കള്ളപ്പണകേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. അറസ്റ്റിലായി ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ ഒരു ദിവസം ബാക്കി നില്‍ക്കവേയാണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കേസില്‍ നാലാം പ്രതിയാണ് ബിനീഷ്.

എട്ട് മാസം നീണ്ടു നിന്ന വാദത്തിന് ശേഷമാണ് ബിനീഷിന് കോടതി ജാമ്യം അനുവദിച്ചത്. ഇന്ന് വൈകീട്ടോ നാളെയോ പരപ്പന അഗ്രഹാര ജയിലില്‍ നിന്നും ബിനീഷ് പുറത്തിറങ്ങും.

കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ മൂന്ന് പേരെ ലഹരിക്കേസില്‍ എന്‍.സി.ബി അറസ്റ്റ് ചെയ്തതോടെയാണ് കേസിന്റെ ആരംഭം. കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശ്ശൂര്‍ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ സീരിയല്‍ നടി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അനൂപിനെ ചോദ്യം ചെയ്തപ്പോള്‍ ആദായ നികുതി നല്‍കാതെയുള്ള ഇടപാടുകളെക്കുറിച്ചു സൂചന ലഭിക്കുകയും ബിനീഷിന്റെ പേര് ചിത്രത്തിലേക്ക് വരികയുമായിരുന്നു. ഇതോടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അനൂപുമായി പരിചയമുണ്ട് ബെംഗളൂരുവില്‍ ഹോട്ടല്‍ നടത്താനായി പണം വായ്പ നല്‍കിയിരുന്നുവെന്നും മറ്റ് ഇടപാടുകളില്ലെന്നുമായിരുന്നു ബിനീഷിന്റെ മൊഴി. എന്നാല്‍ അക്കൗണ്ടുകളിലെ പണമിടപാട് ചൂണ്ടിക്കാട്ടി ബിനീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.