ഒന്‍പത് ദിവസത്തിനിടെ ഒന്നരക്കോടി വ്യൂസ്; ബിഗ് ബ്രദര്‍ ഹിന്ദി മൊഴിമാറ്റപ്പതിപ്പ് യൂട്യൂബില്‍ ഹിറ്റ്

മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ബിഗ് ബ്രദറിന്റെ ഹിന്ദി മൊഴിമാറ്റ പതിപ്പ് യുട്യൂബില്‍ ഹിറ്റ്. മെയ് 16നാണ് ബിഗ് ബ്രദര്‍ സണ്‍ഷൈന്‍ മൂവീസ് എന്ന ചാനലിലൂടെ പുറത്തിറക്കിയത്. റിലീസ് ചെയ്ത് ഒമ്പതാം ദിവസമാകുമ്പോഴേക്കും ഒന്നരക്കോടിയിലേറെ പേര്‍ ഹിന്ദി പതിപ്പ് കണ്ടുകഴിഞ്ഞു. രണ്ട് ലക്ഷത്തിനോടടുത്ത് ലൈക്കുകളും 3,700ഓളം കമന്റുകളും രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോക്ക് കീഴിലുണ്ട്.

വടക്കേ ഇന്ത്യക്കാര്‍ക്ക് പുറമേ നേപ്പാളില്‍ നിന്നുള്ള പ്രേക്ഷകരും സംവിധായകനേയും മോഹന്‍ലാലിനേയും പ്രശംസിച്ച് കമന്റുകള്‍ ഇടുന്നുണ്ട്. സമ്മിശ്ര പ്രതികരണങ്ങളുമായി മലയാളികളും കമന്റ് ബോക്‌സിലെത്തി. ബിഗ്ബ്രദറിന് ഇത്രയും സ്വീകാര്യതയുണ്ടെങ്കില്‍ ദൃശ്യം 2 ഹിന്ദി ഡബ്ബ് എത്തിയാല്‍ എന്തായിരിക്കുമെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്.

മോഹന്‍ലാലിനേക്കൂടാതെ ബോളിവുഡ് നടനും സംവിധായകനുമായ അര്‍ബാസ് ഖാന്‍, അനൂപ് മേനോന്‍, സര്‍ജാനോ ഖാലിദ്, ഹണി റോസ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, സിദ്ദിഖ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം 2020 ജനുവരിയിലാണ് തിയേറ്ററുകളിലെത്തിയത്. 32 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രം ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞു. 3.1 കോടി രൂപ മാത്രമാണ് ബിഗ്ബജറ്റ് ചിത്രത്തിന് കളക്ട് ചെയ്യാനായത്.

14 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുള്ള സണ്‍ഷൈന്‍ മൂവീസ് ചാനലില്‍ മാമാങ്കം, റണ്‍വേ, കുങ് ഫു മാസ്റ്റര്‍ എന്നീ മലയാള ചിത്രങ്ങളുടെ ഹിന്ദി പതിപ്പുമുണ്ട്. 1.34 കോടി വ്യൂസാണ് മമ്മൂട്ടിച്ചിത്രമായ മാമാങ്കത്തിനുള്ളത്. റണ്‍വേ 1.59 ലക്ഷം. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത എബ്രിഡ് ഷൈന്‍ ചിത്രം കുങ്ഫു മാസ്റ്റര്‍ 22,000 പേരാണ് കണ്ടത്.

വിസാഗര്‍ ഹിന്ദി എന്ന യു ട്യൂബ് ചാനലില്‍ റിലീസ് ചെയ്ത അഡാര്‍ ലവ് ഇതിനോടകം 3.7 കോടി വ്യൂസ് നേടി. അഡാര്‍ ലവ് നേരെ ഹിന്ദിയില്‍ റിലീസ് ചെയ്താല്‍ മതിയായിരുന്നെന്ന് സംവിധായകന്‍ ഒമര്‍ലുലു ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ലൈക്കുകളുടെ എണ്ണത്തില്‍ ഹിന്ദി പുലിമുരുകനെ ബഹുദൂരം പിന്നിലാക്കിയ അഡാര്‍ ലവിനേക്കുറിച്ചുള്ള ട്രോള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഒമര്‍ലുലുവിന്റെ പോസ്റ്റ്. 2018 ഓഗസ്റ്റില്‍ അപ് ലോഡ് ചെയ്ത ‘ഷേര്‍ കാ ഷിക്കാറിന്’ 3.14 ലക്ഷം പേരാണ് ലൈക്കടിച്ചിരിക്കുന്നത്. അഡാര്‍ ലവിന് ഇതിനോടകം തന്നെ എട്ട് ലക്ഷത്തിലധികം ലൈക്കുകളുണ്ട്. മമ്മൂട്ടിചിത്രം പരോളിന്റെ ഹിന്ദി വേര്‍ഷന് 1.3 കോടി വ്യൂസ് ആയി. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അപ്‌ലോഡ് ചെയ്ത പരോളിന് 1.72 ലക്ഷം ലൈക്കുകളുമുണ്ട്.