‘തെറ്റുപറ്റി, ക്ഷമിക്കണം’; ബംഗാളില്‍ ബിജെപിക്ക് വോട്ട് ചെയ്തതില്‍ ക്ഷമ ചോദിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍, ഓട്ടോറിക്ഷയില്‍ മൈക്ക് കെട്ടി മാപ്പപേക്ഷ

കൊല്‍ക്കത്ത: ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ താഴെത്തട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബിജെപിയെ കയ്യൊഴിയുന്നെന്ന് സൂചന. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്തതില്‍ ക്ഷമ ചോദിച്ച് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുകയാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങള്‍ ബിജെപിയെ തെറ്റിദ്ധരിച്ചെന്ന് ഓട്ടോറിക്ഷകളില്‍ മൈക്ക് കെട്ടി തെരുവുകളിലൂടെ പ്രവര്‍ത്തകര്‍ നടത്തുന്ന അനൗണ്‍സ്‌മെന്റിന്റെ ചിത്രങ്ങള്‍ സഹിതമാണ് റിപ്പോര്‍ട്ട്.

ബംഗാളിലെ സൈന്ത്യ ജില്ല മുതല്‍ ഹൂഗ്ലി വരെയുള്ള പ്രദേശങ്ങളിലാണ് ഇത്തരത്തില്‍ മാപ്പപേക്ഷയുമായി പ്രവര്‍ത്തകര്‍ ഓട്ടോറിക്ഷകളില്‍ രംഗത്തെത്തിയിരിക്കുന്നത്. ബിജെപിയെ തെറ്റിദ്ധരിച്ചെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നല്‍കിയ പിന്തുണയില്‍ ഖേദിക്കെന്നുമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ മൈക്കുകളിലൂടെ വിളിച്ചുപറയുന്നത്.

ബംഗാളില്‍ ബിജെപിക്ക് അടിത്തറ പടുത്തുയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച മുകുള്‍ റോയി തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധത്തിലേക്ക് കടന്നിരിക്കുന്നത്. എന്നാല്‍, ഇത്തരം പരസ്യ അനൗണ്‍സ്‌മെന്റുകള്‍ക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്നാണ് ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്.

Also Read: മുകുള്‍ റോയ് ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങി; ബംഗാളില്‍ ബിജെപിക്ക് മേല്‍വിലാസമുണ്ടാക്കിയ നേതാവ്

തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ നടന്ന അക്രമ സംഭവങ്ങളില്‍ ബിജെപിയും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും തൃണമൂല്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തൃണമൂലിനോട് മാപ്പപേക്ഷിച്ച് ബിജെപി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന പൊതുയോഗങ്ങളിലെത്തിയും ബിജെപി പ്രവര്‍ത്തകര്‍ മാപ്പപേക്ഷ നടത്തുന്നുണ്ട്. ‘ഞങ്ങളെ ബിജെപി പാട്ടിലാക്കിയതാണ്. അതൊരു വഞ്ചനയുടെ പാര്‍ട്ടിയാണ്. മമതാ ബാനര്‍ജിക്ക് ബദലായി ഞങ്ങള്‍ക്കൊന്നുമില്ല. കൂടാതെ അവരുടെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ഞങ്ങള്‍ക്ക് താല്‍പര്യവുമുണ്ട്’, ബിജെപി പ്രവര്‍ത്തകര്‍ പറയുന്നതിങ്ങനെ.

സൈന്ത്യയില്‍ 300ഓളം ബിജെപി പ്രവര്‍ത്തകര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയവരാണ് ഇവരില്‍ ഭൂരിഭാഗവും. ‘ഞങ്ങള്‍ തെറ്റിദ്ധാരണയുടെ പുറത്താണ് ബിജെപിയിലേക്ക് പോയത്. ഇന്നുമുതല്‍ തൃണമൂലില്‍ ചേര്‍ന്ന് മമത ബാനര്‍ജിയുടെ വികസന പ്രവര്‍ത്തനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്’, അവരില്‍ ചിലര്‍ പറയുന്നു. യുവ മോര്‍ച്ചയുടെ മുന്‍ മണ്ഡലം പ്രസിഡന്റായ തപസ് സാഹയും ബിജെപിയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.