ബിഷപ് ഫ്രാങ്കോയെ വെറുതെവിട്ടത് എന്തുകൊണ്ട്?, വിധിയുടെ വിശദാംശങ്ങൾ

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതേവിട്ടുകൊണ്ടുള്ള വിധിയുടെ വിശദാംശങ്ങൾ പുറത്തുവരുമ്പോൾ പ്രോസിക്യൂഷന്റെയും അന്വേഷണ സംഘത്തിന്റെയും വീഴ്‌ചകളാണ് കോടതി പ്രധാനമായും എടുത്തുകാട്ടിയിരിക്കുന്നത്. പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ വിശ്വാസ്യത കോടതിയിൽ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിചാരണാ കോടതി വിധിയിൽ പരാമർശിക്കുന്നു. പല തെളിവുകളും കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്നും ചില രേഖകൾ കോടതിയിൽ എത്താതെ പോയി എന്നും വിധിയിൽ പറയുണ്ട്. എന്നാൽ കേസിന്റെ മെറിറ്റിനെ ബാധിക്കാത്ത ചെറിയ വിവരങ്ങൾ പൊലുപ്പിച്ച് കാണിക്കുകയാണ് കോടതി ചെയ്‌തതെന്നാണ്‌ അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും പറയുന്നത്.

 • പരാതിയിൽ മാറ്റംമറിച്ചിലുകൾ ഉണ്ട്. പരാതിക്കാരി സംശയാതീതമായല്ല ആരോപണം ഉന്നയിച്ചത്.
 • സംഭവത്തിന് ശേഷവും പരാതിക്കാരി ബിഷപ്പുമായി സുഹൃദ് ബന്ധം തുടർന്നിരുന്നു. ഉപദ്രവിച്ചു എന്ന് പറയുന്നതിൻ്റെ അടുത്ത ദിവസങ്ങളിൽ ബിഷപ്പുമൊത്ത് പരിപാടികളിൽ പങ്കെടുക്കുകയും യാത്ര ചെയ്യുകയും ചെയ്‌തു. ഫോൺ സന്ദേശങ്ങൾ അയച്ചിരുന്നു.
 • ലൈംഗിക ബന്ധത്തിന് ബിഷപ്പ് ബലംപ്രയോഗിച്ച് നിർബന്ധിച്ചു എന്ന് ആദ്യ മൊഴിയിലോ ഡോക്ടറോടോ പറഞ്ഞിട്ടില്ല. മൊഴിയെടുത്ത ഉദ്യോഗസ്ഥരെ വിശ്വസമില്ലത്തത് കൊണ്ടാണ് പറയാതിരുന്നതെന്ന് എന്ന മൊഴി പരിഗണിക്കാനാവില്ല. ചില കാര്യങ്ങൾ മനപൂ‍ർവം മറച്ചുവെച്ചു.
 • കന്യാസ്ത്രീയുടെ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ട്. നിരന്തരമായി പീഡനം നടന്നത് കോൺവെന്‍റിന്‍റെ ഇരുപതാം നമ്പർ മുറിയിലായിട്ടും ബിഷപ്പുമായി മൽപ്പിടുത്തമുണ്ടായിട്ടും അറിഞ്ഞില്ല എന്നത് വിശ്വാസയോഗ്യമല്ല. തൊട്ടടുത്ത മുറികളിൽ ആളില്ലായിരുന്നുവെന്ന് പ്രോസിക്യൂഷൻ സ്ഥാപിക്കാനായില്ല.
 • പീഡന പരാതിയെ സാധൂകരിക്കുന്ന സാഹചര്യ തെളിവുകളും രേഖാപരമായ തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയില്ല.
 • പരാതിക്കാരിയുടെ അടക്കം മൊബൈലും ലാപ് ടോപും അന്വേഷണ സംഘം പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധന നടത്തുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്‌തിട്ടില്ല. മൊബൈൽ ആക്രിക്കാരന് കൊടുത്തു എന്ന പ്രോസിക്യൂഷൻ വാദം പരിഗണിക്കാനാവില്ല.
 • പരാതിക്കാരിയുടെ മഠത്തിന്റെ പൂർണമായ മേലധികാരി ആണ് ബിഷപ് ഫ്രാങ്കോ ആണ് എന്നത് തെളിയ്ക്കാനായില്ല.
 • പ്രോസിക്യൂഷന് അനുകൂലമായി നൽകിയ 39 സാക്ഷിമൊഴികളും കളവാണെന്ന് പ്രതിഭാഗം തെളിയിച്ചു.
 • ബിഷപ്പ് തന്‍റെ ചുമലിൽ കൈവെച്ചെന്നും ശരീരത്തോട് വലിച്ചടുപ്പിച്ചെന്നും മറ്റൊരു കന്യാസ്ത്രീ നൽകിയ മൊഴിക്ക് ഈ വിചാരണയുമായി നേരിട്ട് ബന്ധമില്ല.
 • ബിഷപ്പ് ചുമതലയേറ്റശേഷം 18 കന്യാസ്ത്രീകൾ മഠം വിട്ടത് ബിഷപ്പിന്‍റെ മോശം പെരുമാറ്റം കൊണ്ടോ ലൈംഗീക പീഡനം കൊണ്ടോ ആണെന്നതിന് തെളിവില്ല. അത് അവർ സ്വയം എടുത്ത തീരുമാനമാണ്.
 • പാലാ ബിഷപ്പ്, കന്യാസ്ത്രീക്കെതിരെ പരാതി നൽകിയ വ്യക്തിയുടെ ഭർത്താവ്‌ തുടങ്ങിയ സുപ്രധാന സാക്ഷികളെ വിസ്തരിച്ചില്ല.
 • കർദിനാൾ ആലഞ്ചേരിക്ക് കന്യാസ്ത്രീ നൽകിയ പരാതിയിലോ, കർദിനാൾ കോടതിയിൽ നൽകിയ മൊഴിയിലോ ബലാത്സംഗം ചെയ്‌തു എന്ന് പരാമർശിച്ചിട്ടില്ല.

എന്നാൽ അവഗണിക്കാനും മാത്രമുള്ള കാര്യങ്ങളാണ് കോടതി ഉയർത്തികാട്ടിയിരിക്കുന്നത് എന്നാണ് അന്വേഷണ സംഘം പറയുന്നത്. അവയൊന്നും കേസിന്റെ മെറിറ്റ് കുറയ്ക്കാൻ തക്കതല്ല എന്നും സംഘം പറയുന്നു. തീയതികൾ പോലെയുള്ള ചെറിയ വിവരങ്ങൾ മാറിപ്പോയതാണ് മൊഴികൾ വിശ്വസനീയം അല്ല എന്ന് പറഞ്ഞിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന് വന്ന അച്ചടിപ്പിശക് പോലും കോടതി പെരുപ്പിച്ചു കാണിച്ചു. മഠത്തിൽ താമസിക്കുന്ന ഒരു സ്ത്രീക്ക് പരാതി നൽകുന്നതിൽ വരുന്ന സ്വാഭാവിക താമസം മാത്രമാണ് ഉണ്ടായിട്ടുള്ളത് എന്നും പ്രോസിക്യൂഷൻ വിലയിരുത്തുന്നു.

വ്യക്തമായ നിയമോപദേശം തേടി അപ്പീൽ ഉടൻ നൽകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.