ബൈഡൻ-ഗനി ഫോൺ വിവാദം കനക്കുന്നു; ‘അഫ്‌ഗാൻ പരാജയം’ മറച്ചുവെക്കാൻ ബൈഡൻ ആവശ്യപ്പെട്ടെന്ന് ആരോപണം

ന്യൂ യോർക്ക്: അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനും മുൻ അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്‌റഫ് ഗനിയും തമ്മിൽ അവസാനമായി നടത്തിയ സംഭാഷണത്തിൽ അഫ്‌ഗാനിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള യഥാർത്ഥ ചിത്രം മറച്ചുവെച്ച് ലോകത്തിനുമുന്നിൽ മറ്റൊരു വിവരണം നൽകണമെന്ന് ബൈഡൻ ആവശ്യപ്പെട്ടുവെന്ന് ആരോപണം. താലിബാൻ കാബൂൾ കീഴടക്കുന്നതിന് നാലാഴ്‌ച മുൻപ് നടത്തിയ ഫോൺ സംഭാഷണത്തിൽ താലിബാനെതിരെ ശക്തമായ പ്രതിരോധമാണ് അഫ്‌ഗാൻ സർക്കാർ നടത്തുന്നതെന്ന പ്രതീതി സൃഷ്ടിക്കണമെന്നും സൈനിക നടപടികൾ ശക്തിപ്പെടുത്തണമെന്ന് ബൈഡൻ ആവശ്യപ്പെടുന്ന സഭാഷണഭാഗം പുറത്തായതോടെയാണ് വിവാദം ശക്തിപ്പെട്ടത്. ഫോൺ സംഭാഷണത്തിന്റെ എഡിറ്റ് ചെയ്യാത്ത പൂർണരൂപം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ കോൺഗ്രസ്സ് അംഗങ്ങൾ ഉൾപ്പടെയുള്ളവർ പ്രസിഡണ്ട് ബൈഡന് കത്തുനൽകി.

‘താലിബാനെതിരെയുള്ള യുദ്ധം പരാജയമാണ് എന്നാണ് ലോകരാജ്യങ്ങളും, മാധ്യമങ്ങളും അഫ്‌ഗാനിൽ തന്നെയും ആളുകൾ കരുതുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അത് സത്യമോ കള്ളമോ ആകട്ടെ, ഇതിൽ നിന്നും വ്യത്യസ്തമായ ഒരു ചിത്രം നമ്മൾ ഉയർത്തിക്കാണിക്കേണ്ടിയിരിക്കുന്നു,’ എന്ന് ജൂലൈ 23 നടന്ന 14 മിനിറ്റ് ദൈർഖ്യമുള്ള ഫോൺ സംഭാഷണത്തിൽ ബൈഡൻ ആവശ്യപ്പെട്ടത്. അഫ്‌ഗാൻ പ്രവിശ്യകൾ ഒന്നൊന്നായി കീഴടക്കി താലിബാൻ വലിയ മുന്നേറ്റം നടത്തിക്കൊണ്ടിരുന്ന അവസരത്തിലായിരുന്നു ഈ നിർദേശം.

അഫ്‌ഗാൻ പ്രതിരോധ മന്ത്രി ബിസ്‌മില്ലാ ഖാൻ മുഹമ്മദിയെയോ സമാനമായ മറ്റൊരു നേതാവിനെയോ യുദ്ധത്തിന്റെ ചുമതലയുള്ളയാളായി നിയോഗിക്കണമെന്നും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കേന്ദ്രങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്താൻ നിർദേശിക്കണമെന്നും ബൈഡൻ ഫോൺ സംഭാഷണത്തിൽ ആവശ്യപ്പെടുന്നുണ്ട്. നിലവിൽ സജീവമായവരും മുൻപുണ്ടായിരുന്നവരുമായ എല്ലാ അഫ്‌ഗാൻ നേതാക്കളെയും അണിനിരത്തി അഫ്ഗാൻ സൈന്യത്തിന്റെ പദ്ധതികൾക്ക് പരസ്യപിന്തുണ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇത് മെച്ചപ്പെട്ട പ്രതീതി സൃഷ്ടിക്കാൻ സഹായകമാകുമെന്നും സമ്പൂർണ പരാജയമാണെന്ന വിശകലനം ഒഴിവാക്കാൻ സഹായിക്കുമെന്നുമാണ് ബൈഡന്റെ ഉപദേശം.

‘നിങ്ങൾക്ക് വളരെ മികച്ച സൈന്യമാണുള്ളത്. 70000-80000 ആളുകൾക്കെതിരായി നിങ്ങൾക്ക് മികച്ച പരിശീലനം കിട്ടിയ 300,000 യോദ്ധാക്കളാണുള്ളത്. ഞങ്ങൾ സൈനിക സഹായം നൽകുന്നത് തുടരുകയും ചെയ്യും. ആഗസ്റ്റ് വരെ എന്തായാലും സഹായവുമുണ്ടാകും, അതിന് ശേഷം എന്തുണ്ടാകുമെന്ന് ആർക്കറിയാം’ എന്നാണ് ബൈഡൻ പറഞ്ഞത്. എന്നാൽ അത്ര ആത്മവിശ്വാസത്തിലായിരുന്നില്ല അഷ്‌റഫ് ഗനി. പതിനയ്യായിരത്തോളം വിദേശ ഭീകരരും പാകിസ്താൻ സഹായവും ഉൾപ്പടെ വലിയ സായുധ ശക്തിയാണ് താലിബാനെന്നും അതിനെ എതിർക്കുക അഫ്‌ഗാൻ സേനക്ക് എളുപ്പമാവില്ല എന്നും ഗനി മറുപടി പറയുന്നു. അഫ്‌ഗാൻ സേനയെ ഒരുമിച്ചു നിർത്തുക എളുപ്പമല്ലെന്നും കഴിഞ്ഞ പത്തു വർഷത്തിനിടെ സൈന്യത്തിന് ശമ്പളം പോലും വർധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗനിയും ബൈഡനും ജൂൺ 25ന് വൈറ്റ് ഹൗസിൽ വെച്ചും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. താലിബാൻ ദോഹ സമാധാന സന്ധി ലംഘിക്കുകയാണെങ്കിൽ വ്യോമാക്രമണത്തിനടക്കം ഔദ്യോഗിക സേനയെ പെന്റഗൺ സഹായിക്കുമെന്നും ബൈഡൻ പറഞ്ഞിരുന്നു. ഫോൺ സംഭാഷണത്തിന് രണ്ടാഴ്ച്ച മുൻപ് അടുത്തെങ്ങും താലിബാൻ അഫ്‌ഗാൻ കീഴടക്കാൻ യാതൊരു സാധ്യതയുമില്ല എന്നായിരുന്നു ബൈഡൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

സംഭാഷണം പുറത്തായതോടെ ബൈഡനെതിരെ വിമർശനം ശക്തിപ്പെടുകയാണ്. ജനങ്ങളെയും ലോകരാജ്യങ്ങളെയും തെറ്റിദ്ധരിപ്പിക്കാൻ ബൈഡൻ ശ്രമിച്ചുവെന്ന് അമേരിക്കൻ സെനറ്റർമാർ ആരോപിക്കുന്നു. സംഭാഷണത്തിന്റെ പൂർണ വിവരങ്ങൾ പുറത്തുവിടണമെന്നും അത് മാത്രമേ സുതാര്യത ഉറപ്പാക്കുകയും വൈറ്റ് ഹൗസിനെ മറുപടിപറയാൻ നിർബന്ധിതമാക്കുകയും ചെയ്യുകയുള്ളൂ എന്നാണ് അവർ പറയുന്നത്. ഫോൺ വിവാദത്തിൽ വൈറ്റ് ഹൗസ് വൃത്തങ്ങളോ ബൈഡനോ പ്രതികരിച്ചിട്ടില്ല. പത്രസമ്മേളനത്തിനിടെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയോട് ഈ വിഷയത്തിൽ ചോദ്യമുന്നയിച്ചിരുന്നുവെങ്കിലും മറുപടി പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു.