കെ സുരേന്ദ്രന്‍ രാജിവെക്കുമോ?; പ്രതീക്ഷിച്ച് ഒരു വിഭാഗം നേതാക്കള്‍, രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് മുരളീധര വിഭാഗം

തിരുവനന്തപുരം: കുഴല്‍പ്പണക്കേസില്‍ കുഴഞ്ഞുമറിയവേ ഞായറാഴ്ച ബിജെപിയുടെ കോര്‍ കമ്മറ്റി ചേരും. യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രാജിസന്നദ്ധത അറിയിക്കുമെന്നാണ് ചില മുതിര്‍ന്ന നേതാക്കളെങ്കിലും പ്രതീക്ഷിക്കുന്നുണ്ട്. ഓരോ ദിവസവും കെ സുരേന്ദ്രനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വര്‍ധിക്കുന്നതോടെയാണിത്.

തെരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് ശേഷം ബിജെപി കടന്നത് കുഴല്‍പ്പണ ആരോപണങ്ങളിലേക്കാണ്. ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥയില്‍ നിന്ന് പാര്‍ട്ടിയെ കരകയറ്റാന്‍ സുരേന്ദ്രന് കഴിയില്ലെന്ന വിലയിരുത്തലാണ് കൃഷ്ണദാസ്-ശോഭാ സുരേന്ദ്രന്‍ ഗ്രൂപ്പുകള്‍ക്കുള്ളത്. എന്നാല്‍ രാജിവെക്കണം എന്ന് അവര്‍ ആവശ്യപ്പെടില്ല. അതിന് പകരം രാജിയെന്ന തീരുമാനത്തിലേക്ക് എത്തിക്കുവാനുള്ള നീക്കമാണ് നടത്തുക.

സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നാല്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങളെല്ലാം അതേ പടി തുടരുമെന്നും രാജിയുണ്ടായാല്‍ കേസന്വേഷണവും പതുക്കെയാവുമെന്ന് കരുതുന്നവരുമുണ്ട്. അതേ സമയം ഒരു കാരണവശാലും രാജിവെക്കേണ്ടതില്ലെന്ന നിലപാടിലാണ് മുരളീധര പക്ഷം.

സുരേന്ദ്രന്‍ രാജിവെക്കുകയാണെങ്കില്‍ അത് തട്ടിപ്പില്‍ പങ്കുണ്ടെന്ന സന്ദേശമായിരിക്കും നല്‍കുക എന്ന് അവര്‍ കരുതുന്നു. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ഇപ്പോള്‍ ബിജെപി അധ്യക്ഷനെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം എന്ന് അവര്‍ പറയുന്നു.

ദല്‍ഹിയില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ ദേശീയ യോഗം നടക്കുകയാണ്. ഈ യോഗത്തിലും വിഷയം ചര്‍ച്ചയാവും. ഈ യോഗത്തിലും കോര്‍ കമ്മറ്റിയിലും ഉയരുന്ന അഭിപ്രായങ്ങള്‍ക്കനുസരിച്ചായിരിക്കും സുരേന്ദ്രന്റെ അധ്യക്ഷ സ്ഥാനത്തിന്റെ ഭാവി.