കൊല്‍ക്കത്ത: വരുന്ന ഭവാനിപൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതില്ലെന്ന തീരുമാനമെടുത്ത് കോണ്‍ഗ്രസ്. തൃണമൂല്‍ കോണ്‍ഗ്രസ് വന്‍വിജയം നേടിയപ്പോഴും മമത ബാനര്‍ജിക്ക് നന്ദിഗ്രാമില്‍ സുവേന്ദു അധികാരിക്കെതിരെ വിജയിക്കാനായിരുന്നില്ല. അത് കൊണ്ടാണ് ഭവാനിപൂര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ഭാവിയിലെ വിശാല പ്രതിപക്ഷ താല്പര്യങ്ങളെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ബംഗാള്‍ ഘടകത്തോട് മമതക്കെതിരെ സ്ഥാനാര്‍ത്ഥി വേണ്ടെന്ന താല്പര്യം അറിയിച്ചത്. മമതയുടെ കടുത്ത വിമശകനായ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആധിര്‍ രജ്ഞന്‍ ചൗധരിയും ഇക്കാര്യം സൂചിപ്പിച്ചു. വിശാല രാഷ്ട്രീയ താല്പര്യത്തെ മുന്‍നിര്‍ത്തി മമതക്കെതിരെ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് മത്സരിപ്പിച്ചേക്കില്ലെന്നാണ് തനിക്ക് തോന്നുന്നത് എന്നാണ് ചൗധരിയുടെ പ്രതികരണം.
ബംഗാള്‍ കോണ്‍ഗ്രസിന്റെ താല്പര്യം സൂചിപ്പിക്കുന്ന തരത്തിലാണ് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ പ്രദീപ് ഭട്ടാചാര്യയുടെ പ്രതികരണവും. എഐസിസി ഔദ്യോഗികമായി ഒന്നും ഇക്കാര്യത്തില്‍ വിനിമയം ചെയ്തിട്ടില്ല. ഞങ്ങള്‍ സിപിഐഎമ്മുമായി സഖ്യത്തിലാണ്. മാത്രമല്ല ഞങ്ങള്‍ ഇക്കാര്യം അവരുമായി ചര്‍ച്ച ചെയ്തിട്ടില്ല. പക്ഷെ വ്യക്തിപരമായി തന്റെ അഭിപ്രായം കോണ്‍ഗ്രസ് മമതക്കെതിരെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കേണ്ടതില്ല എന്നാണ് പ്രദീപ് ഭട്ടാചാര്യ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തന്നെ ഇക്കാര്യം അനൗദ്യോഗികമായി ബംഗാള്‍ ഘടകത്തോട് പറഞ്ഞിട്ടുണ്ട്. മമതയുമായുള്ള സോണിയയുടെ വ്യക്തിപരമായ ബന്ധത്തിനപ്പുറത്ത് പ്രതിപക്ഷ ഐക്യത്തെ മുന്‍നിര്‍ത്തിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെലും മമത ബാനര്‍ജിയും ഒരേ പോലെയാണെന്ന് രാഹുല്‍ ഗാന്ധി ഈയടുത്ത് പറഞിരുന്നു. മമതയില്ലാതെ കോണ്‍ഗ്രസിന് ഒരു പ്രതിപക്ഷ സംവിധാനം ആലോചിക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്.