കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ സ്ഥിതി മോശമെന്ന് അഭിഭാഷകന്‍; പിതാവിനെ കാണാന്‍ ബിനീഷിന് ഇടക്കാല ജാമ്യം നല്‍കണമെന്ന് ആവശ്യം

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേ പിതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വീണ്ടും അഭിഭാഷകന്‍. കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില തീരെ മോശമാണെന്നും അടിയന്തിരമായി കുറച്ചു ദിവസത്തേക്കെങ്കിലും നാട്ടില്‍ കുടുംബത്തെ കണ്ടുവരാന്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകന്‍ വാദിച്ചു.

ഇതിലെന്താണ് തടസ്സമെന്ന് കോടതി ചോദിച്ചു. എന്നാല്‍ ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇതിനെ ശക്തമായി എതിര്‍ത്തു. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസായതിനാല്‍ ഇടക്കാല ജാമ്യം നല്‍കാന്‍ നിയമമില്ലെന്നായിരുന്നു അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ വാദം.

ബിനീഷിന്റെ ഡ്രൈവറടക്കം കേസിലുള്‍പ്പെട്ട ചിലര്‍ ഇപ്പോഴും ഒളിവിലാണെന്നും കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് മെയ് 12ന് ആദ്യത്തേതായി പരിഗണിക്കാന്‍ മാറ്റി. കഴിഞ്ഞ ഒക്ടോബറിലാണ് ബിനീഷ് അറസ്റ്റിലായത്.