മലയാളം ബിഗ് ബോസ് സെറ്റ് അടച്ചുപൂട്ടി ഒരുലക്ഷം പിഴയിട്ട് തമിഴ്‌നാട് സര്‍ക്കാര്‍; പ്രതികരണവുമായി ഏഷ്യാനെറ്റ്

ചെന്നൈ: മലയാളം ബിഗ് ബോസിന്റെ സെറ്റ് തമിഴ്‌നാട് സര്‍ക്കാര്‍ അടച്ചുപൂട്ടി. ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ചിത്രീകരണം നടത്തിയതിനേത്തുടര്‍ന്നാണ് നടപടി. ഷൂട്ടിങ്ങ് നിര്‍ത്തിവെപ്പിച്ചതിനൊപ്പം റിയാലിറ്റി ഷോ നിര്‍മ്മാതാക്കള്‍ക്ക് ഒരു ലക്ഷം രൂപ പിഴയും ചുമത്തി. സെറ്റിലുണ്ടായിരുന്ന എട്ട് പേര്‍ക്ക് കഴിഞ്ഞയാഴ്ച്ച കൊവിഡ് സ്ഥിരീകരിച്ചിട്ടും അണിയറ പ്രവര്‍ത്തകര്‍ മൂന്നാം സീസണ്‍ ചിത്രീകരണം തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ ഇടപെടല്‍. ബിഗ് ബോസ് ഹൗസിലുണ്ടായിരുന്ന ഏഴ് മത്സരാര്‍ത്ഥികളെ ഐസൊലേഷനിലാക്കി. മോഹന്‍ലാല്‍ അവതാരകനായ ഷോയുടെ ചിത്രീകരണം 95-ാം ദിവസമാണ് അവസാനിപ്പിച്ചത്. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് തമിഴ്‌നാട് ദുരന്തനിവാരണ നിയമപ്രകാരം നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

തമിഴ്‌നാട് റവന്യൂവകുപ്പും പൊലീസും ചെന്നൈ പൂനമല്ലിയിലുള്ള ഇവിപി ഫിലി സിറ്റിയില്‍ പരിശോധന നടത്തിയ ശേഷമാണ് നടപടി. സെറ്റ് അടച്ചുപൂട്ടി സീല്‍വെച്ചു. ഏഴ് മത്സരാര്‍ത്ഥികളെ കൂടാതെ സെറ്റിലുണ്ടായിരുന്ന 60 പേരേയും നിരീക്ഷണത്തിലാക്കി. ക്യാമറമാന്‍മാര്‍, സാങ്കേതിക വിഭാഗം ജീവനക്കാര്‍, മറ്റ് സ്റ്റാഫുകള്‍ എന്നിവരുള്‍പ്പെടെയാണിത്. നിരോധനമുണ്ടായിരുന്നിട്ടും ചിത്രീകരണം നടക്കുകയായിരുന്നെന്ന് തിരുവള്ളൂര്‍ ആര്‍ഡിഒ പ്രീതി പാര്‍കവി ചൂണ്ടിക്കാട്ടി.

പകര്‍ച്ചവ്യാധിക്കിടെ നിരോധിക്കപ്പെട്ട ഇത്തരം ഷൂട്ടിങ്ങ് രീതികള്‍ തുടര്‍ന്നതിനാല്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ഞങ്ങള്‍ അവരെ ഒഴിപ്പിച്ച് അവിടം സീല്‍ വെച്ചു.

പ്രീതി പാര്‍കവി

തമിഴ് സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‌സിയുടെ (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ) നിര്‍ദ്ദേശം ലംഘിച്ചാണ് ബിഗ് ബോസ് അണിയറ പ്രവര്‍ത്തകര്‍ ഷൂട്ടിങ്ങ് തുടര്‍ന്നത്. കൊവിഡ് വ്യാപനത്തിന്റേയും ലോക്ഡൗണിന്റേയും സാഹചര്യം കണക്കിലെടുത്ത് മെയ് 31 വരെ സംസ്ഥാനത്തെ ടെലിവിഷന്‍-സിനിമ ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവെയ്ക്കുകയാണെന്ന് ഫെഫ്‌സി നേതാവ് ആര്‍ കെ സെല്‍വമണി പ്രഖ്യാപിച്ചിരുന്നു.

കൊവിഡിന്റെ വ്യാപനം മൂലം ലോക്ക് ഡൗണ്‍ പ്രഖാപിച്ച സാഹചര്യത്തില്‍ താല്‍കാലികമായി നിര്‍ത്തിവയ്ക്കുന്നുവെന്നും പ്രതിസന്ധി മാറിയാല്‍ ഉടന്‍തന്നെ ബിഗ് ബോസ്സിന്റെ സംപ്രേക്ഷണം പുന:രാരംഭിക്കുമെന്നുമാണ് ഏഷ്യാനെറ്റിന്റെ പ്രതികരണം.

നോബി, ഡിംപല്‍ ഭാല്‍, കിടിലം ഫിറോസ്, മണിക്കുട്ടന്‍, മജ്‌സിയ ഭാനു, സൂര്യ ജെ മേനോന്‍, ലക്ഷ്മി ജയന്‍, സായ് വിഷ്ണു, അനൂപ് കൃഷ്ണന്‍, അഡോണി ടി ജോണ്‍, റംസാന്‍ മുഹമ്മദ്, റിതു മന്ത്ര, സന്ധ്യാ മനോജ്, ഭാഗ്യലക്ഷ്മി എന്നിങ്ങനെ 14 പേരായിരുന്നു തുടക്കത്തില്‍ ബിഗ് ബോസില്‍ മത്സരാര്‍ഥികളായി എത്തിയത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഫിറോസ്- സജ്‌ന ദമ്പതിമാരും, മിഷേലും രമ്യാ പണിക്കരും ഷോയുടെ ഭാഗമായി.

ബിഗ് ബോസിലെ നിയമം തെറ്റിച്ചു എന്ന പേരില്‍ ഫിറോസ്- സജ്‌ന ദമ്പതിമാരെ പുറത്താക്കിയിരുന്നു. കിടിലന്‍ ഫിറോസ്, റിതു മന്ത്ര, സായ് വിഷ്ണു, റംസാന്‍, മണിക്കുട്ടന്‍, നോബി, ഡിംപല്‍, അനൂപ് കൃഷ്ണന്‍ എന്നിവരാണ് ഏറ്റവുമൊടുവില്‍ ബിഗ് ബോസില്‍ ഉണ്ടായിരുന്നത്.