എച്ച്ഐവി, അനാഥത്വം, ആലിംഗനം; ബെന്‍സനോടെ വേരറ്റ് ഒരു കുടുംബം

പത്തൊന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഈ ചിത്രമോ, അതിലെ സുഷമ സ്വരാജിന്റെ ആലിംഗനത്തില്‍ പുഞ്ചിരിച്ചുനില്‍ക്കുന്ന കുട്ടികളെയോ കേരളം മറന്നുകാണില്ല. എച്ച്‌ഐവി ബാധിതരായതിനാല്‍ സ്‌കൂള്‍ പ്രവേശനത്തില്‍ വിവേചനം നേരിട്ട ബെന്‍സനിന്റെയും സഹോദരി ബെന്‍സിയുടേതുമാണ് ആ മുഖങ്ങള്‍. വര്‍ഷങ്ങള്‍ക്കിപ്പുറം അവരില്‍ അവശേഷിച്ച ബെന്‍സനും 26-ാം വയസില്‍ ഓര്‍മ്മയാകുന്നു.

കുമ്മല്ലൂര്‍ കട്ടച്ചല്‍ ബിന്‍സി ബംഗ്ലാവില്‍ പരേതരായ സി കെ ചാണ്ടിയുടെയും പ്രിന്‍സിയുടെയും മക്കളായി ആയിരുന്നു ബെന്‍സന്റെയും ബെന്‍സിയുചെയും ജനനം. 1997-ല്‍ അച്ഛനും 2000-ല്‍ അമ്മയും എച്ച്‌ഐവി ബാധിതയെതുടർന്ന് മരണപ്പെട്ടു. ഇതോടെ അനാഥരായ കുട്ടികള്‍ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും സംരക്ഷണത്തിലായിരുന്നു. എയ്ഡ്‌സിനെക്കുറിച്ചും രോഗ വ്യാപനത്തെക്കുറിച്ചുമുള്ള അബദ്ധ ധാരണകള്‍ക്ക് നടുവില്‍ ആറും ഏഴും വയസുള്ള ആ കുരുന്നുകള്‍ സമപ്രായക്കാർക്കൊപ്പം വിദ്യാഭ്യാസത്തിന് അനുവാദം ലഭിക്കാതെ സ്കൂള്‍ വരാന്തകളിറങ്ങുന്നത് വേദനയോടെയാണ് ലോകം കണ്ടത്.

ചില മാതാപിതാക്കള്‍ കുട്ടികളെ തങ്ങളുടെ മക്കള്‍ക്കൊപ്പമിരുത്തരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയതായിരുന്നു പ്രതിസന്ധി. നിരവധി സ്കൂകളില്‍ നിന്ന് ഇക്കാരണത്താല്‍ അവർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. തുടർന്ന് 2003-ല്‍ കുട്ടികളുടെ സ്കൂള്‍ പ്രവേശനം ആവശ്യപ്പെട്ട് മുത്തച്ഛനായ ഗീവർഗീസ് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരമിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി ഉന്നതതല യോഗം വിളിച്ചുചേർത്ത് കുട്ടികളെ സീതക്കുഴി എല്‍പി സ്‌കൂളില്‍ ചേര്‍ക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ ഒരു വിഭാഗം മാതാപിതാക്കള്‍ ഉത്തരവിനെ ശക്തമായി എതിര്‍ത്തതിനെ തുടര്‍ന്ന് വീട്ടിലും ഹെഡ്മാസ്റ്ററിന്റെ ഓഫീസ് മുറിയിലുമായി ആയിരുന്നു കുട്ടികളുടെ പ്രത്യേക പഠനം.

മറ്റുകുട്ടികളെല്ലാം ക്ലാസിലെത്തിക്കഴിഞ്ഞ് ഓഫീസ് മുറിയിലെത്തി, എല്ലാവര്‍ക്കും മുന്‍പ് വീട്ടിലേക്ക് മടങ്ങി, സഹപാഠികളുമായി സമ്പര്‍ക്കമില്ലാതെയുള്ള പഠനം. മാതാപിതാക്കളുടെ ഭീതിയകറ്റാന്‍ അന്ന് അധ്യാപകര്‍ തിരഞ്ഞെടുത്ത വഴി അതായിരുന്നു.

അന്താരാഷ്ട്ര മാധ്യമങ്ങളുടെ അടക്കം ശ്രദ്ധനേടിയ സംഭവം വലിയ വാര്‍ത്തയായി. 2003 സെപ്റ്റംബറില്‍ അന്ന് കേന്ദ്രമന്ത്രിയായിരുന്ന സുഷമ സ്വരാജ് കുട്ടികളെ സന്ദര്‍ശിച്ചു. ഇരുവരെയും ചേര്‍ത്തു നിര്‍ത്തി നെറുകയില്‍ ചുംബിച്ച സുഷമ സ്വരാജ് എച്ച്‌ഐവി രോധബാധിതര്‍ക്ക് നേരെയുള്ള അബന്ധ ധാരണകള്‍ക്ക് മറുപടി കൊടുത്തു. അവരെ തൊടുന്നതുകൊണ്ടോ, ആലിംഗനം ചെയ്യുന്നതുകൊണ്ടോ, സ്‌നേഹിക്കുന്നതുകൊണ്ടോ എയ്ഡ്‌സ് പകരില്ലെന്ന് ആവര്‍ത്തിച്ചു. അഞ്ചു വര്‍ഷത്തേക്ക് കുട്ടികളുടെ ചികില്‍സയ്ക്കും പഠനത്തിനുമുള്ള സംവിധാനമൊരുക്കുമെന്ന് ഉറപ്പുനല്‍കിക്കൊണ്ടായിരുന്നു മന്ത്രിയുടെ മടക്കം.

തങ്ങള്‍ നേരിടുന്ന വിവേചനത്തിന്റെ ആഴമറിയാതെ നേരിടാനിരിക്കുന്ന പ്രതിസന്ധികളെ ഭയക്കാതെ് അന്നവര്‍ ക്യാമറകള്‍ നോക്കി ചിരിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ആ ചിത്രങ്ങളിലേക്കവര്‍ മാഞ്ഞു. 2010 -ല്‍ പതിനഞ്ചാം വയസില്‍ ബെന്‍സി മരണപ്പെട്ടു. 2005-ല്‍ മുത്തശ്ശന്‍ ഗീവർഗീസും, കുറച്ചുനാളുകള്‍ക്ക് മുന്‍പ് മുത്തശ്ശി സാലിക്കുട്ടിയും മരിച്ചു. കുടുംബത്തിലെ അവസാന കണ്ണിയായിരുന്ന ബെന്‍സനെ ഞായറാഴ്ച കൊട്ടാരക്കരയിലെ ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കൊട്ടാരക്കരയിലെ വീട്ടില്‍ ബന്ധുവിന്റെ സംരക്ഷണത്തിലായിരുന്നു ബെന്‍സന്‍. പ്രണയ നൈരാശ്യമാണ് മരണകാരണമെന്നാണ് പൊലീസിന് ലഭിച്ച മൊഴി. ഇതോടെ കൊല്ലം ജില്ലയില്‍ ആദ്യമായി എച്ച്‌ഐവി സ്ഥിരീകരിച്ച കുടുംബത്തിലെ അവസാന കണ്ണിയാണ് അറ്റുപോകുന്നത്.