‘ഇങ്ങനെയാകണം ഈ കാലത്തെ വൈദികരും ഇടവകക്കാരും’; പള്ളിയിലെ സ്വര്‍ണം വിറ്റ് കുട്ടികളുടെ പഠനത്തിന് നല്‍കിയ ഇടവകയെ അഭിനന്ദിച്ച് ബിഷപ്പ് കൂറിലോസ്

പള്ളിയിലേക്ക് നേര്‍ച്ചയായി ലഭിച്ച സ്വര്‍ണം വിറ്റ് കൊവിഡ് കാലത്ത് ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികളുടെ പഠനത്തിന് വേണ്ടി നല്‍കിയ ഇടവകയെ അഭിനന്ദിച്ച് യാക്കോബായ ബിഷപ്പ് ഗീവര്‍ഗീസ് കൂറിലോസ്. കോട്ടയം പാമ്പാടി കടവുംഭാഗം സെന്റ് ഇഗ്നാത്തിയോസ് പള്ളിയെ എല്ലാ വൈദികരും ഇടവകക്കാരും മാതൃകയാക്കണമെന്ന് നിരണം ഭദ്രാസനാധിപന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മാതൃഭൂമിയില്‍ വന്ന വാര്‍ത്തയും ബിഷപ്പ് ഒപ്പം ചേര്‍ത്തിട്ടുണ്ട്.

ഇങ്ങനെ ആവണം ഈ കാലത്തു വൈദികര്‍. ഇങ്ങനെ ആവണം ഈ കാലത്തു പള്ളികളും ആരാധനയും. വന്ദ്യ കടവുംഭാഗം കുര്യാക്കോസ് അച്ചനെ ഓര്‍ത്തും കടവുംഭാഗം പള്ളിയെ ഓര്‍ത്തും ആ ഇടവകക്കാരെ ഓര്‍ത്തും അഭിമാനം.

ഗീവര്‍ഗീസ് കൂറിലോസ്

പഠനത്തിന് സഹായം ആവശ്യമായിരുന്ന 135 വിദ്യാര്‍ത്ഥികള്‍ക്കാണ് കടവുംഭാഗം ഇടവക പള്ളിയിലെ സ്വര്‍ണം വിറ്റ് സഹായമെത്തിച്ചത്. 18 ഇടവക കുടുംബങ്ങള്‍ മാത്രമുള്ള പള്ളിയാണിത്.

ഫാ. കുര്യാക്കോസ് വടക്കുംഭാഗം

പെരുന്നാള്‍ ഉള്‍പ്പെടെയുള്ള വിശേഷദിവസങ്ങളില്‍ നേര്‍ച്ചയായും സംഭാവനയായും പള്ളിയിലേക്ക് സ്വര്‍ണം ലഭിക്കാറുണ്ട്. ഇടവകാംഗങ്ങളായ സ്ത്രീകള്‍ മരിക്കുമ്പോള്‍ അവരുടെ സ്വര്‍ണം സംസ്‌കാരത്തിന് മുന്നേ ബന്ധുക്കള്‍ നേര്‍ച്ചപ്പെട്ടിയില്‍ നിക്ഷേപിക്കുന്ന പതിവുമുണ്ട്. ഇങ്ങനെ ലഭിച്ച സ്വര്‍ണം നല്ലൊരു കാര്യത്തിന് ഉപയോഗിച്ചുകൂടേയെന്ന് പള്ളി വികാരി കുര്യാക്കോസ് വടക്കുംഭാഗം ചോദിച്ചപ്പോള്‍ ഭരണസമിതിയും ഇടവകാംഗങ്ങളും പിന്തുണച്ചു. പാമ്പാടി വാര്‍ഡ് മെമ്പര്‍ സന്ധ്യാ രാജേഷിനെ വിവരം അറിയിച്ചതിനേത്തുടര്‍ന്ന് പഞ്ചായത്തംഗം 70 കുട്ടികളുടെ പട്ടിക പള്ളിക്ക് കൈമാറി. എംഡിഎല്‍പി സ്‌കൂളിലെ 65 വിദ്യാര്‍ത്ഥികള്‍ക്കും സഹായമെത്തിച്ചു. പഞ്ചായത്തിലെ മറ്റ് ഇടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും സഹായമെത്തിക്കാനുള്ള ശ്രമത്തിലാണ് ഫാ. കുര്യാക്കോസും ഇടവകാംഗങ്ങളും.

Also Read: ‘ഡിജിറ്റല്‍ ഡിവൈഡ് ഉണ്ടാകാന്‍ പാടില്ല’; കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി