തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് മുമ്പില്‍ ആളുകള്‍ തടിച്ചുകൂടുന്ന സാഹചര്യം ചൂണ്ടിക്കാട്ടി ഇടപെടല്‍ വേണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങി ബെവ്കോ. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് ബെവ്കോ ജീവനക്കാര്‍ക്ക് അടിയന്തര സര്‍ക്കുലര്‍ നല്കി. കൗണ്ടറുകളുടെ എണ്ണം കൂട്ടുന്നതടക്കമുള്ള കാര്യങ്ങള്‍ ഉടന്‍ നടപ്പിലാക്കുമെന്നും ബെവ്കോ സര്‍ക്കുലറില്‍ അറിയിച്ചു.
ഔട്ട്ലെറ്റുകള്‍ക്ക് മുമ്പില്‍ കൊവിഡ് ചട്ടങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അനൗണ്‍സ്മെന്റുകള്‍ നടത്തണം. മദ്യം വാങ്ങാനെത്തുന്നവര്‍ക്കായി ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തണം. ആവശ്യമെങ്കില്‍ പൊലീസ് സഹായം തേടണം. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വട്ടം വരച്ച് ക്യൂ സംവിധാനം ഏര്‍പ്പെടുത്തണം. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് കുടിവെള്ളം നല്‍കണം തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍.
നിലവില്‍ രണ്ട് കൗണ്ടറുകളുള്ള സ്ഥലത്ത് ആറ് കൗണ്ടറുകള്‍ ആരംഭിക്കണമെന്നാണ് മറ്റൊരു പ്രധാന നിര്‍ദ്ദേശം. അടിസ്ഥാന സൗകര്യമില്ലാത്ത ഔട്ട്ലെറ്റുകള് മാറ്റണം. പ്രതിദിനം 30 ലക്ഷത്തില്‍ക്കൂടുതല്‍ വില്പന നടക്കുന്ന ഔട്ട്ലെറ്റുകളുടെ ചിത്രങ്ങളും വീഡിയോകളും ബെവ്കോയ്ക്ക് അയക്കണമെന്നും ആവശ്യപ്പെടുന്നു.
Also Read: തര്‍ക്കം പരിഹരിച്ചു; ബാറുകളിലെ മദ്യവില്പന ഇന്നുമുതല്‍, തുറക്കുമെങ്കിലും ഇരിക്കാനാവില്ല
ബാറുകളും കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകളും കൂടി ഇന്നുമുതല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ബെവ്കോ ഔട്ട്ലെറ്റുകളുടെ മുമ്പിലെ തിരക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മദ്യശാലകള്‍ക്ക് മുമ്പില്‍ വലിയ തിരക്കുണ്ടാവുന്നതില് ഹൈക്കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. ഈ തിരക്ക് അനുവദിക്കാനാവില്ലെന്നും കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ വിവാഹ ചടങ്ങുകള്‍ക്ക് 20 പേര് മാത്രം പങ്കെടുക്കുമ്പോള്‍ ബെവ്കോയ്ക്ക് മുന്നില്‍ കൂട്ടയിടിയാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു വിമര്‍ശനം.
മദ്യശാലകളിലെ ആള്‍ക്കൂട്ടമൊഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. ചൊവ്വാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ മറുപടി അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.