ത്രിവേന്ദ്ര സിങ് റാവത്ത് മുഖ്യമന്ത്രി സ്ഥാനം സ്വമേധയാ ഒഴിഞ്ഞതല്ല ബിജെപി സമ്മര്‍ദ്ദം ചെലുത്തി രാജിവെയ്പിച്ചതാണെന്ന് റിപ്പോര്‍ട്ട്. കൊവിഡ് പശ്ചാത്തലത്തില്‍ ഹരിദ്വാര്‍ മഹാകുംഭ മേള നിയന്ത്രണങ്ങളോടെ നടത്തണമെന്ന നിലപാടാണ് ത്രിവേന്ദ്ര സിങ്ങിന്റെ മുഖ്യമന്ത്രിക്കസേര തെറിപ്പിച്ചതെന്ന് കാരവന് റിപ്പോര്‍ട്ട് ചെയ്യുന്നു. പത്തിലേറെ ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി സംസാരിച്ച ശേഷം കാരവന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ത്രിവേന്ദ്ര സിങ്ങിന്റെ രാജിയിലേക്ക് നയിച്ച സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.
സന്ന്യാസികളുടെ സംഘടനയായ അഖില ഭാരതീയ അഖാര പരിഷത്തിലെ മഹന്തുമാരും (സന്ന്യാസി ഗുരുക്കള്‍) ബിജെപി നേതാക്കളും മന്ത്രി സഭാംഗങ്ങളും ആര്‍എസ്എസും കുംഭമേള ആഘോഷമായി തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കൊവിഡ് വ്യാപനമുണ്ടാകുമെന്നതിനാല് പ്രതീകാത്മകമായി നടത്തണമെന്ന ഉറച്ച നിലപാടിലായിരുന്നു ത്രിവേന്ദ്ര സിങ്ങ് റാവത്ത്. യുപി തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ ഹിന്ദി ഹൃദയഭൂമിയിലെ വിശ്വാസികളില്‍ വന്‍ സ്വാധീനമുള്ള സന്ന്യാസി സമൂഹത്തെ പിണക്കുന്നത് ബുദ്ധിയല്ലെന്ന് കണക്കുകൂട്ടിയാണ് കുംഭമേള ആഘോഷമായി നടത്തിയതെന്ന് പേര് വെളിപ്പെടുത്താന്‍ തയ്യാറാകാതിരുന്ന മുതിര്‍ന്ന ബിജെപി നേതാവ് കാരവനോട് പ്രതികരിച്ചു.
മഹാകുംഭമേള ഹിന്ദുക്കളുടെ വിഖ്യാതമായ ഹിന്ദു ആഘോഷമാണെന്നും അഖാരകളെ അസംതൃപ്തരാക്കാതെയും വിവാദങ്ങള്‍ക്ക് ഇടകൊടുക്കാതെയും നടത്തണമെന്നും 2019ല്‍ നടന്ന ഒരു മീറ്റിങ്ങില്‍ പ്രധാനമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിനോട് പറഞ്ഞിരുന്നു.
ബിജെപി നേതാവ്
ത്രിവേന്ദ്ര സിങ്ങിന്റെ രാജിയും കുംഭമേളയുടെ നടത്തിപ്പും തമ്മില്‍ ബന്ധമുണ്ടെന്ന് ഉത്തരാഖണ്ഡ് ബിജെപി വക്താവ് മുന്നാ സിങ്ങ് ചൗഹാന് സ്ഥിരീകരിച്ചു. 12 വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന മഹാകുംഭമേള 2022ലായിരുന്നു നടക്കേണ്ടിയിരുന്നത്. ജ്യോതിഷികളും തന്ത്രികളും നിര്‍ദ്ദേശിച്ചതിന് അനുസരിച്ച് ഒരു വര്‍ഷം നേരത്തേ നടത്തിയെന്നാണ് അഖാര മഹന്തുകള്‍ പറയുന്നത്.

ജനുവരി 14നും ഏപ്രില്‍ 27നുമിടയില്‍ 91 ലക്ഷം പേര് ഹരിദ്വാറിലെത്തി ഗംഗാ സ്നാനം നടത്തിയെന്ന് കണക്കുകള്‍. ഏപ്രിലില്‍ മാസത്തില്‍ 60 ലക്ഷം പേര് പങ്കെടുത്തു. മാര്‍ച്ച് 11 മുതല്‍ ഏപ്രില്‍ 27 വരെയുള്ള 48 ദിവസങ്ങളായിരുന്നു ‘ഷാഹി സ്നാന്’ കാലയളവ്. ഈ സമയത്താണ് കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ശക്തിയാര്‍ജ്ജിച്ചതും. രണ്ടാം ഷാഹി സ്നാന ദിവസമായ ഏപ്രില്‍ 12ന് മാത്രം 35 ലക്ഷം പേരാണ് ഹരിദ്വാറിലെത്തിയത്.
കുംഭമേള സൂപ്പര്‍ കൊവിഡ് സ്പ്രെഡര്‍ ആയി മാറിയെന്ന് വിദ്ഗധരും മാധ്യമങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം മാര്‍ച്ച് 11ന് ഉത്തരാഖണ്ഡില്‍ സ്ഥിരീകരിക്കപ്പെട്ടത് 69 കേസുകളാണ്. ഏപ്രില്‍ 27ല്‍ ഇത് 5,703 ആയി. മെയ് രണ്ടിന് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് മരണങ്ങളില്‍ 2.73 ശതമാനം ഉത്തരാഖണ്ഡിലായിരുന്നു. രാജ്യത്തെ ജനസംഖ്യയുടെ 0.8 ശതമാനം മാത്രം ഉത്തരാഖണ്ഡിലുള്ളപ്പോഴാണിത്. രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് മഹാകുംഭമേളയില്‍ പങ്കെടുത്ത് തിരിച്ചുപോയവര്‍ കൊവിഡ് വ്യാപനത്തിന് കാരണമായെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മേളയില്‍ പങ്കെടുത്ത് മധ്യപ്രദേശിലെ ഗ്യാരസ്പൂരില്‍ തിരിച്ചെത്തിയ 61 പേരില്‍ 60 പേരും കൊവിഡ് പോസിറ്റീവായത് വിവാദമായിരുന്നു.

മുന്‍ ആര്‍എസ്എസ് പ്രചാരകന് കൂടിയായ ഇപ്പോഴത്തെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിറാത്ത് സിങ് രാവത്ത് കുംഭമേള കൊവിഡ് സൂപ്പര്‍ സ്പ്രെഡര്‍ ആയെന്ന വിമര്‍ശനത്തെ തുടര്‍ച്ചയായി നിഷേധിച്ചുകൊണ്ടിരിക്കുകയാണ്. കുംഭ മേള അധികാരി എന്ന സ്ഥാനം വഹിക്കുന്ന നോഡല്‍ ഓഫീസര്‍ ദീപക് രാവത്തും കൊവിഡ് രണ്ടാം തരംഗത്തിലെ കുംഭമേളയുടെ പങ്ക് അംഗീകരിക്കുന്നില്ലെന്ന് കാരവന് ലേഖിക സൃഷ്ടി ജസ്വാള് റിപ്പോര്‍ട്ട് ചെയ്യുന്നു.