കോഴിക്കോട്: കൊടകര കുഴല്പണക്കേസ് അന്വേഷണം ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രനിലേക്ക് എത്തി നില്‍ക്കവെ, ഒളിയമ്പുമായി മുതിര്‍ന്ന പാര്‍ട്ടി നേതാവും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ സികെ പത്മനാഭന്. രാഷ്ട്രീയം മലീമസമായെന്നും ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘പരിസ്ഥിതി മാത്രമല്ല, രാഷ്ട്രീയവും മലീമസമായി. ഉപ്പുതിന്നവന്‍ ആരാണോ അവര്‍ വെള്ളം കുടിക്കും. അത് പ്രകൃതി നിയമമാണ്. ഈ പരിസ്ഥിതി ദിനത്തില്‍ എനിക്ക് അതുമാത്രമാണ് പറയാനുള്ളത്’, സികെ പത്മനാഭന് പറയുന്നതിങ്ങനെ. മറ്റ് പ്രതികരണങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊടകര കുഴല്‍പണ കേസില്‍ കെ സുരേന്ദ്രന്രെ സെക്രട്ടറിയെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്. സുരേന്ദ്രന്റെ ഡ്രൈവറെയും ചോദ്യം ചെയ്തേക്കും. അതിനിടെ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപിയുടെ മൊഴിയെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ധര്‍മ്മരാജനും സംഘവും എത്തിയിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.