കെ സുരേന്ദ്രനെതിരെ കുരുക്ക് മുറുകുന്നു; പുതിയ വെളിപ്പെടുത്തലുമായി ജെആര്‍പി നേതാവ്, വെല്ലുവിളിച്ച് സികെ ജാനു

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാനത്ത് കള്ളപ്പണം കടത്തിയെന്ന ആരോപണങ്ങള്‍ കനക്കവെ, പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ വെളിപ്പെടുത്തലുമായി ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി മുന്‍ സംസ്ഥാന സെക്രട്ടറി ബാബു ബിസി. സുരേന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് സികെ ജാനുവിന് 40 ലക്ഷം രൂപ കൈമാറിയെന്നും തെരഞ്ഞെടുപ്പ് കാലത്ത് ബത്തേരിയില്‍വെച്ച് പലതവണ പണമിടപാട് നടന്നെന്നും ബാബു ആരോപിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ബത്തേരിയിലെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പണം വന്നത് ഞാന്‍ അറിഞ്ഞിരുന്നു. വീതംവെക്കലിന്റെ രീതിയിലായിരുന്നു അവര്‍ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരുന്നത്. എനിക്കത് ശരിയല്ലെന്ന് തോന്നി. ഓരോ ജില്ലയിലെയും നേതാക്കള്‍ പണം കൈപ്പറ്റിയെന്നാണ് അറിഞ്ഞത്. പ്രസീത സുരേന്ദ്രനോടുമായി ഇടപാട് നടത്തിയാണ് പണമെത്തിയത്’, ബാബു പറഞ്ഞു.

എന്നാല്‍, ഈ ആരോപണങ്ങള്‍ നിഷേധിച്ച സികെ ജാനു ബാബു ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ തെളിയിക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തു. ‘മുഴുവന്‍ ആരോപണങ്ങളും തെളിയിക്കാന്‍ ഞാന്‍ ആവശ്യപ്പെടുകയാണ്. ആരോപിച്ച 40 ലക്ഷത്തിന്റെ രേഖ ബാബു ബത്തേരി കോടതിയില്‍ ഹാജരാക്കട്ടെ’, ജാനു പറയുന്നതിങ്ങനെ.

Also Read: കുഴല്‍പ്പണക്കേസ് കെ സുരേന്ദ്രനിലേക്ക്; മൊഴിയെടുക്കാന്‍ പൊലീസ്, മറ്റു നേതാക്കളുടെ അടുത്തേക്കും അന്വേഷണം നീങ്ങും

സികെ ജാനുവിന് താന്‍ പണം നല്‍കിയിട്ടില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. സികെ ജാനുവുമായി താന്‍ ഒന്നും സംസാരിച്ചിട്ടില്ല. ജാനുവിന്റെ പാര്‍ട്ടിയിലെ ഉള്‍പ്പോരാണ് വിവാദങ്ങള്‍ക്ക് കാരണം. ട്രഷറര്‍ പ്രസീത വിളിച്ചപ്പോള്‍ സംസാരിച്ചിട്ടുണ്ട്. പക്ഷെ ഓഡയോ ക്ലിപ്പ് പരിശോധിക്കണം. ആദിവാസി വിഭാഗത്തില്‍പ്പെട്ടത് കൊണ്ടാണോ സികെ ജാനുവിനെ ഇങ്ങനെ ആക്രമിക്കുന്നത്. ബിജെപിയെ എത്ര വേണമെങ്കിലും ആക്ഷേപിച്ചോളൂ എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, കൊടകര കുഴല്‍പ്പണക്കേസില്‍ കെ സുരേന്ദ്രന്റെ മൊഴിയെടുക്കാനൊരുങ്ങുകയാണ് പൊലീസ്. കേസില്‍ പിടിച്ചെടുത്ത പണവുമായി യാതൊരു ബന്ധവുമില്ലെന്ന് ബിജെപി നിരന്തരം ആവര്‍ത്തിക്കവേയാണ് പൊലീസ് പുതിയ നീക്കത്തിനൊരുങ്ങുന്നത്. പൊലീസ് ചോദ്യം ചെയ്ത തൃശ്ശൂര്‍ ജില്ലയിലെ നേതാക്കളുടെയും ആലപ്പുഴയിലെ ബിജെപി ജില്ല ട്രഷറര്‍ കെജി കര്‍ത്ത എന്ന നേതാവിന്റെയും മൊഴികള്‍ പൊരുത്തപ്പെടുന്നില്ല എന്ന വിലയിരുത്തലാണ് പൊലീസ്. കെജി കര്‍ത്ത ചോദ്യം ചെയ്യല്ലിന്റെ ഒരു ഘട്ടത്തില്‍ കൂടുതല്‍ കാര്യങ്ങളൊന്നും തനിക്കറിയില്ല, അക്കാര്യങ്ങളൊക്കെ കെ സുരേന്ദ്രനാണ് അറിയുക എന്ന തരത്തില്‍ മൊഴി നല്‍കിയെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് കെ സുരേന്ദ്രന്റെ മൊഴിയെടുക്കാനുള്ള തീരുമാനം.

സുരേന്ദ്രനെ കൂടാതെ മറ്റ് ബിജെപി നേതാക്കളെയും പൊലീസ് ചോദ്യം ചെയ്തേക്കും. കേസില്‍ ഉള്‍പ്പെട്ടവരില്‍ പലരെയും ബിജെപി നേതാക്കള്‍ തുടര്‍ച്ചയായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇതെന്തിനാണെന്ന് ചോദിക്കാനാണ് പൊലീസിന്റെ നീക്കം.