‘പാര്‍ട്ടിക്ക് സ്വന്തം വീടും സ്ഥലവും നല്‍കാന്‍ തയ്യാര്‍’; വാക്‌സിന്‍ ചലഞ്ചിലേക്ക് സമ്പാദ്യം മുഴുവന്‍ നല്‍കിയതിന് പിന്നാലെ വീണ്ടും ജനാര്‍ദ്ദനന്‍

കണ്ണൂര്‍: സിപിഐഎമ്മിന് സ്വന്തം വീടും സ്ഥലവും നല്‍കുമെന്ന് വാക്‌സിന്‍ ചലഞ്ചിലേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ നല്‍കിയ ബീഡി തൊഴിലാളി ജനാര്‍ദ്ദനന്‍. ഇരുപത് ലക്ഷം രൂപ മക്കള്‍ക്ക് നല്‍കും. ബാക്കി മുഴുവന്‍ തുകയും ജനോപകരമായ കാര്യങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടിക്ക് ഉപയോഗിക്കാമെന്ന് ജനാര്‍ദ്ദനന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

വാക്‌സിന്‍ ചലഞ്ചിലൂടെ ലഭിച്ച തുക കൊവിഡ് പ്രതിരോധത്തിന് കരുതല്‍ ധനമായി മാറ്റിവയ്ക്കണമെന്നും ജനാര്‍ദ്ദനന്‍ അഭിപ്രായപ്പെട്ടു. ബീഡി തൊഴിലാളിയായ ഇദ്ദേഹം തന്റെ സമ്പാദ്യം മുഴുവന്‍ വാക്‌സിന്‍ ചലഞ്ചിന് നല്‍കിയത് വലിയ വാര്‍ത്തായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.

ബാങ്കില്‍ നിക്ഷേപിച്ചിരുന്ന ആകെയുള്ള സമ്പാദ്യമാണ് ബീഡി തൊഴിലാളിയായ വയോധികന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. 850 രൂപ മാത്രം അക്കൗണ്ടില്‍ മിച്ചം വെച്ച് ബാക്കി തുക വാക്സിനേഷന് നല്‍കിയ ജനാര്‍ദ്ദനനെ അനുമോദിച്ച് സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീടും സ്ഥലവും പാര്‍ട്ടിക്ക് നല്‍കാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചിരിക്കുന്നത്.