കവരത്തി: അഡ്മിനിസ്ട്രേറ്റര്‍ നിയമനത്തെ സംബന്ധിച്ച വിവാദങ്ങള്‍ പുകയവെ ലക്ഷദ്വീപ് ബിജെപി ജനറല്‍ സെക്രട്ടറി എച്ച്കെ മുഹമ്മദ് കാസിം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അയച്ച കത്ത് പുറത്ത്. അഡ്മിനിസ്ട്രേറ്ററായി പ്രഫുല്‍ പട്ടേല്‍ എത്തിയതിനു പിന്നാലെ നടത്തിയ പരിഷ്കാരങ്ങള്‍ ജനങ്ങളെ പ്രതികൂലമായി ബാധിച്ചു. പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപില്‍ വരാറില്ലെന്നും മുഹമ്മദ് കാസിം വ്യക്തമാക്കുന്ന കത്താണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്.
ലക്ഷദ്വീപില്‍ ഭരണസ്തംഭനമാണ്. 2020 ഒക്ടോബറില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ചുമതല ഏറ്റെടുത്തതിനു ശേഷം വെറും മൂന്നുതവണ മാത്രമാണ് പ്രഫുല്‍ പട്ടേല്‍ ദ്വീപിലെത്തിയത്. ദിവസങ്ങള്‍ക്ക് ശേഷം മടങ്ങുന്ന പ്രവണതയാണ് അദ്ദേഹം സ്വീകരിക്കാറുള്ളത്. കഴിഞ്ഞ രണ്ടുമാസമായി പട്ടേല്‍ ലക്ഷദ്വീപില്‍ എത്തിയിട്ടില്ലെന്നും കാസിം കത്തില്‍ ആരോപിക്കുന്നു.
ലക്ഷദ്വീപിലെ കര്‍ഷകര്‍ക്ക് നല്കി വന്ന സഹായങ്ങള്‍ നിര്‍ത്തിയതും സ്കൂളുകള്‍ അടച്ചുപൂട്ടിയതും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ 20ന് അയച്ച കത്താണ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പുറത്തായിരിക്കുന്നത്.
ലക്ഷദ്വീപിന്റെ നിലവിലെ അവസ്ഥ പരിതാപകരമാണ്. ആളുകളുടെ പ്രശ്ന പരിഹാരത്തിന് സംവിധാനങ്ങളില്ല. ലക്ഷദ്വീപ് ഭരണം പഴയതുപോലെ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തര പുനരാലോചന നടത്തണമെന്നും കാസിം പ്രധാനമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

അഡ്മിനിസ്ട്രേറ്ററുടെ ചില ഭേദഗതികള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും പ്രധാനമന്ത്രിക്ക് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് കത്തയച്ചിട്ടുണ്ടെന്നും കാസിം കോഴിക്കോട് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ വികാരം മാനിക്കുന്നെന്നും പുതിയ പരിഷ്കാരങ്ങള്‍ ആവശ്യമെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
2020 ഡിസംബര്‍ അഞ്ചിനാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നിയമിച്ചത്. മുന്‍ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മയുടെ മരണത്തെ തുടര്‍ന്നായാരുന്നു നിയമനം. ചുമതലയേറ്റെടുത്തതിന് ശേഷം പ്രഫുല്‍ പട്ടേല്‍ ദ്വീപില്‍ ഗുണ്ടാ ആക്ടിന് സമാനമായ കരടടക്കം കൊണ്ടുവന്നതിലാണ് ഇപ്പോള്‍ പ്രതിഷേധം ശക്തമായിരിക്കുന്നത്. ബീഫ് ഉല്പന്നങ്ങള് വാങ്ങുന്നതും വില്‍ക്കുന്നതും കയറ്റുമതി ചെയ്യുന്നതും നിരോധിക്കുകയും ലഘിക്കുന്നവര്ക്ക് ജീവപര്യന്തം ശിക്ഷയും അഞ്ച് ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന നിയമത്തിന്റെ കരട് ഫെബ്രുവരി 25ന് പട്ടേല്‍ പുറത്തിറക്കി. ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റി റെഗുലേഷന് 2021 എന്ന പുതിയ ഭൂ നിയമം ദ്വീപ് നിവാസികളുടെ നിലവിലെ ഭൂ ഉടമസ്ഥതയ്ക്കും ഉപയോഗത്തിനും ഗുരുതരമായ തടസങ്ങള്‍ സൃഷ്ടിക്കുന്നതാണ്.
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതാണ് ഏറ്റവും ഒടുവിലത്തേത്. കൊവിഡിന്റെ ആദ്യതരംഗത്തില്‍ വൈറസ് ദ്വീപിലെത്തിയിരുന്നില്ല. എന്നാല്‍, പ്രഫുല്‍ പട്ടേല്‍ ഇളവുകള്‍ അനുവദിച്ച് ലക്ഷദ്വീപിലേക്ക് കപ്പലുകള്‍ അടുത്തതോടെ ഇപ്പോഴത്തെ ഇവിടുത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 68 ശതമാനമാണ്. രണ്ടുകുട്ടികളില്‍ കൂടുതലുളളവര്‍ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല തുടങ്ങി നിരവധി പരിഷ്കാരങ്ങളാണ് പട്ടേല്‍ ടദ്വീപില് നടത്താന്‍ നീക്കം തുടങ്ങിയിരിക്കുന്നത്.