ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലേറ്റ തോല്‍വി വിലയിരുത്താന്‍ ഇ ശ്രീധരന് ഉള്‍പ്പെടെയുള്ള മൂന്നംഗ സമിതിയെ നിയോഗിച്ചെന്ന വാര്‍ത്തകള്‍ തള്ളി ബിജെപി കേന്ദ്രനേതൃത്വം. ആരോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ല. അവലോകനത്തിനും വിലയിരുത്തലിനും ബിജെപിക്ക് സ്വന്തം സംവിധാനങ്ങളുണ്ടെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് പറഞ്ഞു. ഇ ശ്രീധരന്, സിവി ആനന്ദബോസ്, ജേക്കബ് തോമസ് എന്നിവരെ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്നതിനായി നിയോഗിച്ചു എന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് ഇദ്ദേഹം തള്ളിയത്.
തെരഞ്ഞെടുപ്പ് പരാജയവും തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന ബിജെപി നേതൃത്വത്തിന് നേരെയുണ്ടായ ആരോപണങ്ങളും പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിലവില്‍ സംഘടനാ ചുമതലകളില്ലാത്ത ഇവരെ മൂന്നുപേരെയും ചുമതലപ്പെടുത്തിയെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. ഇവരില്‍ രണ്ടുപേര്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ഇതില്‍ ഇ ശ്രീധരന് റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചെന്നും ചില കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സമിതിയെ ചുമതലപ്പെടുത്തിയതില്‍ സംസ്ഥാന നേതൃത്വത്തില്‍ ചിലര്‍ അമര്‍ഷം പ്രകടിപ്പിച്ചിരുന്നെന്നാണ് വിവരം. ഇവയ്ക്കൊടുവിലാണ് അത്തരം ഒരു ചുമതല പാര്‍ട്ടി ആര്‍ക്കും നല്‍കിയിട്ടില്ലെന്ന അരുണ്‍ സിങിന്റെ സ്ഥിരീകരണം എത്തിയിരിക്കുന്നത്.
‘ചില വ്യക്തികള്‍ ഇത്തരത്തില്‍ അവകാശവാദം ഉന്നയിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മാധ്യമ വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍, പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അവലോകനം നടത്തുന്നതിനും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും പാര്‍ട്ടിക്ക് സ്വന്തമായ സംവിധാനങ്ങളുണ്ട്. അതിനാല്‍ മൂന്നംഗ സമിതിയെ നിയോഗിച്ചുവെന്ന തരത്തില്‍ പുറത്തുവന്ന വാര്ത്തകളെപ്പറ്റി സംസ്ഥാന നേതൃത്വത്തോട് ചോദിച്ച് സ്ഥിരീകരിക്കാന്‍ തയ്യാറാകണം’, അരുണ്‍ സിങ് പറയുന്നിങ്ങളനെ.
ഡല്‍ഹിയിലെത്തിയ കെ സുരേന്ദ്രന് പിന്തുണ നല്‍കുന്നതാണ് ഈ സ്ഥിരീകരണമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ അഭിപ്രായപ്പെടുന്നത്. കുഴല്‍പ്പണ ആരോപണങ്ങളും പാര്‍ട്ടിയിലെ ആഭ്യന്തര കലഹങ്ങളും രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ സുരേന്ദ്രനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാവുമെന്ന വിലയിരുത്തലുകളുമുണ്ടായിരുന്നു. സുരേന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കേരളത്തിന്റെ ചുമതലയുള്ള ബിഎല്‍ ,സന്തോഷും സമിതിയെ നിയമിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചിരുന്നു.