വിവാദങ്ങള്‍ക്കും തനിക്കെതിരായ രാജ്യദ്രോഹക്കുറ്റത്തിനും കാരണമായ ‘ബയോ വെപ്പണ്‍’ പരാമര്‍ശത്തില്‍ തന്നെ മീഡിയ വണ്‍ ചാനല്‍ കുടുക്കിയതാണെന്ന് അയിഷാ സുല്‍ത്താന. ലക്ഷദ്വീപില്‍ കൊവിഡ് ബാധിച്ച ആദ്യത്തെയാള്‍ അഡ്മിനിസ്ട്രേറ്ററുടെ ഒപ്പം വന്നയാളാണെന്ന് ചൂണ്ടിക്കാട്ടാനാണ് ബയോവെപ്പണ്‍ പരാമര്‍ശത്തിലൂടെ ശ്രമിച്ചത്. പക്ഷെ, അത് വ്യക്തമാക്കാന്‍ അവതാരകന് സമയം നല്‍കിയില്ല. രണ്ട് ദിവസം വിശദീകരണം നല്കാന് ചാനലിനെ സമീപിച്ചെങ്കിലും അവസരം നല്‍കിയില്ല. പരാമര്‍ശം നടത്തിയ അതേ ചാനലില്‍ വന്ന് മാപ്പ് പറഞ്ഞാല്‍ കേസ് പിന്‍വലിക്കാമെന്ന് പരാതി കൊടുത്ത ബിജെപി നേതാവ് പറഞ്ഞിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ചാനല്‍ തന്റെ ഭാഗം അവതരിപ്പിച്ചത്. ദ്വീപുകാര്‍ ചാനലിന് നല്കിയ ഒരു പുരസ്കാരവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രതികരണം ഇഷ്ടപ്പെടാതെ തന്നോട് ദേഷ്യം തീര്‍ക്കുകയാണുണ്ടായതെന്നും അയിഷ സുല്‍ത്താന പറഞ്ഞു. ഔട്ട്ലുക്ക് മാഗസിന് നല്കിയ അഭിമുഖത്തിലാണ് ലക്ഷദ്വീപ് സ്വദേശിനിയുടെ പ്രതികരണം.
അയിഷ സുല്‍ത്താന പറയുന്നത്
“ഒരു ടിവി ചാനലിലെ എന്റെ നാലാമത്തെ മാത്രം സംവാദമായിരുന്നു അത്. പാനലിലെ ഒരാള്‍ ലക്ഷദ്വീപിനേക്കുറിച്ച് ഒരുപാട് നുണകള്‍ പറഞ്ഞുകൊണ്ടിരുന്നു. എനിക്ക് ദേഷ്യം വന്നു. ലക്ഷദ്വീപിനെ പ്രതിനിധീകരിക്കുന്നതുകൊണ്ട് എനിക്ക് സത്യം പറയണമായിരുന്നു. മറ്റൊരു സംവാദത്തില്‍ പങ്കെടുക്കാന്‍ വേണ്ടി വേറൊരു ചാനലിന്റെ ലോബിയിലായിരുന്നു ഞാന്‍ അപ്പോള്‍. എനിക്ക് മുന്നില്‍ ടിവി സ്ക്രീന്‍ ഉണ്ടായിരുന്നില്ല. സംവാദത്തിന് വേണ്ടി ഉപയോഗിക്കാന്‍ ഒരു ഫോണും ഹെഡ്ഫോണും മാത്രമാണ് എന്റെ കൈയിലുണ്ടായിരുന്നത്.
ഞാന്‍ ബയോ വെപ്പണ്‍ എന്ന വാക്ക് ഉപയോഗിച്ച ഉടന്‍ പാനലിലെ ബിജെപി നേതാവ് അതില്‍ കയറിപ്പിടിച്ചു. ഞങ്ങള്‍ ദേഷ്യപ്പെട്ട് വാഗ്വാദം നടത്തുകയായിരുന്നു. ‘ബയോളജിക്കല്‍ വെപ്പണ്‍ എന്ന വാക്ക് ഉപയോഗിക്കുന്നതിന്റെ റിസ്കുകള്‍ ഏറ്റുവാങ്ങാന്‍ നിങ്ങള്‍ തയ്യാറാണോ?’ എന്ന് ചാനല്‍ അവതാരകന് ചോദിച്ചു. അതെ എന്ന് ഞാന്‍ പറഞ്ഞു. അതെന്റെ അറിവുകേടായിരുന്നു.
അവരുടെ മുഖവും ചുണ്ടനക്കലും കണ്ടിരുന്നെങ്കില്‍ സന്ദര്ഭത്തേക്കുറിച്ച് എനിക്ക് കുറച്ചുകൂടി വിവരമുണ്ടായേനെ. പക്ഷെ, മറ്റൊരു സ്റ്റുഡിയോയില്‍ നിന്ന് ഫോണ്‍ ചെയ്യുകയായിരുന്നതിനാല്‍ അതിന് കഴിഞ്ഞില്ല. അഡ്മിനിസ്ട്രേറ്ററുടെ നയങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ വേണ്ടിയാണ് ഞാന്‍ ബയോ വെപ്പണ്‍ എന്ന് പരാമര്‍ശിച്ചത്. സത്യത്തില്‍ ബയോളജിക്കലായി തന്നെയാണ് ആ വാക്ക് ഞാന്‍ ഉപയോഗിക്കാന്‍ തുനിഞ്ഞതും. ലക്ഷദ്വീപില്‍ കൊവിഡ് ബാധിച്ച ആദ്യത്തെയാള്‍ അഡ്മിനിസ്ട്രേറ്ററുടെ ഒപ്പം വന്നയാളാണ്. അതിനേക്കുറിച്ച് വാര്‍ത്തകളുണ്ട്. അത് പറയാനാണ് ശ്രമിച്ചത്. സംവാദത്തിനിടെ അത് വിശദീകരിക്കാന്‍ ചാനല്‍ എനിക്ക് സമയം തന്നില്ല. അടുത്ത ദിവസം ഞാന്‍ ചാനലിലേക്ക് വിളിച്ചു. എന്റെ ഭാഗം വിശദീകരിക്കണമെന്ന് പറഞ്ഞു. പക്ഷെ, അവര്‍ നിരസിച്ചു.
എനിക്ക് വ്യക്തമാക്കാന്‍ ചാനല്‍ അവസരം നല്‍കിയില്ല. രാഷ്ട്രീയത്തിലോ ടെലിവിഷന്‍ ചര്‍ച്ചകളിലോ അനുഭവ പരിചയമുള്ള ആളല്ല ഞാന്‍. അവതാരകന് ഒരു സാധാരണ പൗര എന്ന നിലയില്‍ എന്റെ കോണില്‍ നിന്ന് കാര്യങ്ങള്‍ മനസിലാക്കി എന്റെ ഭാഗം വിശദീകരിക്കാന്‍ സമയം നല്‍കേണ്ടതായിരുന്നു. ഷോ കഴിഞ്ഞ് വിശദീകരിക്കാന്‍ അവസരം തരണമെന്ന് പറഞ്ഞ് രണ്ട് ദിവസം അവരോട് യാചിച്ചു. ഇതേ ചാനലില്‍ വന്ന് ഞാന്‍ മാപ്പ് പറഞ്ഞാല്‍ കേസ് പിന്‍വലിക്കാമെന്ന് പരാതി കൊടുത്ത ആ ബിജെപി നേതാവ് പോലും പറഞ്ഞു. പക്ഷെ, തുടര്‍ച്ചയായുള്ള എന്റെ അഭ്യര്‍ത്ഥനകള്‍ അവര്‍ തള്ളിക്കളഞ്ഞു. കേസ് എടുത്തതിന് ശേഷം മാത്രമാണ് അവര്‍ എന്റെ ഭാഗം അവതരിപ്പിച്ചത്.
ലക്ഷദ്വീപ് വിഷയത്തിലെ കവറേജിനെ അഭിനന്ദിച്ച് ദ്വീപിലെ പഞ്ചായത്ത് ഈ ചാനലിന് ഒരു അവാര്‍ഡ് നല്‍കിയിരുന്നു. ഞാന്‍ പഞ്ചായത്ത് നേതൃത്വത്തിലുള്ളവരെ വിളിച്ച് ഏതെങ്കിലുമൊരു പ്രത്യേക ചാനലിന് അവാര്‍ഡ് കൊടുക്കരുതെന്ന് പറഞ്ഞു. എല്ലാ മാധ്യമങ്ങളുടെ കവറേജിനും വില കല്പിക്കണമെന്നും ബഹുമാനിക്കണമെന്നും പറഞ്ഞു. ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച് പല മാധ്യമങ്ങളിലെ മാധ്യമപ്രവര്‍ത്തകരുമായി ഇടപെടുന്നതുകൊണ്ടാണ് ഞാനിങ്ങനെ പറഞ്ഞത്. എന്റെ ഈ ഇടപെടല്‍ ആ ചാനലിന് എന്നോട് വെറുപ്പുണ്ടാക്കി.”