‘ലാവ്‌ലിന്‍ കേസ് 20 തവണ മാറ്റിവെച്ചതില്‍ ഭരണകൂട ഇടപെടലുണ്ട്’; കോണ്‍ഗ്രസിന്റെ എതിരാളി സിപിഐഎം-ബിജെപി കൂട്ടുകെട്ടെന്ന് കെ സുധാകരന്‍

പിണറായി സര്‍ക്കാരിന്റെ രണ്ടാം വരവിന് കാരണം ബിജെപിയാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. എല്‍ഡിഎഫിനെ കുരുക്കിലാക്കുന്ന ഒരു അവസരവും ബിജെപി വിനിയോഗിക്കുന്നില്ലെന്ന് സുധാകരന്‍ ആരോപിച്ചു. കേന്ദ്ര ഏജന്‍സികള്‍ തലങ്ങും വിലങ്ങും കയറി ഇറങ്ങിയിട്ടും ഒരു തൂവല്‍ പോലും ഇളകിയില്ല. പിണറായി എന്തിന്റെ ഉറപ്പിലാണ് നില്‍ക്കുന്നതെന്ന് ഊഹിക്കാവുന്നതാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. തിരുവനന്തപുരം ഡിസിസിയുടെ ആദ്യ നേതൃയോഗം ഉദ്ഘാടനം ചെയ്യവേയാണ് സുധാകരന്റെ പ്രതികരണം.

സിപിഐഎം-ബിജെപി കൂട്ടുകെട്ടാണ് കോണ്‍ഗ്രസിന്റെ എതിരാളി. ലാവ് ലിന്‍ കേസ് 20 തവണ മാറ്റിവെച്ചത് ജഡ്ജിമാര്‍ മാത്രം വിചാരിച്ചിട്ടല്ല. ഭരണകൂടത്തിന്റെ ഇടപെടലുണ്ട്.

കെ സുധാകരന്‍

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് പി ജി സിലബസില്‍ ഗോള്‍വാള്‍ക്കറെ പഠിക്കണമെന്ന് തീരുമാനിച്ചത് ഉന്നത വിദ്യാഭ്യാസമന്ത്രി അറിഞ്ഞുകൊണ്ടാണ്. വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവും സിന്‍ഡിക്കേറ്റ് അംഗങ്ങളും അറിഞ്ഞെടുത്ത തീരുമാനമാണിത്. ബിജെപിയും സിപിഐഎം തമ്മിലുള്ള ധാരണയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്നും സുധാകരന്‍ ആരോപിച്ചു.

വിവാദ സിലബസിനെ പിന്തുണച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ പഠിക്കുന്നതില്‍ തെറ്റില്ല. പഠനപ്രക്രിയ വിശാലമാക്കാന്‍ സര്‍വ്വകലാശാലകള്‍ അവസരമൊരുക്കണമെന്നും യൂണിവേഴ്‌സിറ്റികളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പറഞ്ഞു.

കണ്ണൂര്‍ സര്‍വ്വകലാശാല വേണ്ടത്ര പഠനം നടത്താതെയാണ് തീരുമാനമെടുത്തതെന്ന് മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍ ആരോപിച്ചു. ഹിന്ദുത്വവാദികളായ നേതാക്കള്‍ക്ക് പ്രാധാന്യം നല്‍കിയതാണ് പ്രശ്‌നം. ആര്‍എസ്എസ് അനുകൂല സിലബസായി മാറുമോ എന്ന് ഭയപ്പെടുന്നെന്നും മുനീര്‍ പ്രതികരിച്ചു.

Also Read: ‘വേറെ നല്ല ടെക്സ്റ്റുകള്‍ ഒപ്പം കൊടുത്തിട്ടുണ്ട്’; കാവിവല്‍കരണമെന്ന വാദം സിലബസ് പൂര്‍ണമായി വായിക്കാത്തതുകൊണ്ടെന്ന് ആവര്‍ത്തിച്ച് കണ്ണൂര്‍ വി സി