ഉത്തര്‍പ്രദേശില്‍ 320 സീറ്റുകളില്‍ കണ്ണുവെച്ച് ബിജെപി; പ്രമുഖ നേതാക്കളെ രംഗത്തിറക്കി പിടിച്ചെടുക്കാന്‍ തന്ത്രം

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തെ മുന്നില്‍ കണ്ട് ഉത്തര്‍പ്രദേശിലെ 403 നിയമസഭ സീറ്റുകളില്‍ 320 സീറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ച് ബിജെപി. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഈ സീറ്റുകളില്‍ പ്രമുഖ നേതാക്കളെ സ്ഥാനാര്‍ത്ഥികളാക്കി വിജയിച്ചു കയറാനാണ് ബിജെപി തന്ത്രം.

കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി, ക്രമസമാധാനപാലനം മികച്ചതാക്കി ഈ തെരഞ്ഞെടുത്ത മണ്ഡലങ്ങളില്‍ വിജയിക്കാനുള്ള ആലോചനയാണ് ബിജെപി ഉത്തര്‍പ്രദേശ് ഘടകത്തിന്റേത്. ബാക്കിയുള്ള സീറ്റുകളില്‍ മികച്ച മത്സരം നേരിടേണ്ടിവരുമെന്ന് അവര്‍ കണക്കൂകൂട്ടുന്നു.

പശ്ചിമ, ബ്രാജ് മേഖലകളിലായുള്ള 83 സീറ്റുകളിലാണ് ബിജെപി കനത്ത മത്സരം പ്രതീക്ഷിക്കുന്നത്. ജാട്ടുകള്‍ക്കും മുസ്‌ലിങ്ങള്‍ക്കും ഭൂരിപക്ഷമുള്ള പ്രദേശങ്ങളാണീ മണ്ഡലങ്ങള്‍. ഇടക്കാലത്ത് ഈ രണ്ട് സമുദായങ്ങളും തര്‍ക്കത്തിലേക്ക് നീങ്ങിയിരുന്നുവെങ്കിലും ഇപ്പോള്‍ സൗഹൃദത്തിലാണ്.

ഇരു സമുദായങ്ങളില്‍ നിന്നുള്ളവരാണ് കര്‍ഷക പ്രക്ഷോഭങ്ങളില്‍ സജീവമായിട്ടുള്ളത്. അതു കൊണ്ട് തന്നെ കര്‍ഷക പ്രക്ഷോഭം സജീവമായ ഈ മേഖലകളില്‍ നിന്ന് ബിജെപി അധികം സീറ്റുകള്‍ പ്രതീക്ഷിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പരിപാടികളും സംഘടിപ്പിക്കുന്നത് ബിജെപിക്ക് സ്വാധീനമുള്ള മറ്റ് മേഖലകളിലാണ്.

72 സീറ്റുകളുള്ള കാശി മേഖലയില്‍ ബിജെപി പ്രതീക്ഷയര്‍പ്പിക്കുന്നു. കാശിയുടെ ഹൃദയമെന്ന് വിശേഷിപ്പിക്കാവുന്ന, മോഡിയുടെ മണ്ഡലം കൂടിയായ വാരണാസി ഈ മേഖലയിലാണ് അതോടൊപ്പം യോഗി ആദിത്യനാഥിന്റെ സ്വാധീന മേഖലയായ ഗോരക്പൂരിലും ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഇവിടെ 62 സീറ്റുകളാണുള്ളത്. 134 സീറ്റുകളുള്ള അവാദ്, ബുന്ദേല്‍ഖണ്ഡ് മേഖലകളിലും ബിജെപിക്ക് പ്രതീക്ഷയുണ്ട്.

അതേ സമയം കര്‍ഷക സംഘടനകളും ബിജെപിക്കെതിരെയുള്ള നീക്കങ്ങളില്‍ സജീവമാണ്. കര്‍ഷക രക്തസാക്ഷി യാത്രകളുമായി ബിജെപിക്കെതിരെ പ്രചരണം നടത്തുകയാണ് പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍.