കേരളത്തിലെ ‘പൂജ്യം’ പരാജയത്തില്‍ കെ സുരേന്ദ്രനോട് അതൃപ്തി അറിയിച്ച് ബിജെപി കേന്ദ്രനേതൃത്വം; നിലവിലെ സംഭവവികാസങ്ങളിലും അതൃപ്തി

ന്യൂദല്‍ഹി: കേരളത്തിലെ ബിജെപി പ്രശ്‌നങ്ങളില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ അതൃപ്തി അറിയിച്ച് ബിജെപി കേന്ദ്ര നേതൃത്വം. നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിലും നിലവിലെ സംഭവികാസങ്ങളിലും നേതൃത്വം തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചു.

ദേശീയ നേതൃത്വത്തിന് ലഭിച്ച പരാതികളില്‍ വിശദ റിപ്പോര്‍ട്ട് നേടി. സംസ്ഥാനത്തെ ബിജെപി സംഘടനയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സിവി ആനന്ദബോസ് പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം, അതിന്റെ കാരണങ്ങള്‍, പരിഹാരം, സാമ്പത്തിക ആരോപണം എന്നിവയെല്ലാം റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.

നേതൃമാറ്റ വിഷയത്തില്‍ സംസ്ഥാന നേതാക്കള്‍ മുതല്‍ പ്രാദേശിക നേതാക്കള്‍ വരെയുള്ളവര്‍ക്ക് പറയാനുള്ളത് ആനന്ദബോസ് കേട്ടിരുന്നു. സംസ്ഥാത്തെ ബിജെപിയില്‍ വര്‍ഷങ്ങളായി തുടരുന്ന ഗ്രൂപ്പിസത്തെ കുറിച്ച് വിശദമായി തന്നെ റിപ്പോര്‍ട്ടിലുണ്ട്.

നേതൃമാറ്റം വേണമെന്ന ആവശ്യം ഗ്രൂപ്പ് ഭേദമന്യേ നിരവധി നേതാക്കള്‍ ആനന്ദബോസിനും ദേശീയ നേതൃത്വത്തിനും ഇമെയിലുകള്‍ അയച്ചിരുന്നു. ഇക്കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനമെന്തെന്ന് ഇപ്പോള്‍ വ്യക്തമല്ല.