ത്രിപുരയില്‍ ബിജെപിക്ക് ഭയപ്പെടാന്‍ ആവശ്യത്തിന് കാരണങ്ങളുണ്ട്; മറികടക്കുമോ ഭരണകക്ഷി?

അഗര്‍ത്തല: 2018ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിയെ പരാജയപ്പെടുത്തിയാണ് ബിജെപി ത്രിപുരയില്‍ ആദ്യമായി അധികാരത്തിലെത്തിയത്. 2023ല്‍ മറ്റൊരു നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കവേ സംസ്ഥാനത്തെ ബിജെപി നിരവധി പ്രശ്നങ്ങളെയാണ് അഭിമുഖീകരിക്കുന്നത്.

മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെതിരെ കഴിഞ്ഞ കുറച്ചധികം മാസങ്ങളായി ഒരു വിഭാഗം ബിജെപി എംഎല്‍എമാര്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്. അവര്‍ ചില പ്രശ്നങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്.

സംസ്ഥാനത്തെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ച, പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ബന്ധത്തില്‍ ഇടപെടുന്നതിലെ വീഴ്ച, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലുള്ള അസംതൃപ്തി, ഉദ്യോഗസ്ഥ പ്രമാണിത്തം എന്നിവയൊക്കെ 2023 തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്വപ്നങ്ങളെ തകര്‍ക്കാന്‍ കാരണമായേക്കുമെന്ന് വിമത എംഎല്‍എമാര്‍ പറയുന്നു. പ്രശ്ന പരിഹാരത്തിന് വേണ്ടിയെന്ന വണ്ണം മന്ത്രിസഭാ പുനസംഘടന നടത്തിയെങ്കിലും അതിനാല്‍ മാത്രം അന്തരീക്ഷം മാറില്ലെന്ന് എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടുന്നു.

മുന്‍ ആരോഗ്യമന്ത്രിയായ സുദീപ് കുമാര്‍ ബര്‍മ്മന്റെ നേതൃത്വത്തിലാണ് എംഎല്‍എമാരുടെ വിമത നീക്കം നടക്കുന്നത്. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുന്നതില്‍ മുന്‍ കോണ്‍ഗ്രസ് നേതാവായ സുദീപ് കുമാര്‍ ബര്‍മ്മന്‍ വലിയ റോളാണ് വഹിച്ചത്. ബിപ്ലവ് ദേബിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ സുദീപ് കുമാര്‍ ബര്‍മ്മന്‍ വിസമ്മതിക്കുകയാണ്. 2019ലാണ് സുദീപ് കുമാര്‍ ബര്‍മ്മനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മന്ത്രിസഭാ വികസനം നടക്കുന്നതിന് മുമ്പേ അസം മുഖ്യമന്ത്രിയും വടക്കുകിഴക്കന്‍ എന്‍ഡിഎ കണ്‍വീനറുമായ ഹിമന്ത ബിശ്വ ശര്‍മ്മ സുദീപ് ബര്‍മ്മനെ വിളിക്കുകയും മന്ത്രിസഭയില്‍ വീണ്ടും ചേരാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല.

അറുപതംഗ നിയമസഭയില്‍ 36 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. മൂന്ന് പേരെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനസംഘടിപ്പിച്ചിട്ടും ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ഒരാളെ പോലും മന്ത്രിയാക്കിയില്ലെന്ന് ബിപ്ലബ് ദേബിന്റെ വിമര്‍ശകര്‍ ആരോപിക്കുന്നു. ഗോത്ര വിഭാഗത്തില്‍ നിന്നുള്ള 10 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്.

അസംതൃപ്തരായ ബിജെപി പ്രവര്‍ത്തകര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോവുകയാണെന്ന് സുദീപ് കുമാര്‍ ബര്‍മ്മന്‍ ദ പ്രിന്റിനോട് പറഞ്ഞു. മന്ത്രിയാവുക എന്നതല്ല ഇപ്പോഴത്തെ ചോദ്യം. എന്ത് കൊണ്ടാണ് അസംതൃപ്തരായ പ്രവര്‍ത്തകര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോകുന്നുവെന്നതാണ് ശരിയായ ചോദ്യമെന്നും സുദീപ് കുമാര്‍ ബര്‍മ്മന്‍ പറഞ്ഞു.

ഈ മന്ത്രിസഭ പുനസംഘടനയോടെ പ്രത്യേകിച്ചൊന്നും സംഭവിക്കില്ലെന്ന് മറ്റൊരു ബിജെപി എംഎല്‍എയായ ആശിഷ് കുമാര്‍ സാഹ പറഞ്ഞു. ബിപ്ലബിനെതിരെ ജനങ്ങള്‍ക്കിടയില്‍ വലിയ തോതില്‍ അസംതൃപ്തിയുണ്ട്. ജില്ലാ തലത്തിലും മണ്ഡലതലത്തിലും പ്രവര്‍ത്തകര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയാണ്. 20ലധികം എംഎല്‍എമാര്‍ ബിപ്ലബിന്റെ ശൈലിക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞു.

ബിപ്ലവ് ദേബിന്റെ ശൈലിയോടുള്ള എതിര്‍പ്പും തൃണമൂല്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചയും ബിജെപി നേതൃത്വത്തെ ഭയപ്പെടുത്തുന്നുണ്ട്. അതോടൊപ്പം തന്നെ പ്രദ്യോബ് ദേബ് ബര്‍മ്മന്റെ ട്രിപ്ര പാര്‍ട്ടിയും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കേന്ദ്ര നേതൃത്വം പ്രശ്നപരിഹാരത്തിന് വേണ്ടി വിവിധ തരത്തിലുള്ള മാര്‍ഗങ്ങളാണ് നിലവില്‍ പ്രയോഗിക്കുന്നത്.