‘ഹെലികോപ്ടര്‍ രാഷ്ട്രീയം കേരളത്തിലെ ജനങ്ങള്‍ ഉള്‍ക്കൊള്ളില്ല’; ബിജെപിയെ തല്ലിയും പിണറായിയെ തലോടിയും സികെ പദ്മനാഭന്‍

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നേതൃത്വത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചും പിണറായി വിജയനെ പുകഴ്ത്തിയും ബിജെപി ദേശീയ സമിതി അംഗം സികെ പദ്മനാഭന്‍. സംസ്ഥാന രാഷ്ട്രീയത്തിന്റെ മര്‍മ്മം മനസിലാക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടു. സംഘടനാ സംവിധാനത്തില്‍ അടിസ്ഥാനപരമായ മാറ്റം വരണം. എല്‍ഡിഎഫിന്റെ വിജയത്തില്‍ പിണറായി വിജയന്റെ വ്യക്തി പ്രഭാവത്തിന് വലിയ പങ്കുണ്ടെന്നും സികെ പദ്മനാഭന്‍ പറഞ്ഞു.

കെ സുരേന്ദ്രന്‍ രണ്ട് സീറ്റുകളില്‍ മത്സരിച്ചതിനെതിരെയും അദ്ദേഹം വിമര്‍ശിച്ചു. ഹെലികോപ്ടര്‍ രാഷ്ട്രീയം കേരളത്തില്‍ ചെലവാകില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഈ ഹെലികോപ്ടര്‍ രാഷ്ട്രീയമൊന്നും കേരളത്തിലെ ജനങ്ങള്‍ ഉള്‍ക്കൊള്ളില്ല. അതൊക്കെ വടക്കേ ഇന്ത്യയില്‍ ചെലവാകുന്ന തന്ത്രങ്ങളാണ്. അതൊന്നും കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ചെലവാകില്ല എന്നത് സത്യമാണ്’.

‘രണ്ട് സ്ഥലത്ത് സുരേന്ദ്രന്‍ അവസാന നിമിഷം മത്സരിക്കാന്‍ തീരുമാനിച്ചത് എന്തിനാണെന്ന കാര്യത്തില്‍ എനിക്ക് വ്യക്തതയില്ല. അതൊക്കെയൊരു പരീക്ഷമായിരുന്നു. ആ പരീക്ഷണം പരായപ്പെട്ടെന്ന യാഥാര്‍ത്ഥ്യവും അംഗീകരിക്കണം. ഇക്കാര്യത്തില്‍ എല്ലാത്തലത്തിലും വേണ്ടത്ര കൂടിയാലോചന നടന്നിട്ടില്ല. മത്സരക്കുന്നവര്‍ ആ മണ്ഡലത്തില്‍തന്നെ ശ്രദ്ധിക്കണമെന്ന നിര്‍ദ്ദേശം ദേശീയ നേതൃത്വം നല്‍കയിരുന്നതാണ്. ഉപതെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകണമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. രണ്ട് മണ്ഡലത്തില്‍ നിന്നത് ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി. കേരളത്തിലെ പൊതുബോധത്തെ മനസിലാക്കണം. അത് നടന്നില്ലെങ്കില്‍ പരാജയമായിക്കും ഫലം’, സികെ പദ്മനാഭന്‍ പറഞ്ഞു.

തുടര്‍ഭരണം ജനങ്ങളുടെ മനസില്‍ കുറേക്കാലമായുണ്ടായിരുന്ന സ്വപ്‌നമാണെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പിണറായി വിജയന്‍ അര്‍ഹിക്കുന്ന വിജയം തന്നെയാണ് തുടര്‍ഭരണം. സര്‍ക്കാര്‍ ചെയ്ത കുറേക്കാര്യങ്ങളുണ്ട്. അതില്‍ കുറ്റം മാത്രം കാണുന്നത് ശരിയല്ല. ശരി ചെയ്യുമ്പോള്‍ ശരിയെന്ന് പറയുന്ന പ്രതിപക്ഷമുണ്ടാകണം. അല്ലാതെ കണ്ണുമടച്ച് എന്തിനെയും എതിര്‍ക്കുന്ന വികലമായ ജനാധിപത്യ ബോധത്തിന്റെ തകരാറുകളൊക്കെ പ്രതിപക്ഷത്തിനുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊവിഡ് പ്രതിരോധത്തില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മികച്ച കാര്യക്ഷമത സര്‍ക്കാര്‍ കാണിച്ചിട്ടിണ്ട്. പിണറായി വിജയന്‍ തുടരട്ടേ. അതൊരു ദോഷമല്ലെന്നും പദ്മനാഭന്‍ പറയുന്നു.

‘ഇവിടെയുള്ള സംവിധാനത്തില്‍ അടിസ്ഥാനപരമായ മാറ്റമുണ്ടാവണം. താഴേത്തലങ്ങളില്‍ എന്തും സഹിച്ച് പ്രവര്‍ത്തിക്കുന്നവരുണ്ട്. ആത്മാര്‍ത്ഥതയും സത്യസന്ധതയുമുള്ള ആളുകള്‍. അവരെ വിശ്വാസത്തിലെടുത്ത് അവരെ പരിഗണിച്ചും ചേര്‍ത്തുപിടിച്ചും മുന്നോട്ടുപോയാല്‍ മാത്രമേ രക്ഷപെടാന്‍ സാധിക്കൂ’. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ആശയക്കുഴപ്പവും അവ്യക്തതയും പല മണ്ഡലത്തിലുമുണ്ടായത് മുന്നോട്ടുപോക്കിനെ തടസപ്പെടുത്തി. ബിജെപിയെ സംബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.