂപയാണെന്നും ഹരീഷ് പറഞ്ഞു. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹരീഷിന്റെ പ്രതികരണം.

ഡിസംബര്‍ മുതല്‍ മെയ് വരെയാണ് സീസണ്‍. അതുകഴിഞ്ഞാല്‍ അടുത്ത പരിപാടി കിട്ടാന്‍ ഓണക്കാലമാകണം. പ്രോഗ്രാം ഇല്ലാത്തപ്പോള്‍ പെയ്ന്റിങ്ങിന് പോകും.

ഹരീഷ് കണാരന്‍

മഴക്കാലമായാല്‍ പെയ്ന്റിങ്ങ് പണിയുമുണ്ടാകില്ല. അപ്പോള്‍ ഓട്ടോറിക്ഷ ഓടിക്കാന്‍ പോകും. തിയേറ്റര്‍ ഓപ്പറേറ്ററുടെ ജോലിയും ചെയ്യുമായിരുന്നു. അങ്ങനെ സംഭവബഹുലമായിരുന്നു അക്കാലത്തെ ജീവിതം. ദേവരാജന്‍ കോഴിക്കോട്, നിര്‍മല്‍ പാലാഴി എന്നിവര്‍ക്കൊപ്പമായിരുന്നു മിമിക്രി ട്രൂപ്പ് നടത്തിയിരുന്നത് ജാലിയന്‍ കണാരന്‍ എന്ന സ്‌കിറ്റ് കഥാപാത്രവും കോഴിക്കോടന്‍ ഭാഷയുമാണ് തന്നെ ക്ലിക്കാക്കിയതെന്നും ഹരീഷ് കണാരന്‍ പറഞ്ഞു.