മുപ്പത്തിയഞ്ച് വര്‍ഷം തുടര്‍ച്ചയായി ഭരിച്ചിട്ടും ഇത്തവണ ഒരു സീറ്റ് പോലുമില്ല; ബംഗാളില്‍ വിശദപരിശോധനക്ക് സിപിഐഎം

കൊല്‍ക്കത്ത: ഇത്തവണത്തെ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സംസ്ഥാനം ഏറെക്കാലം തുടര്‍ച്ചയായി ഭരിച്ച സിപിഐഎമ്മിന് വലിയ തകര്‍ച്ചയാണ് സംഭവിച്ചത്. നിയമസഭയില്‍ ഒരു സീറ്റ് പോലും നേടാനായില്ലെന്ന് മാത്രമല്ല വോട്ട് ശതമാനം വളരെ കുറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും പയറ്റിയ സത്വരാഷ്ട്രീയമാണ് തങ്ങളുടെ പരാജയത്തിന് കാരണമായതെന്ന് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സിപിഐഎം പറഞ്ഞിരുന്നു. ഇപ്പോള്‍ എന്ത് കൊണ്ട് പരാജയം എന്നതിന്റെ കാരണങ്ങള്‍ അന്വേഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പാര്‍ട്ടി.

സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ യോഗം വിളിച്ച് വിശകലനം നടത്തി പരാജയ കാരണങ്ങള്‍ നടത്തുന്ന പതിവ് രീതി ഇത്തവണ സിപിഐഎം ഉപേക്ഷിച്ചിരിക്കുകയാണ്. അതിന് പകരം താഴോട്ടിറങ്ങി വന്ന് ഓരോ ജില്ലാ കമ്മറ്റികളുടെയും അഭിപ്രായങ്ങളും വിശകലനവും തേടാനാണ് തീരുമാനം. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ഈ രീതിയാണ് കൂടുതല്‍ സഹായിക്കുക എന്ന വിലയിരുത്തലും നേൃത്വത്തിനുണ്ട്.

അതിന്റെ ഭാഗമായി ഞായറാഴ്ചയും തിങ്കളാഴ്ചയുമായി രണ്ട് ദിവസത്തെ യോഗം നടത്തുകയാണ്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കോണ്‍ഗ്രസുമായും ഐഎസ്എഫുമായും ഉള്ള സഖ്യം അവസാനിപ്പിക്കണമെന്ന് നിരവധി നേതാക്കള്‍ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ആവശ്യപ്പെട്ടിരുന്നു. തനത് രാഷ്ട്രീയ സ്വഭാവം നഷ്ടപ്പെടുകയും അത് വഴി തങ്ങള്‍ക്ക് വോട്ട് ചെയ്തിരുന്നവര്‍ മറ്റ് വഴികള്‍ തേടുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു. ഈ പാര്‍ട്ടികളുമായുള്ള സഖ്യത്തെ കുറിച്ചും യോഗത്തില്‍ കാര്യമായ ചര്‍ച്ചകള്‍ നടന്നേക്കാം.