‘ലാത്തി ഗായക്’; പവന്‍ കല്യാണിന്റെ അമ്പതാം ജന്മദിനത്തില്‍ ‘ഭീംല നായക്’ ടൈറ്റില്‍ സോങ്ങെത്തി

‘അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്കായ ‘ഭീംല നായകി’ന്റെ ടൈറ്റില്‍ സോങ് എത്തി. പവന്‍ കല്യാണിന്റെ 50-ാം ജന്മദിനത്തില്‍ അല്ലു അര്‍ജുന്‍, രാകുല്‍ പ്രീത്, രവി തേജ, തുടങ്ങിയ സെലിബ്രിറ്റികള്‍ ചേര്‍ന്നാണ് ലിറിക് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തത്. ഭീംല നായക് എന്ന കേന്ദ്ര കഥാപാത്രത്തേക്കുറിച്ചുള്ള വിവരണങ്ങളാണ് എസ് തമന്‍ ഈണമിട്ട പാട്ടില്‍. ആന്ധ്ര-തെലങ്കാന വനങ്ങളുടെ ദൃശ്യഭംഗി ഒപ്പിയെടുക്കുന്ന രംഗങ്ങള്‍ ഗാനത്തിലുണ്ട്. പ്രശസ്ത ഡ്രമ്മര്‍ ശിവമണി ലൈവ് പെര്‍കഷനുമായി വീഡിയോയിലുണ്ട്.

അയ്യപ്പനും കോശിയിലെ ‘കലക്കാത്ത’ എന്നുതുടങ്ങുന്ന ടൈറ്റില്‍ സോങ്ങ് ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. ചിത്രത്തില്‍ ഒരു വേഷം ചെയ്ത ആദിവാസി മുത്തശ്ശി നഞ്ചമ്മയാണ് വരികളെഴുതി ആലപിച്ചത്. ജേക്‌സ് ബിജോയിയുടേതായിരുന്നു സംഗീതം. ഭീംല നായക് ടൈറ്റില്‍ സോങ്ങ് എഴുതിയിരിക്കുന്നത് രാമജോഗയ്യ ശാസ്ത്രിയാണ്. തമന്‍ എസ്, ശ്രീ കൃഷ്ണ, പൃഥ്വി ചന്ദ്ര, റാം മിരിയല എന്നിവര്‍ ചേര്‍ന്ന് പാടി.

പവന്‍ കല്യാണ്‍, ബിജു മേനോന്‍ അവതരിപ്പിച്ച പൊലീസ് ഓഫീസറാകുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ കഥാപാത്രമായെത്തുന്നത് റാണ ദഗ്ഗുബാട്ടിയാണ്. നിത്യ മേനോന്‍, ഐശ്വര്യ രാജേഷ്, സമുദ്രക്കനി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. സാഗര്‍ കെ ചന്ദ്രയാണ് സംവിധാനം. സച്ചിയുടെ കഥയില്‍ ഭീംല നായകിന് തിരക്കഥയും സംഭാഷണവും ഒരുക്കിയത് ത്രിവിക്രം ശ്രീനിവാസാണ്. ഛായാഗ്രഹണം പ്രസാദ് മുരെല്ല. സിതാര എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യദേവര നാഗ വംശി ചിത്രം നിര്‍മ്മിക്കുന്നു. സംക്രാന്തി റിലീസായി ജനുവരി 12ന് ഭീംല നായക് തിയേറ്ററുകളിലെത്തും. മഹേഷ് ബാബുവിന്റെ ‘സര്‍ക്കാരു വാരി പട്ട’, പ്രഭാസിന്റെ ‘രാധേ ശ്യാം’ എന്നീ ബിഗ് ബജറ്റ് ചിത്രങ്ങളോടാകും തെലുങ്ക് അയ്യപ്പനും കോശിയുടെ മത്സരം. മാസ് ആക്ഷന്‍ പാക്ക്ഡ് ത്രില്ലര്‍ സൂചനകളുമായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുന്ന അപ്‌ഡേറ്റുകള്‍ ആരാധകരില്‍ വലിയ പ്രതീക്ഷ ഉയര്‍ത്തിയിട്ടുണ്ട്.