നഷ്ടം ആയിരം കോടി പിന്നിട്ടു, ഇനിയും കൂടും; ലോക്ഡൗണ്‍ കഴിഞ്ഞാല്‍ ബീവറേജസ് ഔട്ട്‌ലറ്റുകള്‍ തുറക്കണമെന്ന് ബെവ്‌കോ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ അവസാനിച്ചയുടന്‍ ബീററേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന ആവശ്യവുമായി ബെവ്‌കോ. ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടന്നതു കാരണമുള്ള നഷ്ടം ആയിരം കോടി പിന്നിട്ടു. ഇനിയും ഔട്ട്‌ലെറ്റുകള്‍ അടഞ്ഞു കിടന്നാല്‍ നഷ്ടം കനക്കുമെന്ന് ബെവ്‌കോ എംഡി സര്‍ക്കാരിനെ അറിയിച്ചു.

മദ്യ വില്‍പന നിലച്ചതിലുള്ള നഷ്ടത്തിന് പുറമേ, ശമ്പളം, കടവാടക എന്നിവയ്ക്കും വലിയ തുക ആവശ്യമായിരിക്കുകയാണ്. ഇതിനായി സര്‍ക്കാരിന്റെ സഹായവും വേണ്ടി വരും. ഇതെല്ലാം കണക്കിലെടുത്ത്‌ വൈകാതെ ഔട്ട്‌ലെറ്റുകള്‍ തുറക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ബെവ്‌കോ എംഡി യോഗേഷ് ഗുപ്ത സര്‍ക്കാരിനു മുന്നില്‍ വെച്ചിരിക്കുന്നത്.

ആരോഗ്യവകുപ്പിന്റെ തീരുമാനം കണക്കിലെടുത്താകും സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിലേക്ക് കടക്കുക. ബാറുകള്‍, ബീവ്‌റേജസ് ഔട്ട്‌ലെറ്റുകള്‍ എന്നിവ ഉടന്‍ തുറക്കേണ്ടെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ നേരത്തെയുള്ള നിലപാട്. മെയ് 30 വരെയാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ആരോഗ്യവകുപ്പിന്റെ നിലപാട് അറിഞ്ഞശേഷമായിരിക്കും ഔട്ട്‌ലെറ്റുകള്‍ തുറക്കണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

Also Read: കൊടകര കുഴല്‍പണക്കേസ്; ഒമ്പത് ലക്ഷം കണ്ടെടുത്തു; മൂന്നരക്കോടിയില്‍ ബിജെപി ജില്ലാ ട്രഷററെ ചോദ്യം ചെയ്യുന്നു

ഔട്ട്‌ലെറ്റുകള്‍ അനിശ്ചിതമായി അടഞ്ഞു കിടന്നാല്‍ വ്യാജ മദ്യത്തിന്റെ ഒഴുക്കുണ്ടാവാനുള്ള സാധ്യതയും എക്‌സൈസ് വകുപ്പ് തള്ളിക്കളയുന്നില്ല. നിരീക്ഷണം ശക്തമാക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് വകുപ്പ്.