അഗര്‍ത്തല: ത്രിപുരയിലെ ഭരണകക്ഷിയായ ബിജെപിയില്‍ ഉള്‍പ്പാര്‍ട്ടി പോര് വര്‍ധിക്കുന്നു. പൊട്ടിത്തെറിയിലേക്ക് നീങ്ങാതിരിക്കാന്‍ കേന്ദ്ര നേതാക്കളെ സംസ്ഥാനതെത്തിച്ച് പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയാണ് ബിജെപി.
മുഖ്യമന്ത്രി ബിപ്ലവ് ദേവിനെതിരെ ഒരു വിഭാഗം പാര്‍ട്ടി എംഎല്‍എമാര്‍ ഒരു വര്‍ഷത്തോളമായി എതിര്‍പ്പ് തുടരുന്നുണ്ട്. ഇതിനെ തുടര്‍ന്ന് മുതിര്‍ന്ന നേതാവ് ലിദീപ് റോയ് ബര്‍മ്മനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. സുദീപ് ബര്മ്മന് നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസിലായിരുന്നു. മുകുള്‍ റോയിയുടെ അടുത്ത അനുയായിയായിരുന്നു. മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിവന്നതോടെ സുദീപ് ബര്‍മ്മനും ഇടഞ്ഞുനില്‍ക്കുന്ന എംഎല്‍എ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് നീങ്ങിയേക്കും എന്ന് വന്നതോടെയാണ് ബിജെപി കേന്ദ്ര നേതൃത്വം പെട്ടെന്ന് സംസ്ഥാനത്തെത്തിയത്.
ബംഗാളില്‍ ബിജെപിയ്ക്കെതിരെ മിന്നുന്ന വിജയം നേടിയതിനെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. അതിനെ തുടര്‍ന്നാണ് തൃപുരയിലെ നീക്കങ്ങള്‍ സജീവമാക്കിയത്.
സംസ്ഥാനത്തെ നിരവധി മുതിര്‍ന്ന ബിജെപി നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആശിഷ് ലാല്‍ സിങ് പറഞ്ഞു. ബിപ്ലവ് ദേവ് നയിക്കുന്ന അഴിമതിയും ചൂഷണവും നിറഞ്ഞ സര്‍ക്കാരിനെ താഴെയിറക്കുന്നതിനാണ് വിമതരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ്, സംസ്ഥാനത്തിന്റെ ചുമതലയുള്ള സെക്രട്ടറി വിനോദ് ശങ്കര്‍ എന്നിവരാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയത്. മറ്റൊരു സംഘടന സെക്രട്ടറി ഫനീന്ദ്ര നാഥ് ശര്‍മ്മ സംസ്ഥാനത്ത് തന്നെയുണ്ട്.