നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷം ബംഗാളില്‍ അടുത്ത ടാര്‍ജറ്റുമായി ബിജെപി; ഉന്നം തദ്ദേശ തെരഞ്ഞെടുപ്പും തൃണമൂലും

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പശ്ചിമ ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പ് പിടിക്കാന്‍ കരുക്കള്‍ നീക്കി ബംഗാള്‍ ബിജെപി. നൂറിലധികം തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ തകര്‍ക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി സംസ്ഥാനാധ്യക്ഷന്‍ ദിലീപ് ഘോഷ് പറയുന്നു.

‘ശരിയാണ്. നൂറിലധികം തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനെയാണ് ഞങ്ങള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഞങ്ങള്‍ക്കിപ്പോഴും ബംഗാളില്‍ നല്ല പിന്തുണയുണ്ട്. നാല് ശതമാനം വോട്ട് ഷെയറില്‍നിന്ന് 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍നിന്ന് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പായപ്പോഴേക്കും 40 ശതമാനമായി ഉയര്‍ന്നു. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതില്‍ നേരിയ കുറവുണ്ടായെന്നത് ശരിതന്നെ.പക്ഷേ, ഞങ്ങളുടെ ആത്മവിശ്വാസം തെല്ലും നഷ്ടപ്പെട്ടിട്ടില്ല’, ദിലീപ് ഘോഷ് പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

109 മുനിസിപാലിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പലതവണ മാറ്റിവെച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന് ദയനീയ തോല്‍വിയുണ്ടാകുമെന്ന് തിരിച്ചറിഞ്ഞ് മുഖ്യമന്ത്രി മമത ബാനര്‍ജി ഇടപെട്ട് തെരഞ്ഞെടുപ്പ് നീട്ടുകയാണെന്നാണ് സംസ്ഥാനാധ്യക്ഷന്റെ ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ 200 സീറ്റുകളിലധികം നേടുമെന്ന് പ്രഖ്യാപിച്ചിരുന്ന ബിജെപിക്ക് 77 ഇടത്ത് മാത്രമായിരുന്നു വിജയിക്കാനായത്. ബംഗാള്‍ ലക്ഷ്യമിട്ട് ബിജെപി ദേശീയ നേതാക്കളടക്കം സംസ്ഥാനത്ത് നിരന്തരം എത്തിയിരുന്നു. 292 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 213 ഇടത്തും വിജയമുറപ്പിച്ചായിരുന്നു തൃണമൂല്‍ ഭരണത്തുടര്‍ച്ചയിലേക്ക് എത്തിയത്. ഈ രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് അനുകൂലമല്ലെന്ന തിരിച്ചറിവില്‍, പ്രവര്‍ത്തകരോട് തദ്ദേശ തെരഞ്ഞെടുപ്പിന് സര്‍വ്വ ശക്തിയോടെയും സജ്ജരാവാന്‍ ആഹ്വനം ചെയ്തിരിക്കുകയാണ് ദിലീപ് ഘോഷ്.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍നിന്ന് ഒരു വലിയ വിഭാഗം നേതാക്കള്‍ തൃണമൂലില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെക്കുറിച്ച് ദിലീപ് ഘോഷിന്റെ പ്രതികരണം ഇങ്ങനെ. ‘ബംഗാളിനെ സംബന്ധിച്ചിടത്തോളം എല്ലാ തെരഞ്ഞെടുപ്പുകളും വെല്ലുവിളികള്‍ നിറഞ്ഞതാണ്. അതുകൊണ്ടുതന്നെ തദ്ദേശ തെരഞ്ഞെടുപ്പിനെ ഞങ്ങള്‍ നിസാരമായി കാണുന്നില്ല. ബിജെപി ജയിച്ച ഗ്രാമപഞ്ചായത്തുകളില്‍ തൃണമൂല്‍ അവരെ ഭരണം നടത്താന്‍ അനുവദിക്കുന്നില്ല. ജയിച്ച സ്ഥാനാര്‍ത്ഥികള്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. അവര്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ അഭയം തേടേണ്ട അവസ്ഥയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും തൃണമൂല്‍ കോണ്‍ഗ്രസ് അനുവദിക്കാത്ത സംഭവങ്ങളുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലും ഇക്കാര്യങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇതിനിടെയില്‍ ബിജെപി നേതാക്കള്‍ തൃണമൂലില്‍ ചേരാന്‍ ഒരുങ്ങുന്നു എന്നാണെങ്കില്‍ എനിക്കൊന്നും പറയാനില്ല. രാഷ്ട്രീയത്തില്‍ അത്തരം കാര്യങ്ങള്‍ സംഭവിക്കും. അതൊന്നും പുതിയ കാര്യമല്ല. ആളുകള്‍ വരികയും പോവുകയും ചെയ്യും. എന്റെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ യാതൊരു ചാഞ്ചല്യവുമില്ലാതെ പാര്‍ട്ടിക്കുവേണ്ടി അടിയുറച്ച് നിലകൊള്ളുമെന്നുതന്നെയാണ് എന്റെ വിശ്വാസം’.

ജനാധിപത്യത്തില്‍ ഏത് പാര്‍ട്ടിയില്‍ ചേരുന്നതില്‍നിന്നും ആരെയും ബലം പ്രയോഗിച്ച് തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: പഞ്ചാബില്‍ മൂന്ന് ആംആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; ശക്തി തെളിയിച്ച് അമരീന്ദര്‍ സിംഗ്

തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ ഭരണപരാജയങ്ങള്‍ എടുത്തുപറഞ്ഞുള്ള റിപ്പോര്‍ട്ടുകള്‍ കാര്‍ഡുകള്‍ തയ്യാറാക്കുകയാണ് അണിയറയില്‍ ബിജെപി. ആരോഗ്യം, വിദ്യാഭ്യാസം, ശുചീകരണം എന്നീ മേഖലകളില്‍ തൃണമൂലിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള ഓണ്‍ലൈന്‍ പ്രചരണങ്ങള്‍ ബിജെപി തുടങ്ങിക്കഴിഞ്ഞു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 42ല്‍ 18 സീറ്റും നേടിയായിരുന്നു ബംഗാളില്‍ ബിജെപിയുടെ മുന്നേറ്റം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുന്ന ശ്രമങ്ങളിലായിരുന്നു ദിലീപ് ഘോഷിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളായിരുന്നു പാര്‍ട്ടി നേടിയത്. ഇതില്‍നിന്നാണ് 18ലേക്കുള്ള വളര്‍ച്ച. 2019ല്‍ പ്രകടിപ്പിച്ച ഈ മുന്നേറ്റത്തിന് ശേഷം, നോര്‍ത്ത് കൊല്‍ക്കത്തയിലും സൗത്ത് കൊല്‍ക്കത്തയിലും ഉണ്ടായിരുന്ന വോട്ടിങ് രീതികളില്‍ മാറ്റമുണ്ടായിട്ടുണ്ടെന്നാണ് ബിജെപിയുടെ നിരീക്ഷണം. ഇവിടെ 26 വാര്‍ഡുകളിലാണ് പാര്‍ട്ടി ഭരിക്കുന്നത്. മമത ബാനര്‍ജിയുടെ സ്വന്തം വാര്‍ഡില്‍ പോലും 490 ഓളം വോട്ടുകള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ലഭിച്ചെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

Also Read: ഗുജറാത്ത് പിടിച്ചെടുക്കാന്‍ സച്ചിന്‍ പൈലറ്റ്?; പുതിയ നീക്കത്തിന് കോണ്‍ഗ്രസ്

2015ലെ കൊല്‍ക്കത്ത മുനിസിപല്‍ തെരഞ്ഞെടുപ്പില്‍ 114 വാര്‍ഡുകളില്‍ 11 ഇടത്താണ് തൃണമൂല്‍ ജയിച്ചത്. 15 സീറ്റുകള്‍ ഇടതുപാര്‍ട്ടികള്‍ സ്വന്തമാക്കി. ബിജെപിക്ക് ഏഴും കോണ്‍ഗ്രസിന് അഞ്ചും സീറ്റുകളാണ് നേടിയത്. സംസ്ഥാനത്തൊട്ടാകെയുള്ള 91 മുനിസിപാലിറ്റികളില്‍ 71 ഇടത്തും വിജയം തൃണമൂലിനൊപ്പമായിരുന്നു. ഈ നില മാറ്റി ബിജെപിയെ മുന്‍നിരയിലേക്ക് കൊണ്ടുവരുമെന്നാണ് പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്റെ കണക്കുകൂട്ടല്‍.