‘ദേശീയ നേതാക്കള്‍ വന്നതും പോയതും മണ്ഡലത്തിലെ എയര്‍പോര്‍ട്ടിലൂടെ’, പക്ഷേ, ആരും പ്രചരണത്തിനെത്തിയില്ല; തോല്‍വിയില്‍ കുറ്റപ്പെടുത്തലുമായി കൃഷ്ണകുമാര്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പാര്‍ട്ടിക്കെതിരെ തിരിഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്ണകുമാര്‍. പാര്‍ട്ടി വോട്ടുകള്‍ തനിക്ക് ലഭിച്ചില്ല. മണ്ഡലത്തിലെ വിജയ സാധ്യത നേതൃത്വം ഉപയോഗിച്ചില്ലെന്നും കൃഷ്ണകുമാര്‍ കുറ്റപ്പെടുത്തിയതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

‘അടുത്തുള്ള മണ്ഡലങ്ങളില്‍ ദേശീയ നേതാക്കള്‍ പ്രചരണത്തിനെത്തി. മണ്ഡലത്തിനകത്താണ് എയര്‍പോര്‍ട്ട്. ദേശീയ നേതാക്കള്‍ ഈ എയര്‍പോര്‍ട്ടിലൂടെയാണ് വരുന്നതും പോവുന്നതും. എന്നിട്ടും ആരും എന്റെ മണ്ഡലത്തില്‍ പ്രചരണത്തിനെത്തിയില്ല. ഇത് ജില്ലാ നേതൃത്വത്തിന്റെ വീഴ്ചയാണ്’, കൃഷ്ണകുമാറിന്റെ കുറ്റപ്പെടുത്തലിങ്ങനെ.

സര്‍വ്വേ ഫലങ്ങള്‍ എനിക്ക് വിജയസാധ്യത പ്രവചിച്ചിരുന്നു. അപ്പോഴെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമായിരുന്നു. കലാകാരനായതുകൊണ്ടുതന്നെ വ്യക്തിപരമായ വോട്ടുകള്‍ ധാരാളമുണ്ടാവും. അതിന്റെ കൂടെ പാര്‍ട്ടി വോട്ടുകള്‍ക്കൂടി ലഭിച്ചിരുന്നെങ്കില്‍ വിജയം ഉറപ്പായിരുന്നെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

തിരുവനന്തപുരം മണ്ഡലത്തിലായിരുന്നു കൃഷ്ണകുമാറിന്റെ കന്നിയംഗം. 7089 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫിന്റെ ആന്റണി രാജുവാണ് മണ്ഡലത്തില്‍ ജയിച്ചുകയറിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് ശിവകുമാര്‍ രണ്ടാമതത്തെത്തിയ മണ്ഡലത്തില്‍ മൂന്നം സ്ഥാനമാണ്് കൃഷ്ണകുമാറിന് ലഭിച്ചത്.