എക്‌സിറ്റ് പോള്‍ സര്‍വ്വേകളില്‍ വിശ്വസിക്കുന്നില്ല; അസമിലേക്ക് ഭാഗെലിനെ അയച്ച് കോണ്‍ഗ്രസ്, ബിജെപിയെ തടുക്കുക ലക്ഷ്യം

ന്യൂദല്‍ഹി: പുറത്ത് വന്ന എക്‌സിറ്റ് പോളുകളിലേറെയും അസമില്‍ എന്‍ഡിഎ സഖ്യം തന്നെ അധികാരത്തില്‍ വരുമെന്നാണ് പ്രവചിക്കുന്നത്. എന്നാല്‍ ഈ ഫലങ്ങളില്‍ കോണ്‍ഗ്രസ് വിശ്വസിക്കുന്നില്ല. നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും അസമില്‍ അധികാരത്തിലെത്താനാവും എന്ന് തന്നെയാണ് അവര്‍ പ്രതീക്ഷിക്കുന്നത്.

അതിനാല്‍ തന്നെ ഫലം വന്നാലുടന്‍ തന്നെ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ചുമതല ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെലിനെ കോണ്‍ഗ്രസ് കഴിഞ്ഞു. കോണ്‍ഗ്രസ് സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചാല്‍ തന്നെയും എംഎല്‍എമാരെ കൂറുമാറ്റി അധികാരം പിടിക്കാന്‍ ബിജെപി ശ്രമിക്കുമെന്ന വിലയിരുത്തലിന് ശേഷമാണ് കോണ്‍ഗ്രസ് പെട്ടെന്ന് തന്നെ ഈ നീക്കം നടത്തിയത്.

നേരത്തെ പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മുന്നിലെത്തിയിട്ടും ഉത്തരവാദിത്വമുള്ള നേതാവ് എത്താന്‍ വൈകിയത് കൊണ്ട് മാത്രം കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ടിരുന്നു. അസമില്‍ അതിന് ഇടം കൊടുത്തുകൂടാ എന്ന തീരുമാനവും ഭാഗെലിനെ നേരത്തെ അയക്കുന്നതിന് പിന്നിലുണ്ട്.

അസം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിരീക്ഷനായിരുന്നു ഭാഗെല്‍. ഈ വര്‍ഷം ജനുവരി ആദ്യത്തിലാണ് ഭൂപേഷ് ഭാഗെലിനെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പിന്റെ നിരീക്ഷനായി നിയമിച്ചത്. തുടര്‍ച്ചയായി ബിജെപി ഭരിച്ചിരുന്ന ചത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം സമ്മാനിച്ചാണ് ഭൂപേഷ് ഭാഗെല്‍ മുഖ്യമന്ത്രിയായത്.

തന്നെ നിരീക്ഷനായി പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ഭൂപേഷ് ഭാഗെല്‍ തന്റെ വിശ്വസ്തരായ നേതാക്കളെയും കൂട്ടി അസമിലെത്തി. മാത്രമല്ല സംസ്ഥാനത്തെ ആകെ 126 മണ്ഡലങ്ങളിലെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്നതിന് വേണ്ടി ചത്തീസ്ഗഡില്‍ നിന്നുള്ള നേതാക്കളെ ഉള്‍പ്പെടുത്തി ഇരുപതോളം ടീമുകളെ ഉണ്ടാക്കി. ഈ ടീം സംസ്ഥാനത്തെ ഏതാണ്ടെല്ലാ മണ്ഡലങ്ങളിലും പ്രാദേശിക പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പഠന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. 2014ലെ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് പൂര്‍ണ്ണമായും മുക്തരായിട്ടില്ലാത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഊര്‍ജ്ജസ്വലമാക്കുന്നതിനും വോട്ടര്‍മാരെ എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടതെന്ന് പഠിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കൊരു പദ്ധതിയുണ്ടെന്ന് പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസമേകാന്‍ അത് സഹായിച്ചുവെന്ന് ചത്തീസ്ഗഡില്‍ നിന്ന് വന്ന നേതാക്കള്‍ പറയുന്നു.