കൊടകര കുഴല്‍പ്പണക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ശ്രമമെന്ന ആരോപണവുമായി എംഎസ്എഫ് ദേശീയ ഉപാദ്ധ്യക്ഷ അഡ്വ. ഫാത്തിമ തെഹ്ലിയ. കുഴല്പണക്കേസ് അന്വേഷണത്തിന്റെ ഗതി കാണുമ്പോള്‍ അതാണ് തോന്നുന്നതെന്ന് ലീഗ് വിദ്യാര്‍ത്ഥി സംഘടനാ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു.
കുഴല്‍പ്പണ കേസിന്റെ പോക്ക് കണ്ടിട്ട് ബിനീഷ് കോടിയേരിക്ക് അടുത്ത് തന്നെ ജാമ്യം ലഭിക്കുന്ന പോലെയുണ്ട്. ഹേ..എന്ത്? ആ..അതന്നെ.
അഡ്വ. ഫാത്തിമ തഹ്ലിയ
നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ വാക്പോര് നടന്നു. കൊടകരക്കുഴല്പ്പണക്കേസില് സര്‍ക്കാരും ബിജെപിയും ഒത്തുകളിക്കുകയാണെന്ന പ്രതിപക്ഷ ആരോപണത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രിയെത്തി. ഒത്തുതീര്‍പ്പിന്റെ വിവരം പ്രതിപക്ഷത്തിന്റെ പക്കലുണ്ടെങ്കില്‍ അത് പറയണമെന്ന് പിണറായി ആവശ്യപ്പെട്ടു.
വിവരം പോക്കറ്റിലുണ്ടെങ്കില്‍ കാത്തുനില്‍ക്കാതെ പുറത്തുവിടണം. ഒത്തുതീര്‍പ്പിന്റെ ആള്ക്കാര് ആരെന്ന് എല്ലാവര്ക്കും അറിയാം.
മുഖ്യമന്ത്രി
തൊഗാഡിയ, എംജി കോളേജ് കേസുകള്‍ ആരാണ് അട്ടിമറിച്ചത്? ബിജെപിയെ സഹായിക്കാനാണോ പ്രതിപക്ഷം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്? കുഴല്‍ അങ്ങോട്ടും ഇങ്ങോട്ടും ഇല്ല. കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ട്. ഒരു കുറ്റവാളിയും രക്ഷപ്പെടാന്‍ പോകുന്നില്ല. കേസ് വിവരങ്ങള്‍ ഇഡിക്ക് കൈമാറിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊടകരക്കേസ് ഒത്തുതീര്‍പ്പിന്റെ പല വിവരങ്ങളും പുറത്തുവരാനുണ്ടെന്നായിരുന്നു വിഡി സതീശന്റെ ആരോപണം. ബിജെപി അദ്ധ്യക്ഷന്‍ എന്ന് പോലും മുഖ്യമന്ത്രി ഉച്ചരിക്കുന്നില്ല. കുഴല്‍പ്പണക്കേസിലെ ബിജെപിയുടെ പങ്ക് മുഖ്യമന്ത്രി എടുത്തു പറയുന്നില്ല. ഒന്‍പതര കോടി രൂപ കൊണ്ടുവന്നെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ എത്ര കോടി പിടിച്ചെടുത്തു? അന്വേഷണം ശരിയായ രീതിയിലല്ല. പൊലീസ് പണത്തിന്റെ ഉറവിടം അന്വേഷിക്കുന്നില്ല. കേസ് അട്ടിമറിക്കരുത്. സര്‍ക്കാര്‍ നടത്തിയ ഒത്തുതീര്‍പ്പും വിലപേശലും വൈകാതെ പുറത്തുവരുമെന്നും വി ഡി സതീശന് പ്രതികരിച്ചു.
സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് പറയിക്കരുതെന്ന് ഷാഫി പറമ്പില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിനിടെ പറഞ്ഞു. ഒരു കുഴലിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്ന് നിലയാകരുതെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു.