ഭാവിയില്‍ പത്ത് രൂപക്ക് പെട്രോള്‍ ലഭിക്കുമെന്ന് ബിജെപി നേതാവ്; ‘കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുകള്‍ അതിന് സഹായിക്കും’

പനാജി: ആവശ്യത്തിനുള്ള സുസ്ഥിര ഊര്‍ജ്ജം (ഗ്രീന്‍ എനര്‍ജി) സ്വന്തമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുകള്‍ വിജയിക്കുന്നതോടെ ഭാവിയില്‍ പെട്രോള്‍ വില ലിറ്ററിന് 10 രൂപ എന്ന നിലവാരത്തിലേക്ക് മാറുമെന്ന് ഗോവ ബിജെപി ജനറല്‍ സെക്രട്ടറി ദാമു നായിക്ക്. പെട്രോള്‍ ഇറക്കുമതി ചെയ്യുന്നത് കൊണ്ടാണ് ഇന്ത്യയില്‍ പെട്രോളിന് വില കൂടുതലെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന തക്കാളി പോലെയല്ല പെട്രോള്‍. തക്കാളി നമുക്ക് വേണമെങ്കില്‍ സൗജന്യമായി വരെ നല്‍കാവുന്ന അവസ്ഥയുണ്ട്. ഇറക്കുമതി ചെയ്യുന്നത് കൊണ്ടാണ് ഇന്ത്യയില്‍ പെട്രോളിന് ഇത്ര വില കൂടുന്നതെന്ന് ദാമു നായിക്ക് പറഞ്ഞു.

പ്രശ്‌നം മനസ്സിലാക്കുന്നു. കുതിക്കുന്ന വിലയെ കുറിച്ചും. പക്ഷെ ഇക്കാര്യത്തില്‍ നടക്കുന്ന നീക്കങ്ങളുടെ വേഗത അനുസരിച്ച് ഭാവിയില്‍ പെട്രോള്‍ 100 രൂപക്കല്ല, 20 രൂപക്കോ 10 രൂപക്കോ ആയിരിക്കും വില്‍ക്കുകയെന്നും ദാമു നായിക്ക് പറഞ്ഞു.

എന്ത് കൊണ്ടാണ് അദ്ദേഹം( പ്രധാനമന്ത്രി) സുസ്ഥിര ഊര്‍ജ്ജത്തിലും സൗരോര്‍ജ്ജത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്?. ഈ കാര്യങ്ങളെ കുറിച്ച് നിങ്ങള്‍ ആലോചിക്കണം. കല്‍ക്കരിയെ മാറ്റി സൗരോര്‍ജ്ജത്തെ മുന്നിലേക്ക് കൊണ്ടുവരാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്.

ദാമു നായിക്ക്